കൊച്ചി: സാമ്പത്തിക പ്രതിസന്ധിയിലായ ഫാക്ടിന് താല്കാലിക ആശ്വാസം. ഫാക്ടിന്റെ വികസനത്തിനായി 8800 കോടി രൂപയുടെ പാക്കേജിന് അനുമതിലഭിച്ചതായി ഫാക്ട് സി.എം.ഡി. ജയ്വീര് ശ്രീവാസ്തവ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 7000 കോടി രൂപ പ്ലാന്റുകളുടെ നവീകരണത്തിനാണ് ചെലവഴിക്കുക. ശേഷിച്ച തുക ഗ്രാന്റായും സോഫ്റ്റ് ലോണായും പ്രയോജനപ്പെടുത്തും. ഫാക്ടിന്റെ ഉല്‍പ്പാദന ശേഷി പത്തു ലക്ഷം ടണ്ണില്‍ നിന്ന് 30 ലക്ഷം ടണ്ണായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫാക്ടിന്റെ എഞ്ചിനീയറങ്ങ് വിഭാഗമായ ഫെഡോയെ സ്വതന്ത്ര ലാഭ കേന്ദ്രമാക്കും. ദല്‍ഹി, മുംബൈ, ബറോഡ, മധ്യ പൂര്‍വ്വേഷ്യ എന്നിവിടങ്ങളില്‍ ഫെഡോയുടെ ഓഫീസുകള്‍ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.
3000 മെട്രിക് ടണ്‍ എന്‍പികെ പ്ലാന്റ്, സള്‍ഫ്യൂറിക് ആസിഡ് പ്ലാന്റ് എന്നിവക്കായി 1000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. രണ്ട് പ്ലാന്റും ഉദ്യോഗമണ്ഡലിലായിരിക്കും സ്ഥാപിക്കുക.
വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജലമാര്‍ഗ്ഗം ബാര്‍ജ്ജ് ഉപയോഗിച്ച് അമോണിയ കൊണ്ടുപോകുന്നതിനുള്ള സംരംഭത്തിന് തുടക്കം കുറിച്ചു. ആരംഭഘട്ടത്തില്‍ ഉദ്യോഗമണ്ഡലില്‍ ഉത്പാദിപ്പിക്കുന്ന അമോണിയ ബാര്‍ജ്ജ് വഴി ഫാക്ടിന്റെ അമ്പലമേട് യൂണിറ്റിലായിരിക്കും എത്തിക്കുക. കൊച്ചി തുറമുഖത്ത് ഇറക്കുമതി ചെയ്യുന്ന അമോണിയ ഉദ്യോഗമണ്ഡല്‍, അമ്പലമേട് യൂണിറ്റുകളിലേക്ക് കൊണ്ടുപോകുന്നതും ഈ മാര്‍ഗ്ഗത്തിലൂടെയായിരിക്കും. നിലവില്‍ ഒരു ബാര്‍ജ്ജ് മാത്രമാണ് ഉള്ളത്. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ബാര്‍ജ്ജ് കൂടി സജ്ജമാക്കുമെന്ന് ഫാക്ട് സിഎംഡി ജയ്വീര് ശ്രീവാസ്തവ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പകല്‍ സമയത്ത് അമോണിയ റോഡ് മാര്‍ഗ്ഗം കൊണ്ടുപോകുന്നതിന് അധികൃതര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ആവശ്യത്തിനുള്ള അമോണിയ അമ്പലമേട് യൂണിറ്റില്‍ എത്തിക്കുന്നതിന് തടസ്സം നേരിട്ടിരുന്നു. അതിനാലാണ് പ്രധാന അസംസ്കൃത വസ്തുവായ അമോണിയ എത്തിക്കുന്നതിന് മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടേണ്ടിവന്നതെന്നും ശ്രീവാസ്തവ പറഞ്ഞു.
ഫാക്ടിന്റെ അമ്പലമേട് യൂണിറ്റില്‍ ഫാക്ടംഫോസ് ഉത്പാദനത്തിനായി പ്രതിദിനം 500 ടണ്‍ അമോണിയ ആവശ്യമാണ്. റെയില്‍, റോഡ് മാര്‍ഗ്ഗമാണ് അമോണിയ ഇവിടേക്ക് എത്തിച്ചുകൊണ്ടിരുന്നത്. റെയില്‍ മാര്‍ഗ്ഗം അമോണിയ എത്തിക്കുന്നതിന് ഫാക്ടിന് എട്ട് അമോണിയ ബുള്ളറ്റ് ടാങ്കറുകളാണ് ഉള്ളത്. ഈ ബുള്ളറ്റ് ടാങ്കറുകള്‍ ബാര്ജ്ജില് ഘടിപ്പിച്ച് ജലമാര്‍ഗ്ഗം അമോണിയ കൊണ്ടുപോകുന്ന രീതിയാണ് പുതുതായി അവലംബിച്ചിരിക്കുന്നത്. ബ്യൂറോ വെരിറ്റാസ് എന്ന ഏജന്‍സി ഇതിനാവശ്യമായ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. ബാക്ക്വാട്ടര്‍ നാവിഗേഷന്‍ കമ്പനി എന്ന സ്ഥാപനത്തിനാണ് അമോണിയ നീക്കത്തിനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്. ഈ കമ്പനിയുടെ എംവി ഹെയ്ല്മേരി എന്ന ബാര്ജ്ജിലാണ് ബുള്ളറ്റ് ടാങ്കറുകള്‍ ഘടിപ്പിക്കുക. ബാര്ജ്ജിന് അന്തര്‍ദ്ദേശീയ ഏജന്‍സി ക്ലാസ് സര്‍ട്ടിഫിക്കറ്റും നല്‍കിയിട്ടുണ്ട്.
190 ടണ്‍ അമോണിയ വഹിച്ചുകൊണ്ടുള്ള ബാര്‍ജ്ജിന്റെ ആദ്യയാത്ര ഉദ്യോഗമണ്ഡലില്‍ ഫാക്ടിന്റെ ടെക്നിക്കല്‍ ഡയറക്ടര്‍ വി.കെ.അനില്‍ ഫ്ലാഗ് ഓഫ് ചെയ്തു. ജയ്വീര് ശ്രീവാസ്തവ ബാര്‍ജ്ജിനെ അമ്പലമേട്ടില്‍ സ്വീകരിച്ചു. ഡയറക്ടര്‍മാരായ വി.കെ. അനില്‍, പി.മുത്തുസ്വാമി, വി.സുബ്രഹ്മണ്യന്, ജനറല്‍ മാനേജര്‍മാര്‍, ട്രേഡ്യൂണിയന്‍ നേതാക്കന്മാര് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: