ആറന്മുള : മഹാജ്യോതിയും പാല്‍പ്പായസവുമായി അമ്പലപ്പുഴ നിവാസികള്‍ ആറന്മുളയിലെ വിമാനത്താവളത്തിനെതിരേയുള്ള സത്യാഗ്രഹപന്തലിലെത്തിയപ്പോള് രണ്ട് കാര്‍ഷിക ഗ്രാമങ്ങള്‍ തമ്മിലുണ്ടായിരുന്ന പൂര്വ്വകാലബന്ധത്തിന്റെ ഉജ്വലസ്മരണകള്‍ വീണ്ടും ഉണര്‍ന്നു. അതു സത്യാഗ്രഹികള്‍ക്ക് പുത്തന്‍ ഉണര്‍വേകി.
ആറന്മുള വിമാനത്താവളത്തിനെതിരെ ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള പുത്തരിയാലിന്റെ മുമ്പില്‍ നിന്നും സത്യാഗ്രഹികള്‍ ആരംഭിച്ച പ്രകടനത്തില്‍ അമ്പലപ്പുഴ പേട്ടകെട്ടു സംഘാംഗങ്ങള്‍ ഗുരുസ്വാമി കളത്തില്‍ ചന്ദ്രശേഖരന്റെ നേത്യത്വത്തില്‍ അണിചേര്‍ന്നു.
ആറന്മുള വിമാനാത്താവളത്തിനെതിരെ അനിശ്ചിതകാല സത്യാഗ്രഹസമരത്തിന്റെ മൂന്നാം ദിവസ പരിപാടികള്‍ ആറന്മുള ക്ഷേത്രം തന്ത്രിയും യോഗക്ഷേമസഭയുടെ സംസ്ഥാന പ്രസിഡന്റുമായ അക്കീരമണ്‍ കാളിദാസന് ഭട്ടതിരിപ്പാട് ഭദ്രദീപപ്രതിഷ്ഠ നടത്തി ഉദ്ഘാടനം ചെയ്തു. കാവും കുളവും ക്ഷേത്രവും കുന്നും വയലും നദിയും ആറന്മുളയുടെ ആത്മാവിഷ്കാരങ്ങളാണെന്നും കാര്‍ഷികസംസ്കൃതിയുടെ തിരിച്ചുവരവിലൂടെ മാത്രമേ നാടിന് രക്ഷയുള്ളൂവെന്നും കാളിദാസഭട്ടതിരിപ്പാട് അഭിപ്രായപ്പെട്ടു. ആറന്മുള ക്ഷേത്രത്തിന്റെ ഒരു കല്ലിനു പോലും മാറ്റമുണ്ടാകരുത്, തന്ത്രശാസ്ത്ര വിധിപ്രകാരം പണിയിച്ച അതിപുരാതനമായ ക്ഷേത്രം നാടിന്റെ അഭിമാനമാണ്. പദ്ധതിപ്രദേശത്തെ തെച്ചിക്കാവ്, അരിങ്ങോട്ടുകാവ്, കണ്ണങ്ങാട്ടുമഠം തുടങ്ങിയവ നശിപ്പിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. വിശ്വാസപ്രമാണങ്ങള്‍ ഇല്ലാതാക്കുന്നവര്‍ക്ക് വന്‍ തിരിച്ചടിയെ നേരിടേണ്ടിവരും. മൂല്യങ്ങള്‍ക്കു വേണ്ടിയുള്ള നിരന്തരമായ പോരാട്ടങ്ങള്‍ ഇനിയും തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തില്‍ പരിസ്ഥിതിക്കു വേണ്ടി നടന്നിട്ടുള്ള എല്ലാ സമരങ്ങളെയും ഭരണാധികാരികള്‍ വഞ്ചിക്കുകയും എതിര്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ധ്യക്ഷത വഹിച്ച പ്രശസ്ത പരിസ്ഥിതി പ്രവര്ത്തകന് ഡോ. സി.എം.ജോയി വ്യക്തമാക്കി. പ്രകൃതിയെ നശിപ്പിക്കുന്ന വിനാശകരമായ പ്രവണതകള്‍ക്കെതിരെ ജനകീയ പ്രതികരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതിയാണ് നമ്മുടെ സംസ്കൃതിയെന്ന തിരിച്ചറിവ് നഷ്ടപ്പെട്ടതാണ് ഇക്കാലത്തെ ഏറ്റവും വലിയ ഭീഷണിയെന്ന് കവി പി.നാരായണക്കുറുപ്പ് സമാപന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. അമ്പലപ്പുഴ പേട്ടകെട്ട് സംഘം പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന് ഗുരുസ്വാമി, വിവിധ സംഘടനാ പ്രതിനിധികളായ സി.ബാബു, വത്സമ്മ മാത്യു, അഡ്വ.തോമസ് മാത്യു, അഡ്വ. സനല്‍കുമാര്‍, ആറന്മുള വിജയകുമാര്‍, പി.ഡി.മോഹനന്, പി.കെ.വിജയന്, കവി.സുമേഷ് കൃഷ്ണന്, പി.ഇന്ദുചൂഡന്, പി.ആര്.ഷാജി,കെ.ഐ.ജോസഫ്, സുബീഷ്കുമാര്‍,എന്നിവര്‍ സംസാരിച്ചു. സിപിഎം ജില്ലാ കമ്മറ്റി അംഗം കെ.എം.ഗോപി സ്വാഗതം പറഞ്ഞു.
നാലാം ദിവസമായ ഇന്ന് ചലചിത്രസംവിധായകനും തിരകഥാകൃത്തുമായ രഞ്ജി പണിക്കര്‍ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും.പ്രമുഖ ഗാന്ധിയന്‍ ഡോ.എം.പി.മത്തായി സത്യാഗ്രഹികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: