കല്‍പ്പറ്റ :കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴില്‍ അമ്പലവയലില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം കൂടുതല്‍ പരിഷ്കാരങ്ങളിലേക്ക്. കേന്ദ്രത്തിനു കൈവശമുള്ള 87 ഹെക്ടറിലും വെട്ടിത്തിളങ്ങുകയാണ് കാര്‍ഷിക ചൈതന്യം. മണ്ണ് കാടുപിടിച്ച് തരിശുകിടക്കുന്നത് ഇപ്പോള്‍ പഴങ്കഥ. ഒരു സെന്റ് ഭൂമി പോലും വെറുതെയിടരുതെന്ന വാശിയിലാണ് കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ.പി.രാജേന്ദ്രനും സംഘവും. കാര്‍ഷികവിജ്ഞാനം ജനങ്ങളിലെത്തിക്കുന്നതിലും അവര്‍ കാട്ടുന്നത് കറയറ്റ ശുഷ്കാന്തി.
1945ല്‍ അന്നത്തെ മദ്രാസ് സര്‍ക്കാര്‍ ആരംഭിച്ച തോട്ടമാണ് 1972ലെ കാര്‍ഷിക സര്‍വകലാശാലാ രൂപീകരണത്തിനു പിന്നാലെ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രമായി മാറിയത്. ധൂര്‍ത്തിന്റെയും കെടുകാര്യസ്ഥതയുടെയും പേരിലാണ് അടുത്തകാലംവരെ കേന്ദ്രം അറിയപ്പെട്ടിരുന്നത്. കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന ഗവേഷണഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ ഗവേഷണ കേന്ദ്രത്തിനു കഴിഞ്ഞിരുന്നില്ല. വയനാട്ടില്‍ കുരുമുളകുകൃഷിയെ വിഴുങ്ങിയ ദ്രുതവാട്ടവും മന്ദവാട്ടവും ഉള്‍പ്പെടെ രോഗങ്ങള്‍ക്കു മുന്നില്‍ പകച്ചുനില്ക്കുകയായിരുന്നു ഗവേഷകര്‍. എന്നാലിന്ന് വ്യത്യസ്തമാണ് ചിത്രം. കുരുമുളകിന്റേതടക്കം രോഗ,കീട പ്രതിരോധശേഷിയുള്ള തൈകള്‍ ഗവേഷണകേന്ദ്രം വികസിപ്പിച്ചുകഴിഞ്ഞു. ഇവ കൃഷിക്കാര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നീക്കങ്ങളും പുരോഗതിയിലാണ്.
കാപ്പി, കുരുമുളക്, നെല്ല്, തെങ്ങ്, കമുക്, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, തീറ്റപ്പുല്ലുകള്‍, പൂച്ചെടികള്‍ തുടങ്ങിയവയുടെ വിജയകരമായ കൃഷിയില്‍ കര്‍ഷകര്‍ക്ക് നേരിട്ടും അല്ലാതെയും മാര്‍ഗനിര്‍ദേശം നല്കുന്ന ഗവേഷണകേന്ദ്രം മേല്‍ത്തരം നടീല്‍വസ്തുക്കളുടെ ലഭ്യതയും ഉറപ്പുവരുത്തുന്നുണ്ട്. ഹൈടെക് ഫാമിങ് ഗ്രാമീണ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ മുന്നിലുള്ള ഗവേഷണ കേന്ദ്രത്തില്‍ കാര്‍ഷിക കര്‍മസേനയും രൂപീകരിച്ചിട്ടുണ്ട്. 47 സ്തീകളും ആറ് പുരുഷന്മാരും ഉള്‍പ്പെടുന്നതാണ് കാര്‍ഷിക കര്‍മ സേന. ഹൈടെക് ഫാമിങ്, പോളിഹൗസ് നിര്‍മ്മാണണം, ആധുനിക കാര്‍ഷിക ഉപകരണങ്ങളുടെ ഉപയോഗം, ജലസേചനവിദ്യകള്‍ തുടങ്ങി കൃഷിയുടെ വിവിധ തലങ്ങളിലാണ് ഇവര്‍ക്ക് പരിശീലനം. ചെറുപ്പക്കാരെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനായി ആസുത്രണം ചെയ്തതാണ് കാര്‍ഷിക കര്‍മ്മസേനയെന്ന് കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ പറഞ്ഞു. പരിശീലനം പൂര്‍ത്തിയാക്കുന്ന സേനാംഗങ്ങളെ പ്രതിഫലം നല്കി കര്‍ഷകര്‍ക്ക് ഉപയോഗപ്പെടുത്താനാകും. കാര്‍ഷിക സര്‍വകലാശാലയുടെ മഞ്ചേരി ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കാര്‍ഷിക കര്‍മ്മസേനയെ കൃഷിക്കാര്‍ വിപുലമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഏകദേശം 200 മണിക്കൂര്‍ നീളുന്നതാണ് കാര്‍ഷിക കര്‍മ്മസേനാംഗങ്ങളുടെ പരിശീലനം.
നിലവില്‍ 600 ഇനം റോസ് ചെടികളാണ് ഗവേഷണകേന്ദ്രത്തില്‍. 750 ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഗാര്ഡന് വിപുലീകരിക്കാനാണ് പദ്ധതി. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ റോസ് ഗാര്‍ഡന്റെ വിസ്തൃതി നാല് ഏക്കറാകും. മൂന്നര ഏക്കര്‍ വിസ്തൃതിയില്‍ ആസൂത്രണം ചെയ്തിരിക്കുന്ന ഡാലിയ ഗാര്‍ഡനിലേക്ക് ആവശ്യമായ ചെടികള്‍ അടുത്തമാസത്തോടെ എത്തും. ഇന്ത്യയിലെ ആദ്യത്തെ ഡാലിയ ഗാര്‍ഡനായിരിക്കും ഇത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ഇറക്കുമതി ചെയ്യുന്നതാകും ചെടികളില്‍ ഏറെയും.
കാര്‍ഷിക കോളേജിന്റെ പ്രവര്‍ത്തനം അടുത്ത അധ്യയനവര്‍ഷം തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷണകേന്ദ്രം അധികൃതര്‍. ഐസിഎആര്‍ അംഗീകാരത്തിനുള്ള കടലാസുപണികള്‍ പുരോഗതിയിലാണ്. ഗവേഷണ കേന്ദ്രത്തിലെ സോയില്‍ അനലറ്റിക്കല്‍ ലാബിലെ സൗകര്യങ്ങളാണ് കോളേജിനുവേണ്ടി തത്കാലം ഉപയോഗപ്പെടുത്തുക. സീറ്റുകളില്‍ 30 ശതമാനം വയനാട്, ഇടുക്കി ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്യും. നിലവില്‍ കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴില്‍ തിരുവനന്തപുരം, പടന്നക്കാട്, വെള്ളായണി എന്നിവിടങ്ങളിലാണ് കോളേജുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: