ഹൈദരാബാദ്: പത്മനാഭന്‍ പ്രശാന്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെയും അര്‍ദ്ധസെഞ്ച്വറി നേടിയ റോബര്‍ട്ട് ഫെര്‍ണാണ്ടസിന്റെ അര്‍ദ്ധസെഞ്ച്വറിയുടെയും കരുത്തില്‍ ഹൈദരാബാദിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ കേരളം ഒന്നാം ഇന്നിംഗ്‌സ് ലീഡ് കരസ്ഥമാക്കി. ഹൈദരാബാദിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 201 റണ്‍സിനെതിരെ കേരളം ഒന്നാം ഇന്നിംഗ്‌സില്‍ 264 റണ്‍സെടുത്ത് 63 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. കേരളത്തിന് വേണ്ടി പി. പ്രശാന്ത് 106 റണ്‍സും ഫെര്‍ണാണ്ടസ് 78 റണ്‍സും നേടി. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഹൈദരാബാദ് രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സെടുത്തിട്ടുണ്ട്.
45ന് മൂന്ന് എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിംഗ്‌സ് ആരംഭിച്ച കേരളത്തിന് വന്‍ തകര്‍ച്ചയാണ് നേരിട്ടത്. 94 റണ്‍സെടുക്കുന്നതിനിടെ 7 വിക്കറ്റുകള്‍ നഷ്ടമായി വന്‍ തകര്‍ച്ചയെ നേരിട്ട കേരളത്തെ രക്ഷിച്ചത് എട്ടാം വിക്കറ്റില്‍ റോബര്‍ട്ട് ഫെര്‍ണാണ്ടസും പത്മനാഭന്‍ പ്രശാന്തും ചേര്‍ന്നാണ്. 151 റണ്‍സാണ് ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.
ഇന്നലെ 10 റണ്‍സെടുത്ത ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെയാണ് കേരളത്തിന് ആദ്യം നഷ്ടമായത്. സ്‌കോര്‍ 48-ല്‍ എത്തിയപ്പോള്‍ രവി കിരണിന്റെ പന്തില്‍ ബൗള്‍ഡായാണ് സച്ചിന്‍ ബേബി മടങ്ങിയത്. പിന്നീട് സ്‌കോര്‍ 88-ല്‍ എത്തിയപ്പോള്‍ 32 റണ്‍സെടുത്ത മനോഹരനും 94-ല്‍ എത്തിയപ്പോള്‍ റണ്ണൊന്നുമെടുക്കാതെ പ്രശാന്ത് പരമേശ്വരനും തൊട്ടടുത്ത പന്തില്‍ ഷാഹിദും മടങ്ങിയതോടെ കേരളം 7ന് 94 എന്ന നിലയില്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. പിന്നീടാണ് പ്രശാന്തും ഫെര്‍ണാണ്ടസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചത്. സ്‌കോര്‍ 245-ല്‍ എത്തിയപ്പോള്‍ 78 റണ്‍സെടുത്ത ഫെര്‍ണാണ്ടിസിനെ ഹസ്സന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നീട് സ്‌കോര്‍ 258-ല്‍ എത്തിയപ്പോള്‍ നാല് റണ്‍സെടുത്ത നിയാസും മടങ്ങി. സ്‌കോര്‍ 264-ല്‍ എത്തിയപ്പോള്‍ അവസാന ബാറ്റ്‌സ്മാനായി പി. പ്രശാന്തും മടങ്ങിയതോടെ കേരള ഇന്നിംഗ്‌സിന് അവസാനമായി. ഇതിനിടെ പ്രശാന്ത് തന്റെ കന്നി സെഞ്ച്വറിയും പൂര്‍ത്തിയാക്കി. 197 പന്തുകളില്‍ നിന്ന് 12 ബൗണ്ടറികളും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് പ്രശാന്തിന്റെ ഇന്നിംഗ്‌സ്. ഹൈദരാബാദിനുവേണ്ടി രവി കിരണ്‍ നാലും ആശിഷ് റെഡ്ഡി മൂന്നും അന്‍വര്‍ അഹമ്മദ് രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.
തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഹൈദരാബാദിന് സ്‌കോര്‍ബോര്‍ഡ് തുറക്കും മുന്നേ ആദ്യ വിക്കറ്റ് നഷ്ടമായി. ഇന്നിംഗ്‌സിലെ രണ്ടാം പന്തില്‍ അക്ഷത് റെഡ്ഡിയെ പ്രശാന്ത് പരമേശ്വരന്‍ ബൗള്‍ഡാക്കി. രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ 21 റണ്‍സോടെ ഹനുമ വിഹാരിയും 22 റണ്‍സോടെ ബാവനക സന്ദീപുമാണ് ക്രീസില്‍.
















