കൊച്ചി: റബ്ബര്‍ ഇറക്കുമതിക്ക് നികുതി വര്‍ധിപ്പിച്ചത് റബ്ബര്‍ വിലയിലോ ഇറക്കുമതിയിലോ പെട്ടെന്ന് ചലനം സൃഷ്ടിക്കില്ലെന്ന് നാഷണല്‍ മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് (എന്‍എംസിഇ). ആഭ്യന്തര വിപണിയില്‍ റബ്ബര്‍ വില വര്‍ധിക്കാന്‍ മാസങ്ങള്‍ കഴിയും. കമ്പനികളുടെ പക്കലുള്ള ഡ്യൂട്ടി ഫ്രീ അഡ്വാന്‍സ് ലൈസന്‍സുകള്‍ ഈ സാമ്പത്തിക വര്‍ഷാവസാനം വരെയെങ്കിലും ആഭ്യന്തര റബ്ബര്‍ വിലയില്‍ സമ്മര്‍ദ്ദം ചെലുത്തും. റബ്ബര്‍ ഉപയോഗപ്പെടുത്തുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യാനുസരണം ഇറക്കുമതി നടത്താനുള്ള സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ഏതാനും മാസങ്ങളിലേക്കെങ്കിലും ആഭ്യന്തര റബ്ബര്‍ വില താഴ്ന്നു തന്നെയിരിക്കാനാണ് സാധ്യതയെന്നും നാഷണല്‍ കമ്മോഡിറ്റി എക്സ്ചേഞ്ച് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, റബ്ബര്‍ വാങ്ങുന്നവരുടെ അവസാന ആശ്രയമായി അവധിവ്യാപാരം മാറിയിരിക്കുകയാണെന്ന് എന്‍എംസിഇ മാനേജിംഗ് ഡയറക്ടര്‍ അനില്‍ മിശ്ര ചൂണ്ടിക്കാട്ടി. എന്‍എംസിഇ അംഗീകാരമുള്ള വെയര്‍ഹൗസുകളില്‍ റബ്ബറിന്റെ സംഭരണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എറണാകുളം, ആലുവ, കാക്കനാട്, കാക്കഞ്ചേരി, കഞ്ചിക്കോട്, കോഴിക്കോട്, തൃശൂര്‍ എന്നീ ഏഴ് സിഡബ്ല്യുസി വെയര്‍ഹൗസുകളില്‍ 2013 ഡിസംബറില്‍ റബ്ബറിന്റെ അളവ് 3379 മെട്രിക് ടണ്ണായി ഉയര്‍ന്നു. റബ്ബര്‍ വില ആഗോള കമ്പോളങ്ങളില്‍ കുറയുന്നുണ്ടെങ്കിലും ആഭ്യന്തര റബ്ബര്‍ അവധിവ്യാപാര വില അന്താരാഷ്ട്ര വിലയ്ക്കനുസൃതമായി നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അവധിവ്യാപാരത്തിന് തുടര്‍ച്ചയായ പിന്തുണ റബ്ബര്‍ ഉത്പാദകരില്‍ നിന്നു ലഭിക്കുന്നുണ്ട്.
അവധിവ്യാപാരമില്ലായിരുന്നു എങ്കില്‍ റബ്ബര്‍ കര്‍ഷകര്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമായിരുന്നു. വില ഇന്നുള്ളതിലും താഴേയ്ക്കു പോകുമായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ട്. എന്‍എംസിഇയുടെ റബ്ബര്‍ അവധിവ്യാപാരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കിലോയ്ക്ക് ശരാശരി 200- 250 രൂപ ലഭിക്കുന്നുണ്ട്.
ദീര്‍ഘകാല കരാറുകളില്‍ ഏര്‍പ്പെടുന്ന കര്‍ഷകര്‍ക്ക് 12 ശതമാനത്തിലേറെ റിട്ടേണും ലഭിക്കുന്നുമുണ്ട്. സമാന്തരവും കാര്യക്ഷമവും സുതാര്യവുമായ വ്യാപാരസംവിധാനമാണ് റബ്ബര്‍ അവധിവ്യാപാരത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് റബ്ബര്‍ ബോര്‍ഡ് അംഗവും റബ്ബര്‍ സ്മോള്‍ ഗ്രോവേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറിയുമായ സിബി മോനിപ്പള്ളി ചൂണ്ടിക്കാട്ടി. ഫാം ഗേറ്റ് വിലയുടെ 98 ശതമാനം വരെ കര്‍ഷകര്‍ക്ക് ഇതിലൂടെ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: