ആധ്യാത്മികജീവിയുടെ സേവനവും ഇവന്റെ സാധനയാണ്. എല്ലാ ബന്ധങ്ങളില്‍ നിന്നും മുക്തനാവുകയെന്നതാണ് അവന്റെ ലക്ഷ്യം. പരിപൂര്‍ണസ്വാതന്ത്ര്യമാണ് അവന് ഇച്ഛിക്കുന്നത്. ആ ലക്ഷ്യത്തെ സാക്ഷാത്കരിക്കാന്‍ വേണ്ട മനഃശുദ്ധിയും നിസ്സംഗതയും നേടാനാണ് സേവനം ചെയ്യുന്നത്. ഈശ്വരനോടുള്ള സ്നേഹവും സമര്‍പ്പണവുമുണ്ടെങ്കില്‍ എന്റേതെന്നെ ചിന്തയില്ലാതെതന്നെ വൃത്തിയായി കര്‍മം ചെയ്യുവാന്‍ സാധിക്കും. നമ്മള് ശ്രമിക്കുന്നു, ഫലം അവിടുത്തെ ഇച്ഛപോലെയാകട്ടെ എന്നു ചിന്തിക്കണം. സേവനമാണെങ്കിലും മമത വന്നാല്‍ അത് നമ്മളെ ബന്ധിക്കും. യാതൊരു പ്രതീക്ഷയും കൂടാതെ വേണം സേവനം ചെയ്യുവാന്‍. മറ്റുള്ളവര്‍ മുള്ളു വാരിയെറിയുമ്പോള്‍ തിരിയെ മുല്ലപ്പൂവ് നല്‍കാനും പാഷാണത്തിന് പകരം തിരിയെ പാല്‍പ്പായസം കൊടുക്കുവാനുമുള്ള മനസ്സാണ് നമുക്കുണ്ടായിരിക്കുന്നത്. സേവനത്തിന്റെ ലക്ഷ്യം തന്നെ ഇങ്ങനെയുള്ള ഒരു മനസ്സ് നേടുകയെന്നുള്ളതാണ്. എല്ലാവരെയും ഈശ്വരനായി കണ്ടുകൊണ്ടുവേണം സേവനം ചെയ്യാന്‍. തന്റെ ഓരോ പ്രവൃത്തിയും ഈശ്വരപൂജയായി മാറണം. അപ്പോള്‍ ഓരോ കര്‍മവും ഈശ്വരമന്ത്രത്തിന് തുല്യമാകും.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: