മെല്‍ബണ്‍: ആഷസ് പരമ്പരയിലെ സമ്പൂര്‍ണ്ണ പരാജയത്തിനുശേഷം ഏകദിന പരമ്പരയിലും ഇംഗ്ലണ്ടിന്റെ തുടക്കം തോല്‍വിയോടെ. ആദ്യ ഏകദിനത്തില്‍ ആറ് വിക്കറ്റിനാണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ആരോണ്‍ ഫിഞ്ചിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ 45.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെടുത്ത് വിജയം സ്വന്തമാക്കി.
128 പന്തില്‍ നിന്ന് 12 ബൗണ്ടറികളോടെ ഫിഞ്ച് 121 റണ്‍സെടുത്തു. ഫിഞ്ചാണ് മാന്‍ ഓഫ് ദി മാച്ച്.65 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും 43 റണ്‍സെടുത്ത ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കും ഫിഞ്ചിന് മികച്ച പിന്തുണ നല്‍കി. ഷെയ്ന്‍ വാട്സണ്‍ പൂജ്യത്തിന്‍പുറത്തായി. 17 റണ്‍സോടെ ബെയ്‌ലിയും എട്ട് റണ്‍സോടെ മാക്സ്‌വെല്ലും പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന് 269 റണ്‍സ് നേടി. 79 റണ്‍സ് നേടിയ ഗാരി ബാലന്‍സാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോറര്‍. മോര്‍ഗന്‍ 50ഉം ഇയാന്‍ ബെല്‍ 41ഉം റണ്‍സെടുത്തു. ജോസ് ബട്ലര്‍ പുറത്താകാതെ 34 റണ്‍സും നേടി. ഓസീസിന് വേണ്ടി ക്ലിന്റ് മക്കായി മൂന്ന് വിക്കറ്റ് നേടി.
















