ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇന്ന് പ്രതിക്കൂട്ടിലാണ്. കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫില്‍ എ ഗ്രൂപ്പുകാരന് എന്നറിയപ്പെടുന്ന തിരുവഞ്ചൂര്‍ കോണ്‍ഗ്രസുകാരനോ സിപിഎമ്മിന്റെ പിണിയാളോ എന്ന സംശയം വളരുകയാണ്. ടി.പി വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഇട്ടിട്ടും അതിനെതിരെയുള്ള മന്ത്രിയുടെ മൃദുവായ സമീപനം തിരുവഞ്ചൂരിനെ സ്വന്തം പാര്‍ട്ടിയില്‍തന്നെ ഒറ്റപ്പെടുത്തിയിരിക്കുകയാണ്.
കണ്ണൂര്‍ എംപി കെ.സുധാകരന് പത്രസമ്മേളനം നടത്തി ആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ആഭ്യന്തരവകുപ്പിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തിരുവഞ്ചൂര്‍ രാജിവയ്ക്കണമെന്ന ആവശ്യം ഉയര്‍ത്തിയത് കെ.മുരളീധരനാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരിക്കണം കേരളത്തില്‍ സ്വന്തം പാര്‍ട്ടിയില്‍നിന്നുതന്നെ എതിര്‍പ്പ് നേരിടുന്ന ആദ്യത്തെ ആഭ്യന്തരമന്ത്രി. ഇദ്ദേഹം പ്രതിപക്ഷമായ സിപിഎമ്മുമായി ധാരണയിലാണെന്ന വിശ്വാസം ഇന്ന് പ്രബലമാണ്. തിരുവഞ്ചൂര്‍ സോളാര്‍ കേസ് വന്ന നാള് മുതല്‍ ദുര്‍ബലമായ അന്വേഷണം നടത്തിയതിനാല്‍ പ്രതിക്കൂട്ടിലുള്ള ആളാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുനേരെ കല്ലേറുണ്ടായ സംഭവം തെളിയിക്കാന്‍, പ്രതികളെ പിടികൂടാന്‍ ഒരുമാസമെടുത്തതും ആഭ്യന്തരമന്ത്രിയുടെ പരാജയമായാണ് വിലയിരുത്തുന്നത്.
സോളാര്‍ വിവാദത്തില്‍ സ്വന്തം പാര്‍ട്ടിക്കാരെ കളങ്കപ്പെടുത്താന്‍ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തുവെന്ന ആരോപണവും അദ്ദേഹം നേരിടുന്നു. ഈ പശ്ചാത്തലത്തിലാണ് ടി.പി വധക്കേസിലെ പ്രതികളുടെ ജയിലിലെ സുഖവാസവും ഫേസ്ബുക്ക് ഉപയോഗവും വീക്ഷിക്കപ്പെടുന്നത്. ഒത്തുതീര്‍പ്പുകളുടെ ആശാന് എന്നറിയപ്പെടുന്ന മന്ത്രി ജയിലില്‍ ടി.പി വധക്കേസ് പ്രതികള്‍ ഫേസ്ബുക്കും മറ്റും ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ അവഗണിച്ചതിലൂടെ സിപിഎമ്മിനെ സഹായിക്കാന്‍ ബദ്ധശ്രദ്ധനാണെന്ന സംശയം ദൃഢമാണ്. ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞതിന്റെ തലേദിവസം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കണ്ണൂരിലെത്തി എന്തിന് ഇ.പി.ജയരാജനെ കണ്ടുവെന്ന ചോദ്യവും പ്രസക്തമാവുകയാണ്. പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ആഭ്യന്തരമന്ത്രിയുടെ കീഴിലാണ്. ഇപ്പോള്‍ ഹൈക്കോടതിപോലും ചൂണ്ടിക്കാണിക്കുന്നത് കേരളാ പോലീസ് ജനങ്ങളെ സംരക്ഷിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടിരിക്കുന്നുവെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയരുന്നുവെന്നും എന്നിട്ടും പോലീസ് നിഷ്ക്രിയമാണെന്നുമാണ്. പോലീസ് സംരക്ഷണ ഹര്‍ജികളുടെ പ്രാബല്യം ഇതാണ് തെളിയിക്കുന്നതെന്നും കോടതി പറയുന്നു. ഈ സ്ഥിതി ഉത്കണ്ഠാജനകമാണെന്ന് ഹൈക്കോടതി പറയുമ്പോള്‍ പോലീസ് വകുപ്പിന്റെ നിഷ്ക്രിയത്വത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം വകുപ്പ് ഭരിക്കുന്ന ആഭ്യന്തരമന്ത്രിക്കാണല്ലോ. പോലീസില്‍ മൂന്ന് വര്‍ഷമായി ഒരു പുതിയ നിയമനവും നടന്നിട്ടില്ലെന്നും വാര്ഡന് തസ്തികയില്‍ 1000 പേര് വേണ്ട സ്ഥാനത്ത് വെറും 500 പേര് മാത്രമാണുള്ളതെന്നും ജയിലുകള്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാണിക്കുന്നു. ഇങ്ങനെ നിഷ്ക്രിയനായ ഒരു ആഭ്യന്തരമന്ത്രി എന്തിന് തല്‍സ്ഥാനത്ത് തുടരണമെന്ന ചോദ്യം പ്രസക്തമാണ്. അല്പ്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിക്ക് കുടപിടിക്കുമെന്നും മന്ത്രിസ്ഥാനം കുടുംബസ്വത്തായി കിട്ടിയതല്ലെന്നും കെ.സുധാകരന് പറഞ്ഞത് പത്രസമ്മേളനത്തിലാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊള്ളാത്ത മന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
തിരുവഞ്ചൂര്‍ എന്നും സിപിഎമ്മിനെ സഹായിക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നത്. ടി.പി വധക്കേസിന്റെ അന്വേഷണം സിപിഎം നേതൃത്വത്തിലെത്തിയപ്പോള് ഉദ്യോഗസ്ഥര്‍ക്ക് തടയിട്ടത് തിരുവഞ്ചൂരാണ്. ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസ് സിബിഐ അന്വേഷണത്തിന് വിടില്ല. എംഎസ്എഫ് നേതാവ് ഷുക്കൂര്‍ വധക്കേസും സിബിഐ അന്വേഷിക്കാതെ തടഞ്ഞു. സിപിഎമ്മിലെ രാഷ്ട്രീയമായി ദുര്‍ബലമാക്കാനുള്ള അവസരങ്ങള്‍ തിരുവഞ്ചൂര്‍ മനഃപൂര്‍വം നശിപ്പിക്കുന്നു. പി.ജയരാജന്റെ അറസ്റ്റിന്ത്തുടര്‍ന്ന് 140 കോണ്‍ഗ്രസ് ഓഫീസുകള്‍ സിപിഎമ്മുകാര്‍ തകര്‍ത്തപ്പോള്‍ ഒരാളെപ്പോലും അറസ്റ്റ് ചെയ്യരുതെന്ന് സര്‍ക്കുലര്‍ അയച്ചയാളാണ് മന്ത്രി. ബിജെപി പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയപ്പോള്‍ സിപിഎം ഓഫീസുകള്‍ക്ക് കാവലേവര്പ്പെടുത്താനും മന്ത്രി നിഷ്ക്കര്‍ഷിച്ചു. അണികളിലും മന്ത്രിക്കെതിരെ എതിര്‍പ്പ് ശക്തമായത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ റിജിന്‍ മാങ്കുറ്റിയെ ‘പട്ടി’ എന്ന് വിളിച്ചതിനാലാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് തിരുവഞ്ചൂരിന്റെ രാജി ആവശ്യപ്പെട്ട് പ്രകടനം നടത്തുകയും കോലം കത്തിക്കുകയും ചെയ്തു. എന്നിട്ടും കേരളാ മുഖ്യമന്ത്രി മൗനവ്രതം അനുഷ്ഠിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: