മൂവാറ്റുപുഴ: കൗമാരകലയുടെ മേളയ്ക്ക് ഇന്ന് മൂവാറ്റുപുഴയില്‍ തുടക്കം കുറിക്കും. 26-ാമത് റവന്യൂ ജില്ല കലോത്സവത്തിന് ഒരുക്കങ്ങളായി. ആദ്യ ദിനമായ ഇന്ന് വിവധ വേദികളിലായി രചന മത്സരങ്ങളും ബാന്റ്മേള മത്സരങ്ങളും നടക്കും. ഇന്ന് രാവിലെ 9.30ന് ഹൈസ്കൂള്‍ വിഭാഗം ബാന്റ്മത്സരം മോഡല്‍ ഹൈസ്കൂളില്‍ ആരംഭിക്കും. 10ന് സെന്റ് അഗസ്റ്റ്യന്‍ ഗേള്‍സ് ഹൈസ്കൂളില്‍ 14 മുറികളിലും എംജി ബിഎഡ് സെന്ററില്‍ 5 മുറികളിലുമായി രചാനമത്സരം നടക്കും.
ജില്ലയിലെ 14 ഉപജില്ലകളില്‍ നിന്നുള്ള ഏഴായിരത്തിലധികം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ നാല് നാള് നീണ്ടുനില്‍ക്കുന്ന മത്സരങ്ങളില്‍ മാറ്റുരയ്ക്കും.
പ്രധാനവേദിയായ ടൗണ്‍ഹാള്‍ പരിസരത്ത് പ്രധാന മത്സരങ്ങളായ മോഹനിയാട്ടം, ഭരതനാട്യം, തിരുവാതിരകളി എന്നിവയ്ക്കുള്ള വേദികള്‍ തയ്യാറായി കഴിഞ്ഞു. മറ്റ് മത്സരങ്ങള്‍ക്ക് വിവധ സ്കൂളുകളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിവിധ സ്കൂളുകളിലെ താമസ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ദിവസേന എത്തുന്ന വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകര്‍ തുടങ്ങിയ ആയിരക്കണക്കിന് പേര്‍ക്കുള്ള ഭക്ഷണം പഴയിടം മോഹനന്റെ നേതൃത്വത്തില്‍ നിര്‍മ്മല ഹയര്‍സെക്കന്ററി സ്കൂളില്‍ തയ്യാറാക്കി വരുന്നു.
രാവിലെ പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് പായസമടക്കം സദ്യയും വൈകിട്ടു വിശാലമായ ഭക്ഷണവുമാണ് എല്ലാ ദിവസവും നല്‍കുന്നത്. കലോത്സവത്തിന്റെ നടത്തിപ്പിനായി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സുരക്ഷ ചുമതല വഹിക്കും. എന്‍സിസി, സൗക്ട്ട് ആന്റ് ഗൈഡ്, സ്റ്റുഡന്‍സ് പോലീസ്, അദ്ധ്യാപകരുടെ നേതൃത്വത്തിലുള്ള വാളന്റിയേഴ്സ് തുടങ്ങിയവരെ വിവധ വേദികളില്‍ സജ്ജരാക്കിയിട്ടുണ്ട്. വേദികളില്‍ നിന്ന് വേദികളിലേയ്ക്ക് വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്നതിന് സ്കൂള്‍ വാഹനങ്ങളും തയ്യാറാക്കിയിട്ടുണ്ട്. മത്സര വേദികളില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ തല്‍സമയം പരിഹരിക്കുന്നതിനുള്ള പ്രത്യേകം ജഡ്ജസ് പാനലും തയ്യാറാക്കിയിട്ടുണ്ട്.
മത്സരം നടക്കുന്ന വേദികളില്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളോ മറ്റുള്ളവരോ കയറുന്നത് വിലക്കിയിട്ടുണ്ട്. അനാവശ്യമായ തര്‍ക്കങ്ങള്‍ നിയന്ത്രിക്കുന്നതിനു വേണ്ടിയാണിത്. പൊതുവെ കലാമേള വന്‍ വിജയമാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് ചെയര്മാന് യു.ആര്. ബാബു അറിയിച്ചു.
സി.എസ്. ഭരതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: