ബ്രിസ്‌ബെന്‍: ബ്രിസ്‌ബെന്‍ ഇന്റര്‍നാഷണലിന്റെ സെമിഫൈനലില്‍ സെറീന വില്ല്യംസും മരിയ ഷറപ്പോവയും ഏറ്റുമുട്ടും. സ്ലൊവാക്കിയയുടെ ഡുമിനിക്ക സിബുല്‍ക്കോവയെ 6-3, 6-3 എന്നീ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സെറീന സെമി ഫൈനലിലേയ്‌ക്ക് ടിക്കറ്റെടുത്തത്.
എന്നാല്‍ എസ്റ്റോണിയയുടെ കായിയ കനേപിയോട് ആദ്യ സെറ്റ് അടിയറവ് വച്ചതിന് ശേഷമാണ് ഷറപ്പോവ തിരിച്ചടിച്ച് വിജയം നേടിയത്.
2012ലെ ബ്രിസ്‌ബെന്‍ ചാമ്പ്യനാണ് 30-ാം റാങ്കുകാരി കൂടിയായ കനേപി. സ്‌ക്കോര്‍ 4-6, 6-3, 6-2. വെള്ളിയാഴ്‌ച്ചത്തെ സെമി ഫൈനലിലൂടെ രണ്ട് വനിത സൂപ്പര്‍ സ്റ്റാറുകള്‍ തമ്മിലുള്ള 17-ാമത്തെ കണ്ടുമുട്ടലിനാണ് കളമൊരുങ്ങുക.
ഇതുവരെയുള്ള മത്സരങ്ങളില്‍ ഇരുവരും തമ്മില്‍ ഏറ്റുമൂട്ടിയപ്പോള്‍ കൂടുതല്‍ വിജയവും സെറീനയ്‌ക്കൊപ്പം നിന്നു. 14 തവണയാണ് സെറീന വിജയം സ്വന്തമാക്കിയത്.
ഫ്രഞ്ച് ഓപ്പണിലായിരുന്നു അവസാനമായി സെറീനയും ഷറപ്പോവയും ഏറ്റുമുട്ടിയത്. കടുത്ത മത്സരത്തിനൊടുവില്‍ സെറീന 6-4, 6-4 എന്ന സ്‌ക്കേറിന് വിജയം സ്വന്തമാക്കുകയായിരുന്നു.
















