വാരപ്പെട്ടി എന്നാല്‍ ‘സ്നേഹപ്പെട്ടി’യാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് അവിടുത്തെ സരസ്വതി വിദ്യാനികേതന്‍ സ്കൂളില്‍ ഒരു മാതൃസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ പോയപ്പോഴാണ്. എന്നെ ഏറ്റവും സ്പര്‍ശിച്ചത് ആ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ മുതിര്‍ന്നവരുടെ കാല്‍തൊട്ട് വന്ദിച്ച കാഴ്ചയാണ്. ആര്‍ഷഭാരത സംസ്കാരം അനന്യമാണ്. ആര്‍ഷഭാരതത്തെ ഹൈന്ദവഭാരതം എന്ന് വിവര്‍ത്തനം ചെയ്യുമ്പോള്‍ ജാതി-മത വ്യത്യാസങ്ങള്‍ തീവ്രമായ കേരളത്തില്‍ അത് ശരിയായി തിരിച്ചറിയപ്പെടണമെന്നില്ല.
ഇന്ന് കുട്ടികള്‍ സ്വന്തം വീട്ടില്‍പ്പോലും അന്യരാണ്. അച്ഛനും അമ്മയും ജോലിചെയ്യുന്ന അണുകുടുംബങ്ങളില്‍ കുട്ടികള്‍ക്ക് അവഗണന അനുഭവപ്പെടുന്നതില്‍ അത്ഭുതപ്പെടാനില്ല. കുടുംബത്തില്‍നിന്നും ഇമ്പം അപ്രത്യക്ഷമായപ്പോള്‍ വീട്ടില്‍ ഓരോ അംഗവും ഓരോ ദ്വീപുകളായി സ്വന്തം ലോകങ്ങളില്‍ വസിക്കുന്നു. കുട്ടികള്‍ കുട്ടികളാവുന്നത് കൂട്ടുകാര്‍ക്കൊപ്പവും സ്കൂളിലുമാണ്. നല്ല കൂട്ടുകെട്ടിലല്ല കുട്ടികള്‍ ചെന്നുപെടുന്നതെങ്കില്‍ അവര്‍ വഴിതെറ്റി പോകുന്നത് സ്വാഭാവികം. അവരുടെ പെരുമാറ്റത്തിലെ മാറ്റങ്ങളോ സ്വഭാവത്തിലെ ദുരൂഹതകളോ മാതാപിതാക്കളുടെ ശ്രദ്ധയില്വരുന്നുപോലുമില്ല.
ഇന്ന് കുട്ടികള്‍ 12 വയസ്സില്‍ മദ്യപാനശീലം തുടങ്ങുന്നുണ്ട്. ഇന്റര്‍നെറ്റില്‍ നീലച്ചിത്രങ്ങള്‍ കാണുന്നുണ്ട്. ഇതൊന്നും മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെടുന്നില്ല. തന്റെ ജ്യേഷ്ഠന് മദ്യപിച്ച് കണ്ട നീലച്ചിത്രം അയാളറിയാതെ വീക്ഷിച്ച ആറ് വയസ്സുകാരനാണ് അത് അനുകരിച്ച് ഇടുക്കി ജില്ലയില്‍ മൂന്ന് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച് മരപ്പൊത്തില്‍ ഒളിപ്പിച്ചത്.
ജുവനെയില്‍ ജസ്റ്റിസ് നിയമം മാറ്റണമെന്ന ആവശ്യം ഇന്ന് ശക്തമാകുകയാണ്. അതിന് കാരണം ദല്‍ഹി കൂട്ടമാനഭംഗക്കേസില്‍ ഏറ്റവും ക്രൂരത കാണിച്ച് കുട്ടിയുടെ വയറ്റില്‍ ഇരുമ്പുകമ്പി കയറ്റിയ 17 വയസുകാരനെ ശിക്ഷിക്കാതെ ജുവനെയില്‍ ഹോമില്‍ പ്രവേശിപ്പിച്ചതാണ്. ദല്‍ഹി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. മുംബൈയില്‍ ഒരു പത്രപ്രവര്‍ത്തകയെ കൂട്ടബലാല്‍സംഗം ചെയ്തതിലും ഒരു പതിനേഴുകാരന് ഉള്‍പ്പെട്ടിരുന്നുവെന്നും അയാളാണ് ഏറ്റവും ക്രൂരത കാട്ടിയതെന്നും വിവരങ്ങള്‍ ലഭ്യമാണ്. ഈ പശ്ചാത്തലത്തിലാണ് ‘ജുവനെയില്‍’ എന്ന വാക്കിന്റെ അര്‍ത്ഥം വിപുലീകരിക്കണമെന്നും മാറ്റണമെന്നും മറ്റുമുള്ള ആവശ്യം ഉയരുന്നത്. ദേശീയ വനിതാ കമ്മീഷനും ഈ ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്.
കുട്ടികളുടെ മനുഷ്യാവകാശം ഇന്ന് സമൂഹത്തില്‍ വളരെ ശ്രദ്ധനേടിയ വിഷയമാണ്. 18 വയസില്‍ താഴെയുളള കുട്ടികള്‍ക്ക് സ്വയംനിര്‍ണയാവകാശമോ സ്വന്തമായി തീരുമാനമെടുക്കാനുള്ള അവകാശമോ ഇല്ല. അവര്‍ക്ക് സുരക്ഷിതത്വവും വിദ്യാഭ്യാസവും നല്കാന് ബന്ധപ്പെട്ടവര്‍ ബാധ്യസ്ഥരാണ്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ കുട്ടികളുടെ ജയില്‍ശിക്ഷക്കും ബാലവേലയ്ക്കും എതിരാണ്. പക്ഷെ വനിതാശിശുക്ഷേമ മന്ത്രാലയം പറയുന്നത് കൂട്ടബലാല്‍സംഗം, കൊലപാതകം മുതലായവ ചെയ്യുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പ്രായപൂര്‍ത്തിയായവരായി പരിഗണിക്കണമെന്നാണ്.
കൂട്ടബലാല്സംഗമുള്പ്പെടെ ബാലകുറ്റകൃത്യങ്ങള്‍ ഇന്ന് കൂടിവരികയാണ്. എങ്കിലും 1993 വരെ നിലനിന്നതിനേക്കാള്‍ ഇപ്പോള്‍ കുറയുന്നു എന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. 1980-1991 വരെ ബലംപ്രയോഗിച്ചുള്ള ബലാല്സംഗങ്ങളില് ഉണ്ടായ 50 ശതമാനം വര്‍ധന 1991 ഓടെ കുറഞ്ഞുവത്രേ. പ്രായപൂര്‍ത്തിയാവാത്ത 2900 പേരാണ് നിര്‍ബന്ധിത ബലാല്‍സംഗക്കുറ്റത്തിന് 2010 ല്‍ അറസ്റ്റിലായത്.
ഇപ്പോള്‍ 17 വയസ്സും 364 ദിവസവും പ്രായമുള്ള കുട്ടിയും പ്രായത്തിന്റെ ആനുകൂല്യത്തില്‍ കൊലപാതകത്തിനും നിര്‍ബന്ധിച്ചുള്ള ബലാല്സംഗങ്ങള്ക്കും ശിക്ഷ ലഭിക്കാതെ രക്ഷപ്പെടുന്ന അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് ജുവനെയില്‍ ജസ്റ്റിസ് എന്ന സങ്കല്‍പ്പം പുനഃപരിശോധനാ വിധേയമാക്കണമെന്ന മുറവിളി ഉയരുന്നത്. മുംബൈ കൂട്ടബലാല്‍സംഗക്കേസിലും 17 വയസ്സും 6 മാസവും പ്രായമുള്ളവനാണ് ഏറ്റവും ക്രൂരത കാട്ടിയത്. ഇങ്ങനെയുള്ള കുറ്റവാളികള്‍ക്ക് ജുവനെയില്‍ ജസ്റ്റിസിന്റെ പേരില്‍ പരിഗണന നല്‍കുന്നത് ക്ഷമിക്കാവുന്നതല്ല.
ജെ.ജെ. ആക്ടിന്റെ ലക്ഷ്യംതന്നെ കുറ്റവാളികളില്‍ കൗണ്സലിംഗില്ക്കൂടിയും മറ്റും മാനസിക പരിവര്‍ത്തനമുണ്ടാക്കുക എന്നതാണ്. പക്ഷെ പ്രായപൂര്‍ത്തിയാകാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കെ ജെ.ജെ ഹോമുകളില്‍നിന്ന് രക്ഷപ്പെടുന്ന കുട്ടിയ്ക്ക് മുതിര്‍ന്നവരുടെ ജയിലില്‍ പ്രവേശനമില്ല. അവനിലെ ക്രിമിനല്‍ വാസന മുതിര്‍ന്നവരുടെ ഇടയില്‍ കൂടുതല്‍ ശക്തിപ്പെടുമെന്ന വിശ്വാസമാണ് ഇതിന് കാരണം. പക്ഷെ കുറ്റവാളികളായ ഇവര്‍ സ്വതന്ത്രരായി സമൂഹത്തില്‍ വിലസുന്നത് അപകടകരമല്ലേ?
പഠനങ്ങള്‍ തെളിയിക്കുന്നത് 16-നും 20-നും മധ്യേയുള്ള കുട്ടികളാണ് സാഹസികമായ കുറ്റങ്ങള്‍ അധികം ചെയ്യുന്നത് എന്നാണ്. ഇന്ത്യയില്‍ 2012 ല്‍ 23,87,188 കുറ്റകൃത്യങ്ങള്‍ നടന്നതില്‍ 27936 കുറ്റങ്ങള്‍ ചെയ്തതും കുട്ടികള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നവരാണ്. 35,123 കുട്ടികള്‍ അറസ്റ്റുചെയ്യപ്പെട്ടു. 2856 കൊലപാതകങ്ങളും ബലാല്‍സംഗങ്ങളും അവര്‍ ചെയ്തു.
ഇന്ന് കുട്ടികളുടെ സുരക്ഷ മാത്രമേ സാമൂഹിക ചര്‍ച്ചാവിഷയമാകുന്നുള്ളൂ. തീര്‍ച്ചയായും കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുതന്നെയാണ്. ഒരു കുറ്റവാളികുട്ടിയെ അമ്മ ചട്ടുകം പഴുപ്പിച്ചുവച്ചത് വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. അത്ര കടുത്ത ശിക്ഷയിലേക്ക് പോയില്ലെങ്കിലും അമ്മമാര്‍ കുട്ടികളെ നേര്‍വഴിക്ക് നടക്കാനായി ചെറിയ ശിക്ഷകള്‍ നല്‍കേണ്ടതാണ്. എന്റെ കുട്ടിക്കാലത്ത് അടുത്ത വീട്ടില്‍നിന്നും പാല് വാങ്ങിക്കൊണ്ടുവരുമ്പോള്‍ എന്റെ കയ്യില്‍നിന്നും പാത്രം മറിഞ്ഞ് കുറച്ച് പാല് താഴെ പോയി. ഞാന്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ പാടത്തുനിന്നും വെള്ളം കോരിയെടുത്ത് പാലിന്റെ അളവ് തികച്ചു. വീട്ടിലെത്തിയപ്പോള്‍ “എന്താണ് പാല് ഇങ്ങനെ?” എന്ന് അമ്മ ചോദിച്ചപ്പോള്‍ മഴക്കാലത്ത് പാല് ഇങ്ങനെയാണ് എന്ന് മറുപടി നല്കിയ എന്നെ അമ്മ കാപ്പിവടി ഒടിച്ച് പൊതിരെ തല്ലി. പിന്നീട് ചേര്‍ത്തുപിടിച്ച് “മോള് നുണ പറയരുത് കേട്ടോ” എന്നുപദേശിച്ചു. ആ ശിക്ഷയും ലാളനയും ഇന്നും എന്റെ മനസ്സില്‍ അവശേഷിക്കുന്നു.
കുടുംബങ്ങളില്‍നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ ഒട്ടും ശുഭോദര്‍ക്കമല്ല. അമ്മയുടെ കാമുകന് പീഡിപ്പിച്ചു എന്ന പരാതിയുമായി മകള്‍ സ്കൂള്‍ കൗണ്‍സലറുടെ അടുത്തെത്തുന്നു. അച്ഛന്റെ രണ്ടാംഭാര്യയും അച്ഛനും ചേര്‍ന്ന് പീഡിപ്പിച്ച് മരണത്തിന്റെ വക്കിലെത്തിയ ഷഫീക്ക് എന്ന പിഞ്ചുകുട്ടി വെല്ലൂരിലെ മാസങ്ങള്‍ നീണ്ട ചികിത്സക്കുശേഷം ചിരിക്കാനുള്ള കഴിവ് മാത്രം നേടി തിരിച്ചെത്തി അനാഥാലയത്തില്‍ കഴിയുന്നു. സ്വന്തം അമ്മയാണ് വരാപ്പുഴ പെണ്‍കുട്ടിയെ ശോഭാ ജോണിന് ഒരു ലക്ഷം രൂപയ്ക്ക് വിറ്റത്. പറവൂര്‍ പെണ്‍കുട്ടിയെ അച്ഛന് പീഡിപ്പിച്ച ശേഷമാണ് പെണ്‍വാണിഭക്കാര്‍ക്ക് കൈമാറിയത്.
അസ്വാരസ്യങ്ങളുള്ള കുടുംബങ്ങളിലാണ് കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതും പീഡകരാകുന്നതും. ക്രിമിനല്‍ സ്വഭാവമുള്ള രക്ഷിതാക്കളുടെ കുട്ടികള്‍ ക്രിമിനലുകളാകുന്നു. ഇന്ന് കഞ്ചാവും മദ്യവും കുട്ടികള്‍ക്ക് ലഹരിയാണ്. അതിന് പണമുണ്ടാക്കാന്‍ കവര്‍ച്ചക്കും അവര്‍ മുതിരുന്നു. ഇന്ന് കുട്ടികളും ക്വട്ടേഷന്‍ കൊടുത്ത് കുറ്റങ്ങള്‍ ചെയ്യിപ്പിക്കുന്നുണ്ട്.
ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ കുട്ടികളുടെ ലോകം വീടും സ്കൂളും മാത്രമല്ല. അവര്‍ ഫേസ്ബുക്കിലും മറ്റും വ്യാപൃതരാണ്. ഫേസ്ബുക്ക് പ്രണയങ്ങളും വര്‍ധിക്കുന്നു. ഫേസ്ബുക്കില്‍ ലഭിക്കുന്ന വിവരങ്ങളുടെ വിശ്വാസ്യത പോലും തിരക്കാതെ പെണ്‍കുട്ടികള്‍ ചതിക്കപ്പെടുന്നുണ്ട്. മൊബെയില്‍ ഫോണ്‍ കുട്ടികള്‍ക്ക് മറ്റൊരു ലോകജാലകം തുറക്കുന്നു. കുട്ടികള്‍ വഴിതെറ്റാന്‍ സാധ്യതയുള്ളവരാണെന്ന് തിരിച്ചറിയുന്ന മുതിര്‍ന്ന ക്രിമിനലുകള്‍ അവരെ ലൈംഗികപീഡനത്തിനിരയാക്കുകയും മോഷണം പോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നു. ധനാര്‍ത്തി കുട്ടികളിലും വളരുന്നതിനാല്‍ അവര്‍ വേഗം മോഹവലയത്തിലകപ്പെടുന്നു.
ഞാന്‍ എഴുതുന്നത് വരുംതലമുറയുടെ കാര്യങ്ങളാണ്. വളര്‍ന്നു വലുതായി രാജ്യം ഭരിക്കേണ്ടുന്നവര്. അവര്‍ മൂല്യങ്ങളില്ലാതെ വളര്‍ന്നാല്‍ ഒരു സമൂഹം തന്നെ അപകടത്തിലാകും. ഇന്ന് രാജ്യം അഴിമതിയുടെ കൂത്തരങ്ങാണ്. രാഷ്ട്രീയാധികാരം അഴിമതിക്കുള്ള അധികാരമാണെന്ന് പാറഖനനവും ഇരുമ്പയിര് ഖാനനവും നമ്മെ ബോധ്യപ്പെടുത്തുന്നു. കേരളത്തിന്റെ പാരിസ്ഥിതിക സമ്പത്ത് പോലും വില്‍പ്പനചരക്കാക്കി പ്രകൃതിദുരന്തത്തിന് വഴിയൊരുക്കുന്നവരാണ് ഇന്നത്തെ രാഷ്ട്രീയ നേതാക്കള്‍.
അതുകൊണ്ടുതന്നെ വരുംതലമുറയെ പ്രകൃതിസംരക്ഷകരായും ജനസംരക്ഷകരായും വളര്‍ത്തിയെടുക്കേണ്ടതിന്റെ ബാധ്യത ഈ തലമുറയ്ക്കാണ്. തൊട്ടിലാട്ടുന്ന കൈകളാണ് രാജ്യം ഭരിക്കുന്നത്. ആഗോളവല്‍ക്കരണത്തിന്റെ ഇക്കാലത്ത് വിവിധ സംസ്കാരങ്ങളും മൂല്യങ്ങളും സമൂഹത്തില്‍ കടന്നുകയറ്റം നടത്തുമ്പോള്‍ നമ്മുടെ കുട്ടികളെ അത്തരം നിഷേധാത്മക സ്വാധീനങ്ങളില്‍നിന്നും രക്ഷിച്ച് മാതാപിതാക്കളെയും സമൂഹത്തെയും സ്നേഹിക്കുന്നവരാക്കി, രക്ഷിക്കുന്നവരാക്കി വളര്‍ത്താന്‍ അമ്മമാരും (അച്ഛന്മാരും) ശ്രദ്ധിക്കേണ്ടതാണ്.
e-mail: [email protected]
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: