ആതുരസേവനത്തിനിടയിലും കണ്ഠമിടറാതെ കഥപറയുകയാണ് കൊല്ലം വിജയലക്ഷ്മി. ഒന്നര ദശാബ്ദങ്ങളായി ഉത്സവപറമ്പുകളിലും സാംസ്കാരികസദസുകളിലും പള്ളിപ്പറമ്പുകളിലും കഥ പറയുന്ന വ്യത്യസ്തയായ വനിത. പടിഞ്ഞാറെകല്ലട പെരുവേലിക്കര ഐശ്വര്യദീപ്തത്തില്‍ വിജയലക്ഷ്മി എന്ന അമ്പതുകാരി കൊല്ലം നീണ്ടകര ഫൗണ്ടേഷന്‍ ആശുപത്രിയില്‍ ഹെഡ്നഴ്സായി സേവനമനുഷ്ഠിക്കുകയാണ്.
പ്രൊഫഷണല്‍ കഥാപ്രസംഗരംഗത്ത് മേറ്റ്ല്ലാ കലാകാരന്മാരും വന്‍വെല്ലുവിളികള്‍ നേരിടുമ്പോള്‍ എതിര്‍പ്പുകളും പ്രതിസന്ധികളും പിന്‍ബലമാക്കിയാണ് കൊല്ലം വിജയലക്ഷ്മി സ്വന്തം കഥാപ്രസംഗം ശ്രോതാക്കളില്‍ എത്തിച്ചത്. 15 വര്‍ഷം മുമ്പ് ശ്രീബുദ്ധന്റെ ജീവിതകഥ പറയുന്ന ദുഃഖമെന്ന സത്യം ആയിരുന്നു അരങ്ങേറ്റ കഥാപ്രസംഗം. വെള്ളനാതുരുത്ത് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ നിറഞ്ഞുകവിഞ്ഞ സദസിനുമുമ്പിലായിരുന്നു ഇത്. ആദ്യത്തെ കഥാവതരണം നല്‍കിയ പ്രോത്സാഹനം വിജയലക്ഷ്മി ഇന്നും ഒളിമങ്ങാതെ ഓര്‍ക്കുന്നു. ഇതിന്റെ കരുത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സധൈര്യം കഥാപ്രസംഗം നടത്തിയ കാഥിക കൂടിയാണിവര്‍.
തിരുവനന്തപുരത്ത് കഥാപ്രസംഗഅക്കാദമിയില്‍ നിന്നും കഥാപ്രസംഗകലയില്‍ പ്രാവീണ്യം നേടിയാണ് കൊല്ലം വിജയലക്ഷ്മി ഈ രംഗത്തേക്ക് കടന്നുവന്നത്. തൊടിയൂര്‍ വസന്തകുമാരിയാണ് വിജയലക്ഷ്മിക്ക് ഗുരുസ്ഥാനീയ. വടക്കന്‍വീരഗാഥകള്‍ കോര്‍ത്തിണക്കിയ കുത്തുവിളക്ക് എന്ന കഥയാണ് ഏറ്റവും കൂടുതല്‍ വേദികളില്‍ അവതരിപ്പിച്ചിട്ടുള്ളത്. വിപ്ലവകാരിയായ നേതാവിനെ അടിച്ചമര്‍ത്തുന്ന മുതലാളിത്തവ്യവസ്ഥിതിയെ ശക്തമായി പ്രതിപാദിക്കുന്ന നിലാവുദിക്കാത്ത രാത്രി എന്ന കഥാപ്രസംഗം വിജയലക്ഷ്മിയുടെ സ്വന്തം രചനയാണ്. കൂടാതെ ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷി, ഇതിഹാസകഥയായ മഹാഭാരതത്തിലെ കര്‍ണന്‍, തമിഴ്‌നാടിന്റെ സ്പന്ദനം പറയുന്ന കണ്ണകി എന്നിവയും വിജയലക്ഷ്മിയുടെ വിജയപാതയിലെ കഥകളാണ്. തിരുവനന്തപുരത്ത് ടൂറിസം വാരാഘോഷത്തില്‍ കഥാപ്രസംഗം ഉള്‍പ്പെടുത്താന്‍ പ്രമുഖ സാമൂഹ്യരാഷ്‌ട്രീയ നേതാക്കളോടെല്ലാം അഭ്യര്‍ത്ഥന നടത്തിയത് വിജയലക്ഷ്മിയാണ്. അതിന്റെ ഫലമായി ഇപ്പോള്‍ കഥാപ്രസംഗം ഉള്‍പ്പെടുത്തിയെങ്കിലും വിജയലക്ഷ്മിയെ അവസാനനിമിഷം കഥ പറയുന്നതില്‍ നിന്നും ഒഴിവാക്കാനുള്ള ശ്രമം തകൃതിയാണ്. ഇതിനെ ചെറുത്ത് ആദ്യം മുതല്‍ക്കെ കഥാപ്രസംഗം നടത്തുന്നത് കൊല്ലം വിജയലക്ഷ്മിക്ക് മറക്കാനാവാത്ത അനുഭവമാണ്. എട്ടുവര്‍ഷമായി ട്രൂപ്പിന് ശക്തിയേകി തബലിസ്റ്റ് പത്മചന്ദ്രന്‍, കീബോര്‍ഡില്‍ റോയി ശാസ്താംകോട്ട, ടൈമിംഗില്‍ ജോസ് കടമ്പനാട്, ഗിത്താറില്‍ ആനന്ദന്‍ കടമ്പനാട്, പാട്ടില്‍ ശ്രീകല എന്നിവരും വിജയലക്ഷ്മിക്കൊപ്പമുണ്ട്.
കഥാപ്രസംഗം അന്യം നിന്നുപോകുന്നു എന്ന പതിവുപല്ലവിയോട് വിജയലക്ഷ്മിക്ക് യോജിപ്പില്ല. അതേസമയം യുവതലമുറ ഈ രംഗത്തേക്ക് കടന്നുവരുന്നില്ലെന്നും അവര്‍ കഥാപ്രസംഗത്തിന് അര്‍ഹമായ സ്ഥാനം നല്‍കുന്നില്ലെന്നും അഭിപ്രായമുണ്ട്. അഞ്ഞൂറിലധികം വേദികളില്‍ കഥ പറഞ്ഞതിന്റെ അനുഭവസമ്പത്തിലും വിനയാന്വിതയായി മാത്രം കാണപ്പെടുന്ന കൊല്ലം വിജയലക്ഷ്മിക്ക് അര്‍ഹമായ അംഗീകാരം ലഭിച്ചിട്ടില്ലെന്നതാണ് വാസ്തവം. കാഥിക എന്നതിനൊപ്പം കവയിത്രി കൂടിയാണ് വിജയലക്ഷ്മി. ഏറ്റവും പുതിയ കവിതാ സമാഹാരമായ ‘നിഴലും നിലാവും’ യുവമേള പബ്ലിക്കേഷന്‍സ് അടുത്തമാസം പുറത്തിറക്കും. കഥാപ്രസംഗപരിപോഷകസമിതി, ജനകീയ കവിതാവേദി എന്നീ സംഘടനകളുടെ നേതൃനിരയിലുള്ള വിജയലക്ഷ്മി സ്കൂള്‍ ഓഫ് സ്പിരിച്വല്‍ സയന്‍സ് എന്ന സംഘടനയുടെ ഡയറക്ടറുമാണ്. രണ്ടു പെണ്‍കുട്ടികളുള്ള വിജയലക്ഷ്മി വിവാഹമോചിതയാണ്.
എ. ശ്രീകാന്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: