കൊച്ചി: പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന ഡോക്ടര്‍മാരുടെ എണ്ണത്തിലെ വര്‍ദ്ധനവും ജോലി സാധ്യതകളിലെ കുറവും മൂലം വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ആയൂര്‍വ്വേദ മേഖലയ്ക്ക് പുത്തന്‍ പ്രതീക്ഷ നല്കി ഗ്ലോബല്‍ ആയൂര്‍വ്വേദ ഫെസ്റ്റിവലില്‍ (ജി.എ.എഫ്) രണ്ട് ധാരണാ പത്രങ്ങള്‍ കൂടി ഒപ്പുവെച്ചു.
ആയൂര്‍വ്വേദ റഷ്യന്‍ ഇന്ത്യന്‍ അസ്സോസിയേഷന് (എ.ആര്.ഐ.എ), കൊറിയന്‍ ഇന്ത്യന്‍ ആയൂര്‍വ്വേദ യോഗാ അസ്സോസിയേഷന് (കെ.ഐ.എ.വൈ.എ) എന്നീ സംഘടനകളുമായി ആയൂര്‍വ്വേദ ഹോസ്പിറ്റല്‍ മെഡിക്കല്‍ അസ്സോസിയേഷനാണ് (എ.എച്ച്.എം.എ) മാനവ വിഭവശേഷി കൈമാറ്റത്തിന് ധാരണാ പത്രം ഒപ്പുവെച്ചത്.
ഈ രാജ്യങ്ങളില്‍ നിന്നും ആയൂര്‍വ്വേദ തുടര്‍ ചികിത്സയ്ക്കായി രോഗികളെ കേളത്തിലേക്ക് അയയ്ക്കാനും ഇവിടെ നിന്ന് ഡോക്ടര്‍മാരേയും പാരാ മെഡിക്കല്‍ വിദഗ്ദ്ധരേയും ഈ രാജ്യങ്ങളിലേക്ക് അയയ്ക്കാനുമാണ് ധാരണ ആയിരിക്കുന്നതെന്ന് എ.എച്ച്.എം.എ ജനറല്‍ സെക്രട്ടറി ഡോക്ടര്‍ ബേബീ കൃഷ്ണ പറഞ്ഞു.
ഇതിന് പുറമെ എമിറേറ്റ്സ് ആയൂര്വ്വേദയുമായി സഹകരിച്ച് ദുബായില്‍ ആയൂര്‍വ്വേദ എക്സ്പോ നടത്താനും എ.എച്ച്.എം.എയ്ക്ക് പദ്ധതിയുണ്ട്. ജി.എ.എഫില്‍ എത്തിയ വിദേശ രാജ്യങ്ങളിലെ സ്ഥാപനങ്ങളുമായി ധാരണയില്‍ എത്തിയതിന് പുറമെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ആയൂര്‍വ്വേദ ഇന്‍സ്റ്റിസ്റ്റ്യൂട്ടുകള്‍ സ്ഥാപിക്കാനും പലരും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. നമ്മുടെ ആയൂര്‍വ്വേദ ഡോക്ടര്‍മാര്‍ക്ക് മികച്ച ജോലി സാധ്യതകളാണ് ഇതെല്ലാം തുറന്ന് തരുന്നതെന്ന് ഡോക്ടര്‍ ബേബീ കൃഷ്ണ പറഞ്ഞു.
കേരളത്തിലെ 17 ആയൂര്‍വ്വേദ കോളേജുകളില്‍ നിന്നായി 1,000-ത്തിനടുത്ത് ആയൂര്‍വ്വദ ഡോക്ടര്‍മാരാണ് ഓരോ വര്‍ഷവും പഠിച്ച് ഇറങ്ങുന്നത്. ഇതില്‍ 90 ശതമാനവും പെണ്‍കുട്ടികളാണ്. എന്നാല്‍ ഇവര്‍ക്കെല്ലാമുള്ള തൊഴിലവസരങ്ങള്‍ കേരളത്തിലില്ല. അതുകൊണ്ട് തന്നെ കോഴ്സ് പൂര്‍ത്തിയാക്കുന്ന 20 ശതമാനം പേര് മാത്രമാണ് പ്രാക്ടീസ് തുടരുന്നത്. ഈ രീതിയ്ക്ക് മാറ്റം വരാന്‍ ഗവണ്മെന്റ് പി.എസ്.സി വഴി കൂടുതല്‍ നിയമനങ്ങള്‍ നടത്തണമെന്ന് ഫെസ്റ്റിവലിനെത്തിയ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ഗ്ലോബല്‍ ആയൂര്‍വ്വേദ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നാല് ദിവസമായി തുടരുന്ന അന്താരാഷ്ട്ര സെമിനാര്‍ ഇന്ന് സമാപിച്ചു. അന്താരാഷ്ട്ര പ്രശസ്തരായ നിരവധി പ്രഭാഷകര്‍ വിവിധങ്ങളായ വിഷയങ്ങളില്‍ പ്രഭാഷണം നടത്തിയിരുന്നു. ഗ്ലോബല്‍ ആയൂര്‍വ്വേദ ഫെസ്റ്റിവലിന്റെ സമാപന ചടങ്ങ് ഇന്ന് കേന്ദ്ര ഭക്ഷ്യ വകുപ്പ് സഹമന്ത്രി പ്രൊഫസര്‍ കെ.വി. തോമസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: