ന്യൂദല്‍ഹി: വിവിധ ആവശ്യങ്ങളുമായി വന്ന് വെറും കയ്യോടെ മടങ്ങുന്ന ഉമ്മന്‍ചാണ്ടിയുടെ ദുര്‍വിധിക്ക് ഇന്നലെയും ആവര്‍ത്തനം. റബര്‍ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കില്ലെന്ന ധനമന്ത്രിയുടെ ഉറച്ച നിലപാടില്‍ നിരാശനായ ഉമ്മചാണ്ടിക്ക് പ്രധാനമന്ത്രിയെ കാണുന്നതിനുള്ള അനുമതിയും ലഭിച്ചില്ല. ഉച്ചയ്ക്കു ശേഷമുള്ള മന്‍മോഹന്‍സിങ്ങിന്റെ എല്ലാ പരിപാടികളും റദ്ദാക്കിയതാണ് മുഖ്യമന്ത്രിയുടെ ദല്‍ഹിയാത്ര വെറുതെയാകാന്‍ കാരണമായത്.
റബ്ബര്‍ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും കസ്തൂരി രംഗന് സമിതി റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഭേദഗതികള്‍ക്കു വേണ്ടിയുമായിരുന്നു പ്രധാനമായും ഉമ്മന്‍ചാണ്ടിയുടെ ദല്‍ഹി യാത്ര. എന്നാല്‍ ഉച്ചയ്ക്ക് ഒരു മണിക്ക് നോര്‍ത്ത് ബ്ലോക്കില്‍ ധനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച വെറുതെയായി. അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ റബ്ബറിെന്റ വില കൂടിയെന്നും ഈ സാഹചര്യത്തില്‍ തീരുവ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ന്യായമല്ലെന്നും ധനമന്ത്രി തുറന്നടച്ചു. റബര്‍കര്‍ഷകരുടെ സാഹചര്യം ധനമന്ത്രിയെ ബോധ്യപ്പെടുത്താനും മുഖ്യമന്ത്രിക്കായില്ല. തുടര്‍ന്ന് കസ്തൂരി രംഗന് റിപ്പോര്ട്ടിന്മേലുള്ള കേരളത്തിന്റെ ഭേദഗതികളുമായി പ്രധാനമന്ത്രിയെ കാണുന്നതിനുള്ള ശ്രമവും പരാജയപ്പെടുകയായിരുന്നു. ഇതിനു പുറമേ കേരളത്തില്‍ എ,ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള പ്രശ്നം വലിയ തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടതോടെ കനപ്പെട്ട മുഖഭാവത്തോടെയാണ് ഉമ്മന്‍ചാണ്ടിയുടെ കേരളത്തിലേക്കുള്ള മടക്കം.
കസ്തൂരി രംഗന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പരിസ്ഥിതി ലോല മേഖലകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കേരളത്തിലെ വില്ലേജുകളെ ജനസംഖ്യാനുപാതികമായി പുനര്‍ നിര്വ്വചിക്കണമെന്ന ആവശ്യം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നല്‍കിയതായി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉപഗ്രഹ നിരീക്ഷണം നടത്തി പരിസ്ഥിതി ലോല മേഖലകളില്പ്പെടുത്തിയ പല വില്ലേജുകളിലും ഒരേക്കര്‍ പോലും വനമില്ലെന്നും ഉപഗ്രഹ സര്‍വ്വേയിലെ തെറ്റുതിരുത്തി പുതിയ സര്‍വ്വേ നടത്തണമെന്നും കേരളം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ജനവാസ കേന്ദ്രങ്ങളെ റിപ്പോര്‍ട്ടില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കണം. പരിസ്ഥിതി സംരക്ഷണ മേഖല കേരളത്തില്‍ ഉള്‍പ്പെടുത്തരുത്. രാജ്യത്തെ വനത്തിന്റെ ശരാശരി 22 ശതമാനമായിരിക്കെ കേരളത്തില്‍ വനവിസ്തൃതി 28.4 ശതമാനമാണ്. ഇതു സംസ്ഥാനത്ത് വനസംരക്ഷണം കാര്യക്ഷമമായി നടക്കുന്നു എന്നതിന്റെ തെളിവാണ്, ഉമ്മന്‍ചാണ്ടി പറഞ്ഞു.
സംസ്ഥാനത്തിനു ലഭിക്കുന്ന ഭക്ഷ്യ ധാന്യങ്ങളുടെ അളവ് 14.72 ലക്ഷം ടണ്ണില്‍ നിന്നും 16.01 ലക്ഷം ടണ്ണാക്കി സ്ഥിരമായി ഉയര്‍ത്തണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഫാക്ടിന്റെ പുനരുദ്ധാരണത്തിനായി നികുതിയിളവ് ഉള്‍പ്പെടെ 991 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കണം. കൊച്ചിയിലെ എച്ച്എംടിയെ പ്രത്യേക കമ്പനിയായി മാറ്റുന്നതിനുള്ള പദ്ധതി മന്ത്രാലയം അംഗീകരിച്ചു. രണ്ടു മൂന്നു മാസത്തിനുള്ളില്‍ ഇതു സംബന്ധിച്ച കാര്യങ്ങള്‍ ആരംഭിക്കും. കൊച്ചിയില്‍ തുറമുഖ ട്രസ്റ്റിന്റെ കീഴില്‍ 40,000 കോടി രൂപയുടെ എണ്ണ ശുദ്ധീകരണശാല ഉള്‍പ്പെടെയുള്ള തുറമുഖ പദ്ധതിക്ക് അംഗീകാരം ലഭിച്ചതായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ചക്കിട്ടപാറ ഖാനനാനുമതി റദ്ദാക്കിയതാണെന്നും വിശദമായ അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അതൃപ്തി കെപിസിസി പ്രസിഡന്റ് നേരിട്ട് തന്നോട് പറഞ്ഞതായും ഉമ്മന്‍ചാണ്ടി അറിയിച്ചു.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: