കൊച്ചി : ഇഎസ്പിഎന്‍ എന്ന പേര് ഉപേക്ഷിച്ച്, എല്ലാ സ്പോര്‍ട്സ് ചാനലുകള്‍ക്കും സ്റ്റാര്‍ സ്പോര്‍ട്സില്‍ നിന്നാരംഭിക്കുന്ന പേര് സ്വീകരിക്കാന്‍ സ്റ്റാര്‍ ഇന്ത്യ തീരുമാനിച്ചു. ഇതനുസരിച്ച് നിലവിലുള്ള ഇഎസ്പിഎന്‍ – സ്റ്റാര്‍ സ്പോര്‍ട്സ് 4, സ്റ്റാര്‍ ക്രിക്കറ്റ് – സ്റ്റാര്‍ സ്പോര്‍ട്സ് 3, സ്റ്റാര്‍ സ്പോര്‍ട്സ് – സ്റ്റാര്‍ സ്പോര്‍ട്സ് 1, സ്റ്റാര്‍ ക്രിക്കറ്റ് എച്ച്ഡി – സ്റ്റാര്‍ സ്പോര്‍ട്സ് എച്ച്ഡി1, ഇഎസ്പിഎന്‍ എച്ച്ഡി-സ്റ്റാര്‍ സ്പോര്‍ട്സ് എച്ച് ഡി 2, എന്നീ പേരുകളിലറിയപ്പെടും. സ്റ്റാര്‍ സ്പോര്‍ട്സ്2 അതേ പേരില്‍ തന്നെ നിലനില്ക്കും. വെബ്സൈറ്റ് സ്റ്റാര്‍ സ്പോര്‍ട്സ് ഡോട് കോം എന്ന പേരിലാണറിയപ്പെടുക.
സ്റ്റാര്‍ സ്പോര്‍ട്സിന്റെ പ്രഥമ ബ്രാന്റ് അംബാസഡറായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് എം.എസ്. ധോണിയെ നിയമിച്ചു.?നിങ്ങള്‍ക്ക് ഞങ്ങളെ വിശ്വസിക്കാം? എന്ന സ്റ്റാര്‍ സ്പോര്‍ട്സിന്റെ പുതിയ പരസ്യ വാചകമാണ് ധോണി രാജ്യത്തെ കായിക പ്രേമികളുടെ മുന്നിലവതരിപ്പിക്കുന്നത്.
ഇന്ത്യന്‍ കായിക മേഖലയില്‍ 20,000 കോടി രൂപ കൂടി മുതല്‍ മുടക്കാനും സ്റ്റാര്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. സ്പോര്‍ട്സ് കവറേജ് വിപുലമാക്കുന്നതിനും ഇന്ത്യന്‍ സൂപ്പര്‍ ഫുട്ബോള്‍ ലീഗ്, ഹോക്കി ഇന്ത്യ ലീഗ്, ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗ് തുടങ്ങിയ പുതിയ സംരംഭങ്ങളില്‍ മുതല്‍ മുടക്കുന്നതിനുമാണ് ഈ തുക വിനിയോഗിക്കുകയെന്ന് സ്റ്റാര്‍ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഉദയ് ശങ്കര്‍ പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ സ്പോര്‍ട്സ് ചാനല്‍ ശൃംഖലയെന്ന നിലയ്ക്ക് ഇന്ത്യന്‍ യുവാക്കളില്‍ നിന്ന് പുതിയ കായിക പ്രതിഭകളെ വാര്‍ത്തെടുക്കുക എന്ന ദൗത്യവും സ്റ്റാര്‍ ഇന്ത്യയ്ക്കുണ്ടെന്ന് ഉദയ് ശങ്കര്‍ വ്യക്തമാക്കി. ഏഴ് ഭാഷകളിലായി 40-ലേറെ ചാനലുകള്‍ സ്റ്റാര്‍ ഇന്ത്യയുടെ കുടക്കീഴിലുണ്ട്. സ്റ്റാര്‍ ഗോള്‍ഡ്, സ്റ്റാര്‍ വി, സ്റ്റാര്‍ വേള്‍ഡ്, സ്റ്റാര്‍ മൂവീസ്, സ്റ്റാര്‍ ഉത്സവ്, ലൈഫ് ഒകെ, മൂവീസ് ഒകെ, സ്റ്റാര്‍ പ്ലസ്, ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് പ്ലസ് എന്നിവ ഇതില്‍പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: