തൃശൂര്‍: ഇന്ത്യന്‍ സൈന്യത്തെ മോശമായി ചിത്രീകരിച്ചതിന്റെ പേരില്‍ പ്രദര്‍ശനാനുമതി നിഷേധിക്കുകയും നിരോധിക്കുകയും ചെയ്ത സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ വന്‍ പ്രതിഷേധം. തൃശൂരില്‍ വിബ്ജിയോര്‍ ഫിലിം മേളയിലാണ് കാശ്മീരില്‍ നിരോധിച്ച സിനിമ റീജ്യണല്‍ തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇന്നലെ അരങ്ങേറിയത്. പൂര്‍വസൈനിക സേവാപരിഷത്ത് തീയേറ്ററിലേക്ക് മാര്‍ച്ച് നടത്തി. ബിഎംഎസ് അഖിലേന്ത്യ പ്രസിഡണ്ട് അഡ്വ. സി.കെ.സജിനാരായണന്‍ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
കാശ്മീരിലെ ഭീകരവാദികളെ പിന്തുണക്കുന്ന, ബിലാല്‍ എ ജാന്‍ സംവിധാനം ചെയ്ത ചിത്രമാണ് പ്രദര്‍ശിപ്പിച്ചത്. ഇതുവഴി സര്‍ക്കാര്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഉള്‍പ്പടെയുള്ളവര്‍ വ്യാജമാണെന്ന് കണ്ടെത്തിയ ഒരു സംഭവത്തെ ആസ്പദാക്കി നിര്‍മ്മിച്ച ചിത്രം ഭീകരവാദികളുടെ പ്രചാരണയുദ്ധത്തിന്റെ ഭാഗമായാണ് ഫിലിം മേളയില്‍ പ്രദര്‍ശിപ്പിച്ചത്.
ഈ സംഭവത്തെ സംബന്ധിച്ച് അന്വേഷണം നടത്തിയ മാധ്യമ – സര്‍ക്കാര്‍ ഏജന്‍സികളുടെ വിശദീകരണം ഈ ഡോക്യുമെന്ററിയില്‍ ഒഴിവാക്കിയത് സംവിധായകന്റെ ദുരുദ്ദേശംവ്യക്തമാക്കുന്നുവെന്നും സജി നാരായണന് കുറ്റപ്പെടുത്തി. അഡ്വ. ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, രവികുമാര്‍ ഉപ്പത്ത്, അഡ്വ. ബി.ഗോപാലകൃഷ്ണന്, ടോണി പോള്‍ ചാക്കോള, സുരേഷ്, അഡ്വ. കെ.കെ.അനീഷ്കുമാര്‍, നാഷണല്‍ എക്സ് സര്‍വീസ്മെന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി തൃശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി അശോകന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: