ഇന്ന് ഡോ. അംബേദ്കര്‍ സമാധി ദിനം
ഇന്ത്യന്‍ ഭരണഘടനാ ശില്പിയും ഭാരതത്തിലെ നവോത്ഥാന നഭോമണ്ഡലത്തിലെ അത്യുജ്ജ്വല താരവുമായ അംബേദ്ക്കര്‍ സമാധി അടഞ്ഞിട്ട് 57 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. മേറ്റ്ല്ലാ നവോത്ഥാന നായകന്മാരില്നിന്നും വേറിട്ട് നില്ക്കുന്ന ഒരു വിശിഷ്ട വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. കാരണം അദ്ദേഹം ലക്ഷ്യംവച്ച ഏറ്റവും പ്രധാനപ്പെട്ട രണ്ടു കാര്യങ്ങള്‍ രാജ്യത്തെ സകലരേയും അറിയിച്ചും ബോധ്യപ്പെടുത്തിയും ജീവിതകാലത്തുതന്നെ നടപ്പിലാക്കി. മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം അവര്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ അവരെ ചുറ്റുപ്പറ്റി നിന്നവര്‍ മാത്രമല്ലാതെ ബഹുജനങ്ങള്‍ കാര്യമായി ഒന്നും അറിയുകയോ കേള്‍ക്കുകയോ മനസ്സിലാക്കുകയോ ചെയ്തിരുന്നില്ല. അവരുടെ കാലശേഷം അവരുടെ അനുയായികള്‍ മൂലമാണ് കുറച്ചെങ്കിലും ഒരുവിഭാഗം ജനങ്ങളില്‍ എത്തിച്ചേര്‍ന്നത്.
ഒരു അയിത്ത ജാതി വിഭാഗമായ മഹര്സമുദായത്തില് ജനിച്ച് നിരവധി സാമൂഹ്യ തിന്മകള് അനുഭവിച്ച് വളര്‍ന്നുവന്ന ഒരു കുട്ടി ബിഎ പാസായി. ബറോഡ മഹാരാജാവ് ഗെയ്ക്ക്വാഡിന്റെ കാരുണ്യപൂര്‍ണ്ണമായ സഹായത്തോടെ അമേരിക്കയില്‍ എത്താനും കൊളംബിയ സര്‍വ്വകലാശാലയില്‍ ചേരാനും അവിടെനിന്ന് എംഎ പിഎച്ച്ഡി ബിരുദം സമ്പാദിക്കാനും ഭാഗ്യം സിദ്ധിച്ചു. ബറോഡ മഹാരാജാവിന്റെ സെക്യൂരിറ്റി ഓഫീസറായും പിന്നീട് ഇംഗ്ലണ്ടിലെത്തി ബാര്‍-അറ്റ്-ലോ പരീക്ഷയും മറ്റു പല സര്‍വ്വകലാശാലകളില്‍നിന്ന് നിരവധി ബിരുദങ്ങളും നേടി ഇന്ത്യയില്‍ തിരിച്ചെത്തി. ബോംബെയില്‍ വക്കീല്‍ പണിയില്‍ ഏര്‍പ്പെട്ട് നിരവധി സാമൂഹ്യ സമരങ്ങള്‍ക്ക് നേതൃത്വം നല്കി. അയിത്തജാതിക്കാരുടെ അവശതകള്‍ പരിഹരിക്കുന്ന വിധത്തില്‍ സ്വാതന്ത്ര്യസമര നേതൃത്വത്തില്‍ ആയിരുന്ന മഹാത്മാഗാന്ധിയുമായി അഭിപ്രായവ്യത്യാസം ഉണ്ടാകുകയും നിരവധി തര്ക്കങ്ങളില്പ്പെടുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും രണ്ടുപേരുടെയും ലക്ഷ്യം ഒന്നായിരുന്നു. ഹിന്ദുമതത്തെ പരിഷ്കരിക്കുക എന്നതും ഹിന്ദുമതത്തിലെ അനാചാരങ്ങളും അയിത്താചരണവും നിര്‍മ്മാര്‍ജ്ജനം ചെയ്യുകയെന്നതും അയിത്തജാതിക്കാരെ പൊതുസമൂഹത്തോടൊപ്പം ഉയര്‍ത്തിക്കൊണ്ട് വരിക എന്നതുമായിരുന്നു അത്.
വട്ടമേശ സമ്മേളനങ്ങളില്‍ക്കൂടി അദ്ദേഹം നേടിയെടുത്ത രണ്ട് കാര്യങ്ങളുമായി ഗാന്ധിജിക്ക് വിയോജിപ്പുണ്ടായി. ഒന്നാം വട്ടമേശ സമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ പ്രതിനിധികളാരും ഉണ്ടായിരുന്നില്ല. വിവിധ സമുദായങ്ങളുടെയും ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിലേയും ബ്രിട്ടീഷ് ഗവണ്മെന്റിന്റെയും ബ്രിട്ടീഷ് പാര്‍ലമെന്റിന്റെയും പ്രതിനിധികള്‍ പങ്കെടുത്ത ആ സമ്മേളനം “ഭാരതത്തിന് ഉണ്ടാക്കാന്‍ പോകുന്ന ഏതൊരു ഭരണഘടനാ ഭേദഗതിയും അയിത്തജാതിക്കാര്‍ക്കും പിന്നോക്ക സമുദായക്കാര്‍ക്കും ക്രിസ്ത്യന്‍ മുസ്ലീം സമുദായക്കാര്‍ക്കും എല്ലാവധി സംരക്ഷണങ്ങളും ഉറപ്പ് നല്കു”മെന്ന് പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കി പിരിഞ്ഞു. വിദേശ വസ്ത്ര ബഹിഷ്കരണം, സിവില്‍ നിയമലംഘനം, ഉപ്പ് സത്യാഗ്രഹം എന്നീ സമരങ്ങള്‍ മൂലം ജയിലിലായിരുന്ന മഹാത്മാഗാന്ധി സമരം നിരുപാധികം പിന്‍വലിച്ച് ബ്രിട്ടീഷ് ഇന്ത്യ ഭരണാധികാരിയായിരുന്ന ഇര്വിന് പ്രഭുവായി സന്ധിയുണ്ടാക്കി (ഗാന്ധി-ഇര്വിന് സന്ധി 1931) 1932ലെ രണ്ടാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കുകയുണ്ടായി. ഒന്നാം വട്ടമേശ സമ്മേളനത്തില്‍ അംബേദ്ക്കര്‍ ഒരു മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു. അതുപോലെ രണ്ടാം വട്ടമേശ സമ്മേളനത്തിലും അയിത്തജാതിക്കാരുടെ രാഷ്ട്രീയ പ്രാതിനിധ്യം സംബന്ധിച്ച് ഒരു മെമ്മോറാണ്ടം കൂടി സമര്‍പ്പിച്ചു. വട്ടമേശ സമ്മേളനം ഗാന്ധി-അംബേദ്ക്കര്‍ വാക്സംഘട്ടന വേദിയായി മാറി. ഒടുവില്‍ സമ്മേളനം തീരുമാനമെടുക്കാതെ അലസിപ്പിരിഞ്ഞു. അതിനുശേഷം ബ്രിട്ടീഷ് ഗവണ്മെന്റ് നിയമിച്ച വോട്ടവകാശകമ്മീഷന് ഇന്ത്യ സന്ദര്‍ശിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം കമ്മ്യൂണല്‍ അവാര്‍ഡ് എന്ന ഒരു തീരുമാനം ഗവണ്മെന്റ് പ്രഖ്യാപിച്ചു. വട്ടമേശ സമ്മേളനം അലസിപ്പിരിഞ്ഞതിനുശേഷം ഇന്ത്യയില്‍ എത്തിയ ഗാന്ധിജിയെ ബ്രിട്ടീഷ് ഗവണ്മെന്റ് അറസ്റ്റ് ചെയ്ത് യെര്‍വാദ ജയിലിലാക്കിയിരുന്നു. ജയിലിലായിരുന്ന ഗാന്ധിജി കമ്മ്യൂണല്‍ അവാര്‍ഡ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് 1932 സെപ്തംബര്‍ 20ന് നിരാഹാരസമരം ആരംഭിച്ചു. നാല് ദിവസത്തിനുശേഷം 24ന് വൈകിട്ട് ഒത്തുതീര്‍പ്പായി സമരം പിന്‍വലിച്ചു. ഈ ഒത്തുതീര്‍പ്പിന്റെ പേരാണ് പൂനാകരാര്‍.
പൂനാകരാറിനുശേഷം നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ അയിത്ത ജാതിക്കാര്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുകയും 149 പേര് ജയിച്ച് നിയമസഭാ അംഗങ്ങളാകുകയും ചെയ്തു. 1947 ആഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ഭരണഘടന നിര്‍മ്മാണ സമിതിയില്‍നിന്ന് ഡ്രാഫ്റ്റിംഗ് കമ്മറ്റിയെ തെരഞ്ഞെടുക്കുകയും ആ ഏഴംഗ സമിതിയുടെ ചെയര്‍മാനായി ഡോക്ടര്‍ അംബേദ്ക്കര്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അങ്ങനെയാണ് അദ്ദേഹം ഭരണഘടനാ ശില്പ്പിയായി തീര്‍ന്നത്. സ്വതന്ത്രഭാരതത്തിന്റെ ആദ്യത്തെ നിയമമന്ത്രിയായിരുന്നതും അദ്ദേഹം തന്നെ. പ്രധാനമന്ത്രി നെഹ്റുവുമായി അഭിപ്രായവ്യത്യാസമുണ്ടായതിനെത്തുടര്ന്ന് അദ്ദേഹം രാജിവച്ചു. പിന്നീടും രാജ്യസഭ അംഗമായിരുന്നിട്ടുണ്ട്.
ജീവിതത്തില്‍ അദ്ദേഹം ലക്ഷ്യംവച്ച രണ്ട് കാര്യങ്ങള്‍ അയിത്തം എന്നന്നേയ്ക്കും അവസാനിപ്പിക്കുക എന്നതും അയിത്തജാതിക്കാര്‍ക്ക് രാഷ്ട്രീയ അധികാരത്തില്‍ പങ്ക് നേടിയെടുക്കുക എന്നതുമായിരുന്നു. അത് രണ്ടും ജീവിതകാലത്തുതന്നെ നടന്നു. ഇതിനുവേണ്ടി നടത്തിയ ഒട്ടേറെ സമരങ്ങള്‍ ഭാരതസമൂഹത്തെ പിടിച്ച് കുലുക്കിയിട്ടുണ്ട്.
അവസാനകാലത്ത് അദ്ദേഹം ബുദ്ധമതം സ്വീകരിച്ചു. അത് അത്ര ശരിയല്ലെന്ന അഭിപ്രായമാണ് എനിക്കുള്ളത്. എന്നാല്‍ ഒന്നിലധികം പ്രാവശ്യം അദ്ദേഹം “ഞാന്‍ ഒരു അയിത്തജാതിക്കാരനായി മരിക്കുകയില്ലെന്ന്” പ്രഖ്യാപിച്ചിട്ടുണ്ട്. ആ പ്രഖ്യാപനം പാലിക്കുന്നതിനുവേണ്ടി ആയിരിക്കാം അദ്ദേഹം ബുദ്ധമതത്തില്‍ ചേര്‍ന്നത്. ആചരിക്കാന്‍ വളരെ പ്രയാസപ്പെട്ട മതമാണ് ബുദ്ധമതം എന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും ആചരിക്കാന്‍ പ്രയാസപ്പെട്ട ആ മതത്തിലേയ്ക്ക് അദ്ദേഹം ഒറ്റയ്ക്കല്ല. എട്ട് ലക്ഷത്തോളം മഹര്സമുദായക്കാരുമായിട്ടാണ് പോയത്.
എം.കെ.കുഞ്ഞോല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: