ബ്രസീലിന്റെ ലോകകപ്പ് തയ്യാറെടുപ്പുകളില്‍ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ക്ക് അതൃപ്തി. എന്നാല്‍ ഫുട്ബോള്‍ മാമാങ്കത്തിന് ബ്രസീലുകാര്‍ ഒരിക്കലും വിഘാതം സൃഷ്ടിക്കില്ലെന്ന് ബ്ലാറ്റര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോണ്‍ഫെഡറേഷന്‍ കപ്പിനിടെ മത്സര വേദികളില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബ്ലാറ്ററിന്റെ നിരീക്ഷണം.
ലോകകപ്പ് ഒരുക്കങ്ങള്‍ വളരെ വൈകിയാണ് തുടങ്ങിയതെന്ന് ബ്രസീല്‍ തിരിച്ചറിയുന്നുണ്ടാവും. അവര്‍ക്ക് ഏറെ സമയമുണ്ടായിരുന്നു. എന്നാല്‍ മുതലെടുത്തില്ല. ഞാന്‍ ഫിഫ പ്രസിഡന്റായ ശേഷം ഇത്രയും മന്ദഗതിയില്‍ ലോകകപ്പ് ഒരുക്കങ്ങള്‍ നടത്തിയ മറ്റൊരു രാജ്യമില്ല, ബ്ലാറ്റര്‍ പറഞ്ഞു.
ഞാനൊര് ശുഭാപ്തി വിശ്വാസക്കാരനാണ്. ദോഷൈകദൃക്കല്ല. ഫുട്ബോള്‍ സംരക്ഷിക്കപ്പെടും. ബ്രസീലുകാര്‍ ഒരിക്കലും ഫുട്ബോളിനെ നേരിട്ട് ആക്രമിക്കില്ല. കാല്‍പ്പന്തുകളിയുടെ ഈറ്റില്ലമാണ് അവിടം. അവര്‍ക്ക് കളി മതമാണ്, ബ്ലാറ്റര്‍ കൂട്ടിച്ചേര്‍ത്തു.
ഫുട്ബോളിനെ നെഞ്ചേറ്റുന്ന ബ്രസീലിലാണ് ലോകകപ്പ് എന്ന സത്യം ലോകത്തെമ്പാടുമുള്ള ആരാധകരെ ഇതിനകം ആവേശത്തിലാഴ്‌ത്തിക്കഴിഞ്ഞു. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞില്ല. സാവോപോളയിലേതടക്കം മിക്ക സ്റ്റേഡിയങ്ങളിലെയും പണി നിശ്ചയിച്ച സമയത്ത് പൂര്‍ത്തിയായിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലെ പ്രക്ഷോഭങ്ങളും തൊഴിലാളി സമരങ്ങളും നിര്‍മ്മാണ പ്രവൃത്തികളെ പലവട്ടം തടസപ്പെടുത്തിക്കഴിഞ്ഞു.
സാവോപോളോയിലെ സ്റ്റേഡിയം നിര്‍മ്മാണത്തിനിടെ രണ്ടു തൊഴിലാളികള്‍ അപകടത്തില്‍ മരിച്ചിരുന്നു. അതും ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയുണ്ടായി.
















