ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിലെ ഏഴ് പ്രതികളെയും വിട്ടയയ്ക്കാന് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു. ശ്രീലങ്കന്‍ സ്വദേശികളായ മുരുകന് എന്ന വി.ശ്രീഹരന്, ശാന്തന് എന്ന ടി.സുതേന്ദ്ര രാജ, തമിഴ്നാട് സ്വദേശികളായ അറിവു എന്ന എ.ജി.പേരറിവാളന്, നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, ജയചന്ദ്രന് എന്നിവര്‍ ഉടന്‍ മോചിതരാകും. മന്ത്രിസഭാ ശുപാര്‍ശയില്‍ കേന്ദ്ര സര്‍ക്കാര്‍ മൂന്നു ദിവസത്തിനകം തീരുമാനം എടുത്തില്ലെങ്കില്‍ സ്വന്തം അധികാരം ഉപയോഗിക്കുമെന്ന് ജയലളിത മുന്നറിയിപ്പ് നല്കി.
കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്ന് കുറ്റവാളികളുടെ ശിക്ഷ ജീവപര്യന്തമായി കുറച്ച സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് കുറ്റവാളികളെ വിട്ടയയ്ക്കാന് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രതികളുടെ മോചനകാര്യത്തില്‍ തീരുമാനം എടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചാണ് ഇന്ന് രാവിലെ അടിയന്തിര മന്ത്രിസഭായോഗം ചേര്‍ന്ന് പ്രതികളെ ജയില്‍ മോചിതരാക്കാന്‍ ശുപാര്‍ശ ചെയ്തത്. മന്ത്രിസഭാ തീരുമാനം മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ജയലളിതയുടെ തീരുമാനമെന്നാണ് സൂചന. പേരറിവാളന്റെ മോചനം താരതമ്യേന എളുപ്പമാണെന്ന നിയമോപദേശം ജയലളിതക്ക് ലഭിച്ചിട്ടുണ്ട്. പേരറിവാളനെ ആദ്യം പുറത്തുവിടുകയും മറ്റ് മൂന്ന് പേരെയും പിന്നാലെ പുറത്തുവിടാനുമാണ് ശ്രമം. ഇവരുടെ മോചനത്തിലൂടെ എഐ.എ.ഡി.എം.കെയുടെ വിജയസാധ്യത വര്ധിപ്പിക്കാനാകുമന്നാണ് ജയലളിതയുടെ കണക്കുകൂട്ടല്‍. 2011 സെപ്റ്റംബര്‍ ഒമ്പതിനായിരുന്നു പ്രതികളുടെ വധശിക്ഷ നടപ്പാക്കാനിരുന്നത്.
ദയാഹര്‍ജി പരിഗണിക്കുന്നതില്‍ വന്ന കാലതാമസമാണ് കുറ്റവാളികളുടെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുന്നതിന് കാരണമായത്. ശിക്ഷയില്‍ ഇളവു അനുവദിക്കരുതെന്ന കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ നിലപാടിനെ സുപ്രീംകോടതി തള്ളിക്കളയുകയായിരുന്നു. 1991 മെയ് 21നാണ് രാജീവ് ഗാന്ധി വനിതാചാവേര്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെടുന്നത്. 1998 ല്‍ കേസ് പരിഗണിച്ച പ്രത്യേക കോടതി പ്രതികളെന്ന് കണ്ട 26 പേര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ 2000 ല്‍ കേസ് സുപ്രീംകോടതിയിലെത്തിയപ്പോള്‍ വധശിക്ഷ നാല് പേര്‍ക്ക് മാത്രമായി കുറച്ചു.
പേരറിവാളന്, ശാന്തന്, മുരുകന് എന്നിവരെ കൂടാതെ നളിനിയെയും വധശിക്ഷയ്ക്ക് വിധിച്ചിരുന്നെങ്കിലും ഇതേവര്‍ഷം തന്നെ നളിനിയുടെ ശിക്ഷ തമിഴ്നാട് ഗവര്‍ണര്‍ ജീവപര്യന്തമായി കുറച്ചിരുന്നു. തമിഴ്നാട് മന്ത്രിസഭയുടേയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടേയും ഇടപെടലുകളെ തുടര്‍ന്നായിരുന്നു വിധിയില്‍ ഇളവ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: