പത്തനംതിട്ട: ആറന്മുള വിമാനത്താവളം സംബന്ധിച്ച് സമരസമിതി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തണമെന്ന കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ നിര്‍ദ്ദേശം അപ്രസക്തമാകുന്നു. പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നതുവരെയാണ് വിമാനത്താവള വിരുദ്ധ ഏകോപന സമിതി സമരം പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ഘട്ടത്തില്‍ ഒത്തുതീര്‍പ്പിനായി ഒരു ചര്‍ച്ച സമിതി പ്രവര്‍ത്തകര്‍ അംഗീകരിക്കുന്നില്ല. ചര്‍ച്ചയിലൂടെ പ്രശ്നപരിഹാരമുണ്ടാകണമെങ്കില് ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകേണ്ടിവരും. ആറന്മുളയില് ഇത്തരമൊരു നീക്കത്തിന് സമരസമിതി പ്രവര്‍ത്തകര്‍ തയ്യാറല്ല. ആറന്മുളയിലേത് സ്വകാര്യ വിമാനത്താവള പദ്ധതിയായതിനാല്‍ ചര്‍ച്ച ഏതുതലത്തില്‍ നടത്തണമെന്നുള്ള സാങ്കേതികത്വവും നിലനില്‍ക്കുന്നുണ്ട്. കേവലം പത്തുശതമാനം ഓഹരിയെടുത്തിട്ടുള്ള സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ സ്വതന്ത്രമായ നിലപാടെടുക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് ചര്‍ച്ച അപ്രസക്തമാണെന്ന വാദം ഉയരുന്നത്.
വിമാനത്താവള നിര്‍മ്മാണത്തിന്റെ പിന്നിലുണ്ടായ നിയമലംഘനങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് സമിതി ആവശ്യപ്പെടുന്നത്. ഏറെ നാളുകളായി സമരസമിതി ഉന്നയിച്ച ആവശ്യങ്ങളിലൊന്നാണിത്. എന്നാല്‍ ഇക്കാര്യത്തില്‍ നിഷേധാത്മക നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. കെജിഎസ് ഗ്രൂപ്പിന്റെ സ്വാധീനമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്.
ആറന്മുള സമരത്തിന്റെ തുടക്കത്തില്‍തന്നെ പിന്തുണയുമായെത്തിയ കോണ്‍ഗ്രസ് നേതാവാണ് വി.എം.സുധീരന്. ചര്‍ച്ച നടത്തണമെന്ന അദ്ദേഹത്തിന്റെ നിര്‍ദ്ദേശം സദുദ്ദേശപരമാണെന്നും ആ നല്ലമനസ്സിനെ സ്വാഗതം ചെയ്യുന്നതായും സമരസമിതി നേതാക്കള്‍ സൂചിപ്പിച്ചു. എന്നാല്‍ സുധീരന്റെ നിര്‍ദ്ദേശത്തിന് പാര്‍ട്ടിയില്‍ പിന്തുണ നേടാനായില്ല എന്നത് അദ്ദേഹത്തിന് തിരിച്ചടിയായിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെ സുധീരന്റെ നിലപാടിനെതിരേ രംഗത്തെത്തിയത് ആറന്മുള വിമാനത്താവള നിര്‍മ്മാണം സംബന്ധിച്ച് സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുന്നു. വിമാനത്താവള പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുമായി ഏറെ മുന്നോട്ട് പോയതിനാല്‍ ഒരു പിന്മാറ്റം അസാദ്ധ്യമാണെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയത്.
മുഖ്യമന്ത്രി കെജിഎസ് ഗ്രൂപ്പിന് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെ കെപിസിസി അദ്ധ്യക്ഷന്‍ വി.എം.സുധീരന്റെ നിര്‍ദ്ദേശം സര്‍ക്കാര്‍തലത്തില്‍ അപ്രസക്തമാകുകയായിരുന്നു. ആറന്മുള വിമാനത്താവളം സംബന്ധിച്ച് നിലപാടില്‍ സുധീരനെ പിന്തുണയ്ക്കുന്നവര്‍ പാര്‍ട്ടിക്കുള്ളില്‍ വിരളമാണ്. അതിനാല്‍ സുധീരന്റെ നിര്‍ണ്ണായക നിര്‍ദ്ദേശം ഭരണതലത്തില്‍ ചലനംസൃഷ്ടിക്കില്ലെന്നാണ് സൂചന. വിമാനത്താവള നിര്‍മ്മാണത്തിന്റെ അനുമതികള്‍ നേടുന്നതിന്. വഴിവിട്ട സഹായങ്ങള്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും ചെയ്തതിന്റെ നിരവധി തെളിവുകള്‍ ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ സുധീരന്റെ ഈ നിര്‍ദ്ദേശം കോണ്‍ഗ്രസിന് തലവേദനയായേക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: