കൊച്ചി: ഓരോ മുഖങ്ങളിലും കാണുന്നത് ഓരോരോ വികാരങ്ങളാണ്. അവയാകട്ടെ പല സാഹചര്യങ്ങള്‍ സംഭാവനചെയ്യുന്നതും. വിലക്കയറ്റവും തൊഴിലില്ലായ്മയും പീഡനവും വര്‍ഗീയ അസഹിഷ്ണുതയുമെല്ലാം ചേരുമ്പോള്‍ മുഖങ്ങളില്‍ പടരുന്ന സ്ഥായിയായ ഭാവം ദുഃഖത്തിന്റേതായിരിക്കും. തനിക്കു ചുറ്റുമുള്ള മുഖങ്ങളില്‍ നിന്ന് അത്തരത്തില്‍ സമൂഹത്തിന്റെ പരിച്ഛേദം സൃഷ്ടിക്കുകയാണ് പി.എസ്.ജലജ എന്ന കലാകാരി. ജന്മം കൊണ്ടും പഠനം കൊണ്ടും ജീവിതം കൊണ്ടും കൊച്ചിക്കാരിയാണെങ്കിലും ജലജയുടെ കലാസൃഷ്ടികള്‍ ദേശാതിവര്‍ത്തിയാകുന്നത് നിന്ദിതരുടെയും പീഡിതരുടെയും വികാരങ്ങള്‍ എല്ലായിടത്തും ഒരുപോലെയായതിനാലാണ്. ഫോര്‍ട്ട് കൊച്ചി കാശി ആര്‍ട് ഗ്യാലറിയില്‍ ജനുവരി 25ന് ആരംഭിച്ച ജലജയുടെ ആദ്യത്തെ ഏകാംഗ ചിത്രപ്രദര്‍ശനം തന്നെ ഇതിനു തെളിവ്.
കഴിഞ്ഞ വര്‍ഷം അവസാനം ഇറ്റലിയില്‍ നടന്ന വലിയൊരു കലാ പദ്ധതിയുടെ ഭാഗമായതിനുശേഷം തിരികെ കൊച്ചിയിലെത്തിയശേഷം കിട്ടിയ ഏതാനും ആഴ്ചകള്‍കൊണ്ടാണ് ഫോര്‍ട്ട് കൊച്ചിയിലെ പ്രദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ ജലജ നടത്തിയത്. മനുഷ്യമുഖങ്ങളുപയോഗിച്ച് കലാചാരുത സൃഷ്ടിക്കുന്ന ജലജയ്ക്ക് പ്രദര്‍ശനത്തിലേക്കുള്ള മുഖഭാവങ്ങളെ ഒന്നുകൂടി സമ്പന്നമാക്കാന്‍ ഇറ്റലിയില്‍ നടന്ന ‘ആര്‍ട് റസിഡന്‍സീസ് ഇന്‍ കണ്ടംപററി റെനയ്സന്‍സ്’ എന്ന പരിപാടി കുറച്ചൊന്നുമല്ല സഹായിച്ചത്.
കാശി ആര്‍ട് ഗ്യാലറിയിലെ പ്രദര്‍ശനം ലോകത്തെപ്പറ്റിയുള്ള ജലജയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്നുണ്ട്. അവയുടെ ആഗോളമുഖച്ഛായ പ്രദര്‍ശനത്തെ വ്യതിരിക്തമാക്കുകയും ചെയ്യുന്നു. കഴിഞ്ഞ ആറേഴു വര്‍ഷമായി താന്‍ ഏറ്റവുമധികം ശ്രദ്ധിക്കുന്ന ഒന്നാണ് മനുഷ്യമുഖങ്ങളെന്ന് ജലജ പറയുന്നു. അവ കാണപ്പെടുന്നതെങ്ങനെയെന്നും അവയില്‍ ഭാവങ്ങളുണ്ടാകുന്നതെങ്ങനെയെന്നുമെല്ലാം നിരന്തരം നിരീക്ഷിക്കാറുണ്ടെന്ന് 30 കാരിയായ ജലജ പറയുന്നു.
2006-07 കാലഘട്ടത്തില്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി ഫൈന്‍ ആര്‍ട്സ് കോളജില്‍ ബിരുദത്തിനു പഠിക്കുമ്പോള്‍ മുതല്‍ ജലജ ആളുകളെ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു. അസമയങ്ങളില്‍ സാധാരണ സ്ഥലങ്ങളില്‍ ചെലവഴിക്കുമ്പോള്‍, ഉദാഹരണത്തിന് റയില്‍വേ സ്റ്റേഷനിലെ അര്‍ദ്ധരാത്രിയില്‍, ഇത്തരം മുഖങ്ങള്‍ നിരീക്ഷിക്കുന്നത് തനിക്കൊരു ഹരമാണെന്ന് ജലജ പറഞ്ഞു. പിന്നീട് ജിഗ്സോ പസിലില് എന്നവണ്ണം ആ മുഖങ്ങളെ ജലജ ക്യാന്‍വാസില്‍ പകര്‍ത്തിത്തുടങ്ങി.
2009ല്‍ ഫൈന്‍ ആര്‍ട്സില്‍ മാസ്റ്റര്‍ ബിരുദം നേടിയ ജലജ, രചനയ്ക്കായി താന്‍ സ്വീകരിക്കുന്ന മുഖങ്ങള്‍ ഏതു രാജ്യങ്ങളില്‍ നിന്നു തെരഞ്ഞെടുക്കുന്നതായാലും ആ രാജ്യങ്ങളുടെ ചരിത്രവും മറ്റും മനസ്സിലാക്കിയാണ് ചിത്രരചനയിലേക്കു കടക്കുക. ഇക്കാലത്ത് ആ മുഖങ്ങളിലേറെയും പങ്കുവയ്ക്കുന്നത് സമാനസ്വഭാവമുള്ള ദുരനുഭവങ്ങളായിരിക്കുമെന്ന് ജലജ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലുള്ള പഠനങ്ങളാണ് ജലജയിലെ കലാപ്രവര്‍ത്തനത്തെ മുന്നോട്ടു നയിക്കുന്നത്.
പ്രദര്‍ശനത്തിലെ ചിത്രങ്ങള്‍ കടലാസില്‍ ജലച്ചായം ഉപയോഗിച്ചു വരച്ചവയാണ്. ദക്ഷിണ കൊറിയയിലെ ഗ്വാങ്ങ്ജു ബിനാലെ ഫൗണ്ടേഷന് തയ്യാറാക്കിയ 35 യുവ ഏഷ്യന്‍ ആര്‍ട്ടിസ്റ്റുമാരുടെ പട്ടികയില്‍ ഇടംനേടിയ ജലജയ്ക്ക് 2009ല്‍ കേരള ലളിതകലാ അക്കാദമിയുടെ പുരസ്കാരം ലഭിച്ചിരുന്നു. 2008ല്‍ അക്കാദമിയുടെ ഓണറബിള്‍ മെന്‍ഷനും ലഭിച്ചിരുന്നു. 2005ല്‍ ആര്‍ട്ടിസ്റ്റ് ബാലന് ഫൗണ്ടേഷന്റെ സ്കോളര്‍ഷിപ്പിനും ജലജ അര്‍ഹയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: