ആലുവ: എറണാകുളം റൂറല്‍ ജില്ലയില്‍ കൂടുതല്‍ ഗുണ്ടകളെ കരുതല്‍ തടങ്കലിലാക്കാന്‍ നടപടിയാരംഭിച്ചു. ജില്ലയില്‍ പുതിയ ഗുണ്ടാസംഘങ്ങള്‍ ഉദയം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്. പല ഗുണ്ടാസംഘങ്ങളും ജില്ലയ്ക്ക് പുറത്തുപോയി അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് എല്ലാ ഗുണ്ടകളെയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് റൂറല്‍ എസ്പി സതീഷ് ബിനോ പറഞ്ഞു.
ആറ് മാസമാണ് ഗുണ്ടാനിയമപ്രകാരം കരുതല്‍ തടങ്കല്‍. ഇത് കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ ഇവര്‍ വീണ്ടും ഗുണ്ടാപ്രവര്‍ത്തനം നടത്തുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ കരുതല്‍ തടങ്കലില്‍നിന്നും പുറത്തിറങ്ങിയവര്‍ വീണ്ടും ഏതെങ്കിലുമൊരു കേസില്‍ പ്രതിയായാല്‍ വീണ്ടും കരുതല്‍ തടങ്കലിലാക്കാന്‍ വകുപ്പുണ്ട്. കൂടുതല്‍ പേരെ തടങ്കലിലാക്കാന്‍ തീരുമാനിച്ചതോടെ പല ഗുണ്ടകളും ഒളിവില്‍ പോയിരിക്കുകയാണ്. ഇവര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നവരുടെ ലിസ്റ്റും ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സ്ത്രീകള്‍ക്ക് നേരെയുള്ള തുടര്‍ച്ചയായ ആക്രമണം, കൊള്ളപ്പലിശ എന്നിവയിലും ഏര്‍പ്പെട്ടിട്ടുള്ളവരെ ഇത്തരത്തില്‍ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഗുണ്ടാനിയമപ്രകാരമുള്ള കരുതല്‍ തടങ്കല്‍ ആറുമാസത്തില്നിന്നും ഒരുവര്‍ഷമാക്കി ഉയര്‍ത്തണമെന്ന ആവശ്യം വിവിധ കോണുകളില്‍നിന്നും ഉയര്‍ന്നുവരുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ല. ഇതും ഗുണ്ടാപ്രവര്‍ത്തനം കൂടുതല്‍ വ്യാപിക്കുവാന്‍ കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: