ഇന്ന് ഡിസംബര്‍ 6. ശ്രീരാമക്ഷേത്രം തകര്‍ത്ത് അതിന്റെ അവശിഷ്ടംകൊണ്ട് വിദേശാക്രമി ബാബര്‍ കെട്ടിപ്പൊക്കിയ മകുടം മണ്ണടിഞ്ഞ ദിവസം. 1992 ഡിസംബര്‍ 6നാണത് സംഭവിച്ചത്. അതിന് മുമ്പും പിമ്പും അയോധ്യയില്‍ വിഗ്രഹാരാധനയേ നടക്കുന്നുള്ളു. ഭൂമിയും ആകാശവും ഇതേപോലെ നിലനില്‍ക്കുന്ന കാലത്തോളം മറിച്ചൊന്നും അവിടെ സംഭവിക്കാനും പോകുന്നില്ല. ശ്രീരാമവിഗ്രഹം പൂജിക്കുന്ന ഇന്നത്തെ താത്കാലിക സ്ഥാനത്ത് ശതകോടി ഭക്തരാഗ്രഹിക്കുംവിധം മഹാക്ഷേത്രം ഉയരാനുള്ള ഒരുക്കങ്ങളെല്ലാമായി. വിക്രമാദിത്യന്റെ കാലത്ത് നിര്‍മ്മിച്ച ശ്രീരാമക്ഷേത്രത്തിന്റെ പകിട്ടും പ്രൗഢിയും ഉള്ക്കൊള്ളുംവിധമൊരു ക്ഷേത്രം.
സ്ഥലതര്‍ക്കം സംബന്ധിച്ച് ആറര പതിറ്റാണ്ടായി നിലനിന്ന വ്യവഹാരങ്ങള്‍ അവസാനിപ്പിച്ചിട്ടുതന്നെ രണ്ടുവര്‍ഷം കഴിഞ്ഞു. ഇപ്പോഴുള്ള തടസ്സം നപുംസകനയം തുടരുന്ന കേന്ദ്രസര്‍ക്കാര്‍ മാത്രമാണ്. അതിനന്ത്യംകുറിക്കാന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ഒന്നുറപ്പായി. അയോധ്യയില്‍ മഹാക്ഷേത്രം ഉയരാനുള്ള വഴിയൊരുങ്ങി.
2010 സപ്തംബര്‍ 30നാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ശ്രീരാമജന്മസ്ഥാന്‍ ഇപ്പോള്‍ വിഗ്രഹമുള്ള സ്ഥലത്താണെന്ന് അസന്ദിഗ്ധമായി കണ്ടത്തിയത്. അവിടെ നിലനില്‍ക്കേണ്ടത് ക്ഷേത്രമാണെന്ന് കോടതി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ശ്രീരാമനെ കേവലമൊരു ആരാധനാ മൂര്‍ത്തിയായല്ല കാണുന്നത്. ഭാരതീയ മനസ്സിനെ ഉത്തേജിപ്പിക്കുകയും ജീവസ്സുറ്റതാക്കുകയും ചെയ്ത മഹത്തായ മാതൃകകൂടിയാണ് ശ്രീരാമന്. ജനങ്ങളില്‍ മാനസിക കെട്ടുറപ്പും സാംസ്കാരികവും ആദ്ധ്യാത്മികവും മാത്രമല്ല ഭൗതികമായ ബന്ധവും നല്കാന് ശ്രീരാമന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെയാവണം സ്വതന്ത്ര ഇന്ത്യ രാമരാജ്യമാകണമെന്ന് ഗാന്ധിജി ആഗ്രഹിച്ചത്.
ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായി ശ്രീരാമനെ ബന്ധപ്പെടുത്താന്‍ ഗാന്ധിജി ശ്രദ്ധിച്ചത് വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു. ഗാന്ധിജിയുടെ രാംധുന്‍ ഓരോ സ്വാതന്ത്ര്യസമര സേനാനിയുടെയും ചുണ്ടില്‍ തത്തിക്കളിച്ചിരുന്നു. സ്വരാജ് രാമരാജിനോട് തുലനം ചെയ്ത ഗാന്ധിജിയോടുള്ള കടപ്പാട് കൂടിയാണ് ജന്മസ്ഥാനത്ത് രാമക്ഷേത്രം. ഭാരതത്തില്‍ ശ്രീരാമന് അവഗണിക്കപ്പെടുകയോ അവഹേളിക്കപ്പെടുകയോ ചെയ്യുന്ന അവസ്ഥ ഊഹിക്കാന്‍പോലും പറ്റാത്തതാണ്. അതുകൊണ്ടാണ് ശ്രീരാമ ജന്മസ്ഥാനില്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ ആരാധനാലയം ഉണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ആവശ്യം അംഗീകരിക്കാന്‍ നീതിപീഠത്തില്‍നിന്നും വിധി ഉണ്ടായത് അഭിമാനകരവും ചരിത്രത്തിലെ ഉജ്ജ്വലമായ തീരുമാനവും തന്നെയാണ്. അതിനുമുമ്പ് നടന്ന ഉദ്ഖനനങ്ങളും പഠനങ്ങളുമെല്ലാം ഒരുമഹാക്ഷേത്രം അയോധ്യയില്‍ നിലനിന്നതിന് വ്യക്തമായ തെളിവ് ലഭിച്ചിരുന്നു.
വിദേശാക്രമികളെ വീരാരാധനയോടെ കാണുന്നവരും അവരെ പ്രീണിപ്പിക്കാനും പ്രീതിപ്പെടുത്താനും ശ്രമിക്കുന്നവര്‍ക്കും മാത്രമേ ശ്രീരാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തെ എതിര്‍ക്കാനാകൂ. ഭാരതത്തില്‍ ദേശീയതയുടെയും സംസ്കാരത്തിന്റെയും സമുജ്ജല ചിഹ്നമായാണ് ഇതിനെ കണക്കാക്കിയിരുന്നത്. ദേശീയ സാംസ്കാരിക പൈതൃകത്തെ വീണ്ടെടുക്കാനുള്ള അദമ്യവും അഗാധവുമായ അഭിവാഞ്ഛയുടെ പൂര്‍ത്തീകരണത്തിന്റെ പ്രധാന ചുവടുവയ്പായിരുന്നു. ഹൈക്കോടതി വിധി. എന്നിട്ടും അതനുസരിച്ചുള്ള നടപടിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ കൂട്ടാക്കിയില്ല.
അയോധ്യയിലെ ശ്രീരാജന്മസ്ഥാനിലുണ്ടായിരുന്ന കെട്ടിടം മുസ്ലീങ്ങള്‍ക്ക് മതപരമായി പ്രാധാന്യമുള്ളതാണെന്ന് മുസ്ലീങ്ങള്‍പോലും കണ്ടിരുന്നില്ല. മറ്റൊരു മതസ്ഥാനം തകര്‍ത്ത് പണിചെയ്ത പള്ളിയില്‍ അല്ലെങ്കില്‍ തര്‍ക്കസ്ഥലത്ത് നടത്തുന്ന പ്രാര്‍ത്ഥന നിഷ്ഫലമാകുമെന്ന് വിശ്വസിക്കുന്നവരാണ് ബഹുഭൂരിപക്ഷം വിശ്വാസികളും. മതപ്രീണനം രാഷ്ട്രീയ ലക്ഷ്യമാക്കിയ കപടമതേതര കക്ഷികളുടെ കുത്തിത്തിരിപ്പില്‍ പെട്ടുപോയവരാണ് സത്യം അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്നത്.
ശ്രീരാമജന്മസ്ഥാന്‍ വീണ്ടെടുക്കാനുള്ള പ്രയത്നങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. നൂറുകണക്കിന് യുദ്ധങ്ങളും ആയിരക്കണക്കിന് ശ്രീരാമഭക്തരുടെ ബലിദാനത്തിനും അത് വഴിവച്ചു. എന്നിട്ടും പ്രതീക്ഷ കൈവിടാതെ പൊരുതുന്നതിനിടയിലും ബാബറി കെട്ടിടം പള്ളിയാണെന്ന് വിശ്വസിക്കുന്നവരുടെ വികാരവും മാനിക്കാതിരുന്നില്ല. തര്‍ക്കം സംബന്ധിച്ചുണ്ടായ സന്ധി സംഭാഷണങ്ങളില്‍ നല്കിയ വാഗ്ദാനങ്ങള്‍ തന്നെ അതിന് മതിയായ തെളിവുകളാണ്.
ശ്രീരാമജന്മസ്ഥാന്‍ അംഗീകരിച്ച് ക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ സഹായകമായ നിലപാട് സ്വീകരിച്ചാല്‍ തൊട്ടടുത്ത് തന്നെ പള്ളി നിര്‍മിക്കാന്‍ സകല സൗകര്യവും സഹായവും നല്കാന് ശ്രീരാമക്ഷേത്രമുക്തിക്കായി പ്രയത്നിച്ചവര്‍ സന്നദ്ധമായിരുന്നതാണ്. ഒരു ഘട്ടത്തില്‍ ഇത് അംഗീകരിക്കപ്പെടുമെന്നായപ്പോള് ചില കേന്ദ്രങ്ങളുടെ കുല്സിത ശ്രമങ്ങള്‍മൂലം അത് അട്ടിമറിക്കപ്പെട്ടു. ഇനിയും സംശയങ്ങളിലേക്കും തര്‍ക്കങ്ങളിലേക്കും നീട്ടിക്കൊണ്ടുപോകാതെ സഹവര്‍ത്തിത്ത്വത്തിന്റെയും സൗഹൃദത്തിന്റെയും പൂനിലാവ് സൃഷ്ടിക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. ഇതില്‍ കേന്ദ്രസര്‍ക്കാറിനാണ് മുഖ്യപങ്ക് വഹിക്കാനുള്ളത്. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെയും സമഭാവനയുടെയും സമുജ്ജ്വല സ്ഥാനമായി അയോധ്യ വളര്‍ത്താന്‍ മുന്‍കൈ എടുക്കണം. അതിന് തയ്യാറാവാത്തവരെ അധികാരസ്ഥാനങ്ങളില്‍ നിന്നും ഇറക്കിവിടാനാവണം. അതുകൊണ്ടുതന്നെ അടുത്ത തിരഞ്ഞെടുപ്പിന്റെ പ്രസക്തി വളരെ വലുതാണ്. അതൊരു രാമ-രാവണ യുദ്ധത്തിന്റെ പുനരവതരണമായി പര്യവസാനിക്കുമെന്നുറപ്പ്.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: