നിയമസഭാ തെരഞ്ഞടുപ്പുഫലങ്ങള് നല്കുന്ന സൂചന വളരെ വ്യക്തമാണ്. സംസ്ഥാന നിയമസഭകളിലേക്കു നടന്ന തെരഞ്ഞടുപ്പാണെങ്കിലും പ്രധാനമായും ചര്‍ച്ചചെയ്യപ്പെട്ടത് രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഭരണ പരാജയമായിരുന്നു. ജനവിധി വ്യക്തമാക്കുന്നത് മന്മോഹന് സിംഗ് സര്‍ക്കാര്‍ എത്രമാത്രം ജനങ്ങളില്‍ നിന്ന് അകന്നു കഴിഞ്ഞുവെന്ന് കൂടിയാണ്. ദേശീയ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ നടന്ന നിയമസഭതെരഞ്ഞടുപ്പുകള് കേന്ദ്രഭരണത്തിന്റെ വിലയിരുത്തല്‍ കൂടിയായിരുന്നു. ഈ തെരഞ്ഞെടുപ്പുകള്‍ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടത് ഈ സാഹചര്യത്തിലാണ്.
സംസ്ഥാന ഭരണകൂടങ്ങളുടെ വിലയിരുത്തല്‍ എന്നതിനു പുറമേ ദേശീയ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ഇലക്ട്രേറ്റ് എങ്ങനെ പ്രതികരിക്കുമെന്നതിന്റെ ചൂണ്ടുപലകയായി ഈ തെരഞ്ഞെടുപ്പിനെ മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും കരുതുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടുകൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ അവകാശ വാദങ്ങള്‍ ഇങ്ങനെയായിരുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ബദല്‍ എന്ന നിലക്ക് ബിജെപിക്ക് കരുത്താര്‍ജിക്കാന്‍ കഴിയില്ല. നരേന്ദ്ര മോദിയെ ഉയര്‍ത്തിക്കാണിച്ചുകൊണ്ടുള്ള പ്രചാരണം ബിജെപിക്ക് ദോഷമുണ്ടാക്കും. മൂന്നാമതായി ഈ സംസ്ഥാനങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പുതുതലമുറ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് പരീക്ഷിക്കുന്നത്. ഇതിനു മുന്പില് ബിജെപിയുടെ പ്രചാരണങ്ങള്‍ക്ക് വോട്ടര്‍മാരെ സ്വാധീനിക്കാനാകില്ല. എന്നാല്‍ കോണ്‍ഗ്രസിന്റെ അവകാശവാദങ്ങള്‍ എല്ലാം പൊള്ളയായിരുന്നുവെന്ന് തെരഞ്ഞടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നു.
ദേശീയ നേതാവെന്ന നിലക്ക് നരേന്ദ്ര മോദി കൂടുതല്‍ ശ്രദ്ധേയനാകുന്നുവെന്നാണ് തെരഞ്ഞടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളിലും പ്രചാരണത്തിന്റെ അജണ്ടകള്‍ തീരുമാനിക്കപ്പെട്ടത് നരേന്ദ്രമോദി വേഴ്സസ് രാഹുല്‍ഗാന്ധി എന്ന നിലക്കായിരുന്നു. സംസ്ഥാന നിയമസഭകളില്‍ അധികാരത്തിലെത്തുക എന്നതിലുപരിയായി കോണ്‍ഗ്രസ്സും ബിജെപിയും ഈ നിയമസഭാതെരഞ്ഞെടുപ്പുകളെ കണ്ടതും മോദിയുടേയും രാഹുലിന്റേയും പ്രകടനങ്ങളുടെ വിലയിരുത്തല്‍ എന്ന നിലക്കുമായിരുന്നു. ഇക്കാര്യത്തില്‍ നരേന്ദ്രമോദി തിളങ്ങുന്ന വിജയം കൈവരിച്ചപ്പോള്‍ രാഹുല്‍ ഒരു വന്‍ പരാജയമായി മാറിയിരിക്കുന്നു. കോണ്‍ഗ്രസ്സിനെ തീര്‍ത്തും നിരാശപ്പെടുത്തുന്ന സാഹചര്യമാണിത്.
ഏപ്രില്‍ – മെയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന്റെ വാട്ടര്‍ലൂ ആയിമാറും എന്ന സൂചനയാണ് ഫലങ്ങള്‍. ആ പാര്‍ട്ടിയുടെ നേതൃത്വം കണക്കുകൂട്ടിയിരുന്നത് മോദിയെ കേന്ദ്രീകരിച്ച് വര്‍ഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ ഉള്ള തങ്ങളുടെ ശ്രമം ഒരു പരിധിവരെയെങ്കിലും വിജയിക്കുമെന്നും അതിന്റെ ഗുണഫലങ്ങള്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നുമാണ്. എന്നാല്‍ നരേന്ദ്രമോദിയെ കോര്‍ണര്‍ ചെയ്തുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വം നടപ്പിലാക്കാന്‍ ഉദ്ദേശിച്ച വര്‍ഗീയ ധ്രുവീകരണം എന്ന അജണ്ട ഇന്ത്യന്‍ വോട്ടര്‍മാര്‍ നിരാകരിക്കുന്നു. നാലിടത്തും കോണ്‍ഗ്രസ്സിന്റെ ഈ വര്‍ഗ്ഗീയ അജണ്ട പരാജയപ്പെട്ടു. പ്രത്യേകിച്ചും മദ്ധ്യപ്രദേശില്‍ ശിവരാജ്സിങ്ങ് ചൗഹാനെതിരെ മോദിയുടെ അനുജന് എന്ന നിലക്ക് നടത്തിയ പ്രചാരണം അവിടെ മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസ്സിന് അനുകൂലമാക്കുമെന്ന് ആ പാര്‍ട്ടി കരുതിയിരുന്നെങ്കിലും ഫലം തിരിച്ചാണ് ഉണ്ടായത്.
മൂന്നാംവട്ടവും കേന്ദ്രത്തില്‍ അധികാരത്തിലെത്താമെന്ന കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകള്‍ വേരോടെ പിഴുതുമാറ്റുകയാണ് ഈ തെരഞ്ഞെടുപ്പ് ഫല ങ്ങള്. മാത്രമല്ല ഈ ഫലങ്ങള്‍ നല്കുന്ന സൂചന അനുസരിച്ച് അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് അംഗങ്ങളുടെ എണ്ണം ലോക്സഭയില്‍ രണ്ടക്കത്തില്‍ ഒതുങ്ങിയേക്കുമെന്ന് വിലയിരുത്താം.
ജനവിധി കോണ്‍ഗ്രസ്സിനെപ്പോലെത്തന്നെ മൂന്നാം മുന്നണിയുടെ വക്താക്കളെയും നിരാശപ്പെടുത്തുന്നു. 2014ലെ ലോക് സഭാ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ലമെന്റില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടാത്ത സാഹചര്യം ഉടലെടുക്കുമെന്നും മൂന്നാം മുന്നണിയുടെ പ്രതീക്ഷകള്‍ പൂവണിയുമെന്നുമുള്ള കണക്കുകൂട്ടലുകള്‍ ഇവിടെ അപ്രസക്തമാവുകയാണ്. ദേശീയരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന്റെ ഭരണത്തുടര്‍ച്ചക്കെതിരായ വികാരം ശക്തമാണ് അതോടൊപ്പം ആ ജനവികാരം ബിജെപിക്ക് അനുകൂലവുമാണ് എന്ന് വ്യക്തമാവുന്നു.
മൂന്നാം മുന്നണി നേതാക്കള്‍ പ്രചരിപ്പിക്കുന്നതുപോലെ കോണ്‍ഗ്രസ്സ് വിരുദ്ധത ഒരിക്കലും മൂന്നാം മുന്നണിയുടെ അക്കൗണ്ടില്‍ എണ്ണം വര്‍ദ്ധിപ്പിക്കുകയില്ല. ബിജെപി നേടിയ വിജയം ആ പാര്‍ട്ടിക്ക് ദേശീയതലത്തില്‍ കൂടുതല്‍ സഖ്യകക്ഷികളെ കണ്ടെത്താനും സഹായകമായേക്കും. പ്രത്യേകിച്ചും ബംഗാളിലെ മമത ബാനര്‍ജി, ഒറീസയിലെ നവീന്‍ പട്നായിക്, തമിഴ്നാട്ടിലെ ജയലളിത തുടങ്ങിയ നേതാക്കള്‍ ബിജെപിയോട് കൂടുതല്‍ അടുക്കാനും ബിജെപി മുന്നണിയുടെ ഭാഗമാകാനും സാധ്യത ഏറിയിരിക്കുകയാണ്. ഇതും മൂന്നാം മുന്നണിയുടെ പ്രതീക്ഷകളെ തകിടം മറിക്കുന്നതാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ യുപിയിലെ മുലായംസിങ്ങ് യാദവും ബീഹാറിലെ നിതീഷ്കുമാറും മാത്രമാണ് മൂന്നാം മുന്നണിക്കുവേണ്ടി ശക്തമായി നിലകൊള്ളുന്നത്. ഇടതുപക്ഷവും ഇവരോടൊപ്പം ചേര്‍ന്നാലും 75-80 സീറ്റിനപ്പുറത്തേക്ക് ഈ മുന്നണിക്ക് കടക്കാനാകില്ല. യുപി-ബീഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 120 ലോക്സഭാസീറ്റില് പകുതിയോളം അതായത് അറുപത് സീറ്റെങ്കിലും ബിജെപി നേടുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഇതോടെ മൂന്നാം മുന്നണി എന്ന സ്വപ്നവും ശിഥിലമാവുകയാണ്. കോണ്‍ഗ്രസ്സും മൂന്നാം മുന്നണിയും ബിജെപിയേക്കാള്‍ ഏറെ പിന്നിലായിരിക്കും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഫിനിഷ് ചെയ്യുക എന്നതിന്റെ വ്യക്തമായ സൂചനയായി ഈ നിയമസഭാതെരഞ്ഞെടുപ്പ് ഫലങ്ങളെ കാണാം.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: