അഡ്ലെയ്ഡ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയക്ക് കൂറ്റന്‍ സ്കോര്‍. ഒന്നാം ഇന്നിംഗ്സില്‍ കംഗാരുക്കള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 570 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെയും (148) മികച്ച ഫോം തുടരുന്ന ബ്രാഡ് ഹാഡിന്റെയും (118) തകര്‍പ്പന്‍ ബാറ്റിംഗാണ് ഓസ്ട്രേലിയക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ഇംഗ്ലണ്ട് രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സെടുത്തിട്ടുണ്ട്. 20 റണ്‍സുമായി കാര്‍ബെറിയും 9 റണ്‍സുമായി റൂട്ടുമാണ് ക്രീസില്‍. മൂന്ന് റണ്‍സെടുത്ത ഇംഗ്ലീഷ് നായകന് അലിസ്റ്റര്‍ കുക്കാണ് പുറത്തായത്. ഒമ്പത് വിക്കറ്റുകള്‍ കയ്യിലിരിക്കെ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 535 റണ്‍സിന് പിന്നിലാണ്.
273ന് അഞ്ച് എന്ന നിലയില്‍ രണ്ടാം ദിവസം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഓസ്ട്രേലിയക്ക് വേണ്ടി ഉജ്ജ്വല ഫോമിലുള്ള ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കും വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിനും ചേര്‍ന്ന് മികച്ച ബാറ്റിംഗ് പുറത്തെടുത്തു. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 200 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇതിനിടെ ഇരുവരും സെഞ്ച്വറി പൂര്‍ത്തിയാക്കി. മൈക്കല്‍ ക്ലാര്‍ക്ക് 175 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളുടെയും ഹാഡില്‍ 157 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളുടെയും നാല് സിക്സറുകളുടെയും കരുത്തിലാണ് സെഞ്ച്വറി തികച്ചത്. ഒടുവില്‍ സ്കോര്‍ 457-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞത്. 245 പന്തില്‍ നിന്ന് 148 റണ്‍സ് നേടിയ ക്ലാര്‍ക്കാണ് ആദ്യം മടങ്ങിയത്. സ്റ്റോക്കിന്റെ പന്തില്‍ ആന്ഡേഴ്സണ് ക്യാച്ച് നല്‍കിയാണ് ഓസീസ് നായകന് കൂടാരം കയറിയത്. സ്കോര്‍ 474-ല്‍ എത്തിയപ്പോള്‍ അഞ്ച് റണ്‍സെടുത്ത മിച്ചല്‍ ജോണ്‍സണെയും സ്കോര്‍ 483-ല്‍ നില്‍ക്കേ രണ്ട് റണ്‍സെടുത്ത പീറ്റര്‍ സിഡിലിനെയും ഓസീസിന് നഷ്ടമായി. സ്കോര്‍ 529-ല്‍ എത്തിയപ്പോള്‍ ബ്രാഡ് ഹാഡിനും മടങ്ങി. 118 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും അഞ്ച് സിക്സറുമടക്കം 118 റണ്‍സെടുത്ത ഹാഡിനെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പന്തില്‍ മാറ്റ് പ്രയര്‍ കയ്യിലൊതുക്കി. പിന്നീട് റയാന് ഹാരിസും (55 നോട്ടൗട്ട്) നഥാന്‍ ലിയോണും (17 നോട്ടൗട്ട്) ചേര്‍ന്ന് സ്കോര്‍ 570-ല്‍ എത്തിച്ചതോടെ ഓസീസ് നായകന് മൈക്കല്‍ ക്ലാര്‍ക്ക് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്നും സ്വാനും സ്റ്റോക്കും രണ്ടും വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ഇംഗ്ലണ്ടിന് സ്കോര്‍ബോര്‍ഡില്‍ രണ്ടക്കം തികയും മുന്നേ ആദ്യ വിക്കറ്റ് നഷ്ടമായി. മൂന്ന് റണ്‍സെടുത്ത നായകന് അലിസ്റ്റര്‍ കുക്കിനെ മിച്ചല്‍ ജോണ്സണ് ബൗള്‍ഡാക്കി. പിന്നീട് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ കാര്‍ബെറിയും റൂട്ടും ചേര്‍ന്ന് രണ്ടാം ദിവസത്തെ കളി അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: