മട്ടാഞ്ചേരി: കൊച്ചിയിലെ ജലഗതാഗത ബോട്ട് സര്‍വീസ് ജീവന്‍സുരക്ഷാ ഭീഷണിയുയര്‍ത്തുന്നു. യാത്രക്കാരില്‍ ആശങ്കയും അപകടഭീതിയുമുണര്ത്തി അനിയന്ത്രിതമായാണ് കപ്പല്‍ചാലിലൂടെ ബോട്ട് സര്‍വീസുകള്‍ നടത്തുന്നതെന്ന് പരാതി ഉയര്‍ന്നുകഴിഞ്ഞു. ജലഗതാഗതവകുപ്പിന്റെയും കോര്‍പ്പറേഷന്റെയും സ്വകാര്യ ഏജന്‍സികളുടെയും കരാറുകാരുടെയും യാത്ര-ടൂറിസ്റ്റ് ബോട്ട് സര്‍വീസുകളാണ് കൊച്ചിയിലെ ഗതാഗത സേവനമൊരുക്കുന്നത്. കൊച്ചി തുറമുഖ ട്രസ്റ്റിന് കീഴിലുള്ള കപ്പല്‍ചാലിലൂടെ അപകടം ക്ഷണിച്ചുവരുത്തുന്ന യാത്രാബോട്ട് സര്‍വീസുകള്‍ക്കെതിരെ ജനകീയ പ്രതിഷേധമുയര്‍ന്നു തുടങ്ങിയിട്ടുണ്ട്.
പശ്ചിമകൊച്ചിയിലെയും വൈപ്പിന്‍ കരയെയും കൊച്ചി നഗരവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള യാത്രാ ബാട്ടുകള്‍ ഇതിനകം ഒട്ടേറെ അപകടങ്ങളെ തരണം ചെയ്തത് യാത്രക്കാരുടെ ആയുര്ബലംകൊണ്ട് മാത്രമാണെന്നാണ് ജനങ്ങള്‍ പറയുന്നത്. കഴിഞ്ഞ ഒരുമാസത്തിനകം എഞ്ചിന് നിലച്ചും പ്രൊപ്പല്ലര്‍ ഒടിഞ്ഞും മറ്റു തകരാറുകള്‍ മൂലം മൂന്നിലേറെ തവണയാണ് യാത്രാബോട്ടുകള്‍ കായല്‍ മധ്യത്തില്‍ ഒഴുകിനടന്നത്. ഇതിലേറെയും രാത്രികാല സര്‍വീസ് വേളയിലെന്നത് യാത്രക്കാരുടെ ആശങ്കയും അപകടഭീതിയുടെ വ്യാപ്തിയും വ്യക്തമാക്കുന്നവയാണ്.
മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി,ഐലന്റ്, വൈപ്പിന്‍ എന്നീ കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ജലഗതാഗതവകുപ്പിന്റെ ബോട്ടുകളിലേറെയും കാലപ്പഴക്കം ചെന്നവയും സുരക്ഷാ സംവിധാന വീഴ്ചയുള്ളവയുമാണെന്ന് പാസഞ്ചേഴ്സ് അസോസിയേഷന് ചൂണ്ടിക്കാട്ടുന്നു. മുന്‍കാലങ്ങളില്‍ നിറയെ യാത്രക്കാരുമായി സര്‍വീസ് നടത്തിയിരുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടുകളില്‍ 2009ലെ തട്ടേക്കാട് ദുരന്തത്തെത്തുടര്‍ന്നുള്ള നിയന്ത്രണങ്ങളെത്തുടര്‍ന്ന് ബോട്ടിലെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ് വരുത്തിയെങ്കിലും വേണ്ടത്ര ബോട്ടുകളുടെ എണ്ണം കൂട്ടുവാനോ സര്‍വീസുകള്‍ വര്‍ധിപ്പിക്കുവാനോ ജലഗതാഗതവകുപ്പ് തയ്യാറാകാത്തത് ബോട്ട്യാത്ര ദുരിതപൂര്‍ണ്ണമായി മാറുകയാണ് ചെയ്തത്. സമയവും സാമ്പത്തികവുമായ ലാഭം മൂലം ഗതാഗതക്കുരുക്കിന്റെ ദുരിതം ഒഴിവാക്കിയും ബോട്ട് യാത്രക്കെത്തുന്ന വിദ്യാര്‍ത്ഥികളും സ്ത്രീകളും വൃദ്ധജനങ്ങളുമടങ്ങുന്ന ആയിരക്കണക്കിന് സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയായാണ് ജനകീയ സംഘടനകള്‍ ഇതിനെ കാണുന്നത്.
ആഴമുള്ള കപ്പല്‍ ചാലിലൂടെ കാലം പഴക്കംചെന്ന ബോട്ടുകള്‍ സര്‍വീസ് നടത്തുന്നതിനെതിരെ യാത്രക്കാര്‍ക്കൊപ്പം ജനകീയ സംഘടനകളും രാഷ്ട്രീയ കക്ഷികളും ഇതിനകം ഒട്ടേറെതവണ നിവേദനവും പരാതികളുമുന്നയിച്ചെങ്കിലും ജലഗതാഗത വകുപ്പ് അധികൃതര്‍ ഇത് മുഖവിലയ്ക്കെടുത്തില്ലെന്ന് യാത്രക്കാര്‍ പറയുന്നു. മാത്രമല്ല പുതുതായി നീറ്റിലിറക്കിയ സ്റ്റീല്‍ബോട്ടുകള്‍ യാത്രാ ബോട്ടുകളാക്കി സര്വീസിനിറക്കിയെങ്കിലും അശാസ്ത്രീയമായ നിര്‍മ്മാണവും രീതികളും മൂലം വിജയം കണ്ടെത്താനുമായില്ല.
കുറഞ്ഞ ചെലവിലും സമയലാഭത്തിലും ഏറെ ജനകീയമാക്കുവാന്‍ കഴിയുന്ന കൊച്ചിയിലെ ജലഗതാഗതമേഖലയെ അധികൃതര്‍ അനാസ്ഥയും അവഗണനയും മൂലം നാശോന്മുഖമാക്കുകയാണെന്നാണ് യാത്രാസംഘടനകള്‍ പരാതിപ്പെടുന്നത്. കൊച്ചി കായലിനനുയോജ്യമായ ബോട്ടുകള്‍ നിര്‍മ്മിച്ച് യാത്രാസൗകര്യം മെച്ചപ്പെടുത്തണമെന്ന് പശ്ചിമകൊച്ചി പാസഞ്ചേഴ്സ് അസോസിയേഷന് അധികൃതരോട് ആവശ്യപ്പെട്ടു. കൊച്ചിയുടെ സമീപദേശങ്ങളുമായി ബോട്ട് സര്‍വീസ് നടത്തുന്നതോടെ ഏറെ വിജയകരമാക്കാവുന്ന ജലഗതാഗത മേഖലയെ സ്വകാര്യബസ് സര്‍വീസ് ലോബികള്‍ക്കായി തകര്‍ക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.
പുതിയ പരിഷ്ക്കാരമായി നടപ്പിലാക്കിയ സര്‍ക്കുലര്‍ സര്‍വീസുകള്‍ അശാസ്ത്രീയമാണെന്ന് പരാതികളുയര്‍ന്നിട്ടും ഇവയ്ക്കെതിരെ പ്രതികാരബുദ്ധിയോടെയാണ് പ്രതികരിച്ചതെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടി. ജെട്ടികളിലെ ആഴക്കുറവും ബോട്ടുകളുടെ തകരാറുകളും സര്‍വീസുകളുടെ ശാസ്ത്രീയതയും സുരക്ഷാ ഭീഷണിയുമെല്ലാം കൊച്ചിയിലെ യാത്രാബോട്ട് സര്‍വീസുകള്‍ നേരിടുന്ന വെല്ലുവിളിയായി മാറുകയാണിന്ന്.
കൊച്ചിന് കോര്‍പ്പറേഷന്റെ കീഴിലായിരുന്ന ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ഫെറി സര്‍വീസും ദുരിതമാണ് സമ്മാനിക്കുന്നത്. അഴിമുഖത്തു കൂടിയുള്ള സര്‍വീസുകള്‍ക്കായി ഇന്നും രണ്ട് ബോട്ടുകള്‍ മാത്രമാണുള്ളത്. 95ല്‍ സ്വകാര്യ ഏജന്‍സിക്ക് കരാറിലൂടെ ബോട്ടും ജങ്കാര്‍ സര്‍വീസുകളും കൈമാറിയെങ്കിലും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സ്വകാര്യ ഏജന്‍സി പഴയ ബോട്ടുകളുമായാണ് ഇന്നും സര്‍വീസുകള്‍ നടത്തുന്നത്. കഴിഞ്ഞദിവസം അഴിമുഖയാത്രയ്ക്കിടെ ബോട്ട് കായലില്‍ ഒഴുകിനടന്നതും വലിച്ചുകെട്ടി കരയ്ക്കടുപ്പിച്ചതും നൂറുകണക്കിന് ജനങ്ങളുടെ ജീവന് പന്താടിക്കൊണ്ടായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.
കൊച്ചിയില്‍ സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ് ബോട്ടുകള്‍ സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തിലാണ് സര്‍വീസുകള്‍ നടത്തുന്നതെന്ന് പരാതി ഉയര്‍ന്നുകഴിഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് ബോട്ടില്‍നിന്ന് വിനോദസഞ്ചാരി കായലില്‍ വീണ് മരിച്ചതിനെ തുടര്‍ന്ന് കര്‍ക്കശമാക്കിയ പരിശോധനകള്‍ ഇന്ന് നടക്കുന്നില്ലെന്നാണ് വിനോദസഞ്ചാര ഏജന്‍സികള്‍ പറയുന്നത്. അഴിമുഖം വഴി പുറംകടലിലേക്ക് യാത്ര നടത്തുന്ന വിനോദസഞ്ചാര-ടൂറിസ്റ്റ് ബോട്ടുകള്‍ യാത്രക്കാരുടെ എണ്ണമനുസരിച്ചുള്ള അനുപാതത്തില്‍ സുരക്ഷാ ഉപകരണങ്ങള്‍ കരുതണമെന്നാണ് ചട്ടം. എന്നാല്‍ ഇവയില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് നാല് ബോട്ടുകളുടെ സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ നടപടിയെടുത്തെങ്കിലും, തുടര്‍ പരിശോധനയുണ്ടായില്ലെന്ന് ടൂറിസ്റ്റുകാര്‍ പറയുന്നു. അപകടം ക്ഷണിച്ചുവരുത്തിക്കൊണ്ടുള്ള കൊച്ചി കായലിലെ ജലഗതാഗത യാത്ര സുരക്ഷിതത്വമാക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.
എസ്. കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: