ഫിലോസഫയില്‍ ഉന്നതബിരുദമെടുത്ത ഒരു യുവാവ് സ്വാമികളെ സന്ദര്‍ശിക്കാനായെത്തി. പതിവനുസരിച്ച് സ്വാമികള്‍ ചില ചോദ്യങ്ങള്‍ ജീവിതലക്ഷ്യത്തെപ്പറ്റി അദ്ദേഹത്തോട് ചോദിച്ചു. താന്‍ പഠിച്ചതില്‍ അതൊന്നുമില്ലെന്നുപറഞ്ഞുകൊണ്ട് അദ്ദേഹം യാത്രപറഞ്ഞുപിരിഞ്ഞു.
സ്വാമികള്‍ പറഞ്ഞു: “കണ്ടോ, നമ്മുടെ വിദ്യാഭ്യാസത്തിലെ ന്യൂനത കണ്ടോ? പുട്ടു ചുടുന്നതുപോലെയാണ് ഇന്നത്തെ വിദ്യാഭ്യാസം. മനസ്സിനെ പുട്ടുകുറ്റിയായി കാണണം. ഓരോ ക്ലാസിലും അതില്‍ കുറേശെ അരിപ്പൊടിയും പീരയും ഇടവിട്ടിടവിട്ട് കയറ്റിക്കൊണ്ടിരിക്കും. അവസാനം പരീക്ഷയുടെ ആവി കടത്തി അതെല്ലാം വേവിക്കും. ഉത്തരക്കടലാസില്‍ അത് കുത്തിവരച്ചതിനുശേഷം അകത്തൊന്നുമില്ലാത്ത പുട്ടുകുറ്റിയായി വിദ്യാര്‍ഥി ജീവിതത്തിലേക്ക് മടങ്ങുന്നു.
സമ്പാദനം : പ്രൊഫ. എം.കെ.സാനു
















