ബറോഡ: അണ്ടര്‍ 25 സി.കെ. നായിഡു ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളം ചരിത്ര വിജയം സ്വന്തമാക്കി സെമിഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം ബറോഡയെ 133 റണ്‍സിന് തകര്‍ത്താണ് സെമിഫൈനലില്‍ പ്രവേശിച്ചത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് കേരളം സെമിയില്‍ സ്ഥാനം സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്സില്‍ വിജയിക്കാന്‍ 307 റണ്‍സ് വേണ്ടിയിരുന്ന ബറോഡയെ 174 റണ്‍സിന് ഓള്‍ ഔട്ടാക്കിയാണ് കേരളം ഉജ്ജ്വല വിജയത്തോടൊപ്പം അവസാന നാലിലും ഇടംപിടിച്ചത്. 96 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ദേവ്ധര്‍ മാത്രമാണ് ബറോഡക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത്. ദേവ്ധറിന് പുറമെ 38 റണ്‍സെടുത്ത കമ്രാന്‍ എം. ഷെയ്ഖും ഭേദപ്പെട്ട പ്രകടനം നടത്തി. ഇരുവരും ഒഴികെ മറ്റാരും തന്നെ ബറോഡ ഇന്നിംഗ്സില്‍ രണ്ടക്കം കടന്നില്ല.
മൂന്ന് വിക്കറ്റ് വിഴ്‌ത്തിയ അഭിഷേക് മോഹന്റെയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തിയ മനുകൃഷ്ണന്റെയും അക്ഷയ് ചന്ദ്രന്റെയും മികച്ച ബൗളിംഗാണ് കേരളത്തിന് മികച്ച വിജയം നേടിക്കൊടുത്തത്. ആദ്യ ഇന്നിംഗ്സില്‍ നാല് വിക്കറ്റ് വീഴ്‌ത്തിയ അഭിഷേക് മോഹന്‍ രണ്ട് ഇന്നിംഗ്സിലുമായി 7 വിക്കറ്റുകള്‍ സ്വന്തമാക്കി. സ്കോര്‍ ചുരുക്കത്തില്‍: കേരളം 109, 326. ബറോഡ: 128, 174.
ഒന്നാം ഇന്നിംഗ്സില്‍ 19 റണ്‍സിന്റെ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിംഗ്സില്‍ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് ജയം അനായാസമാക്കിയത്. രണ്ടാം ഇന്നിംഗ്സില്‍ കേരളം 326 റണ്‍സെടുത്താണ് പുറത്തായത്. മുഹമ്മദ് അഷറുദ്ദീന്‍ (79 നോട്ടൗട്ട്), വിഷ്ണു വിനോദ് (73), ജാഫര്‍ ജമാല്‍ (61) എന്നിവരുടെ മികച്ച ബാറ്റിംഗിന്റെ കരുത്തിലാണ് കേരളം രണ്ടാം ഇന്നിംഗ്സില്‍ 326 റണ്‍സെടുത്തത്. സെമിഫൈനല്‍ 14ന് തലശ്ശേരിയില്‍ ആരംഭിക്കും.
















