ഹയാന് കൊടുങ്കാറ്റ് 2013 നവംബര്‍ 8 ന് വെള്ളിയാഴ്ച വെളുപ്പിന് 5 മണിയ്ക്കാണ് കിഴക്കേ ഫിലിപ്പീന്‍സില്‍ ആഞ്ഞടിച്ചത്. മണിക്കൂറില്‍ 380 കി.മീ.വേഗതയിലാണ് സംഹാര താണ്ഡവമാടിയത്. ലെയറ്റ് പ്രോവിന്‍സിലാണ് കൊടുങ്കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. അവിടെ സമുദ്രത്തില്‍നിന്ന് തിരമാലകള്‍ 16 അടി ഉയരത്തില്‍ കരയിലേക്ക് ആഞ്ഞടിച്ചു. ടാക്ലോബാന്‍ നഗരം അതോടെ അടിഞ്ഞുപോയി. തടികൊണ്ടുള്ള വീടുകള്‍ വെള്ളത്തില്‍ പൊങ്ങിക്കിടന്നു. അല്ലാത്തവ തകര്‍ന്നടിഞ്ഞു. ജനങ്ങളെ കടല്‍ തുടച്ചെടുത്തു. മരണ സംഖ്യ 10000ത്തിലധികമെന്നാണ് ആദ്യത്തെ റിപ്പോര്‍ട്ടുകള്‍.
എന്നിരുന്നാലും ഫിലിപ്പീന്‍സിന്റെ ഔദ്യോഗിക സ്ഥിരീകരണം മരണസംഖ്യ 5200 ല്‍ കൂടുതലെന്നാണ്. ആ രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമാണിത്. 23500 പേര്‍ക്കെങ്കിലും സാരമായി പരിക്കേല്‍ക്കുകയും 2000ത്തോളം പേരെ കാണാതാവുകയും ചെയ്തിരുന്നു. അരക്കോടിയോളം പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു. ലെയറ്റ് പ്രവിശ്യയിലെ ടാക്ലോബാന്‍ പട്ടണത്തിലെ 50 ശതമാനം രക്ഷാപ്രവര്‍ത്തനം പോലും പൂര്‍ത്തിയായിട്ടില്ലെന്നതാണ് വാസ്തവം. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പ്രാദേശിക ലേഖകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയിലടിച്ച കത്രീന കൊടുങ്കാറ്റിനേക്കാള്‍ മൂന്നര ഇരട്ടി ശക്തിയുള്ളതായിരുന്നു ഹയാന് എന്നാണ് റെഡ്ക്രോസ് സംഘടന പറയുന്നത്.
കൊടുങ്കാറ്റിന് മുമ്പ് 7 ലക്ഷം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. എന്നിട്ടും കൊടുങ്കാറ്റില്‍ ആയിരക്കണക്കിനാളുകളാണ് മരിച്ചത്. രക്ഷപ്പെട്ടവര്‍ ഫിലിപ്പീന്‍സിലെ 7000 ദ്വീപുകളിലായി അഭയം പ്രാപിച്ചിരിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുപ്രകാരം 11 ദശലക്ഷം ആളുകളെയാണ് കൊടുങ്കാറ്റ് സാരമായി ബാധിച്ചത്. 673000 ആളുകളെങ്കിലും ഹയാന് കൊടുങ്കാറ്റിന്റെ തീവ്രത മൂലം ഭവനരഹിതരായി. ലെയറ്റില് മാത്രം 220000 ആളുകള്‍ ഭവനരഹിതരായി മാറിയെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. മേല്‍ക്കൂര നഷ്ടപ്പെടുകയും പൂര്‍ണമായി നശിക്കുകയും ചെയ്ത വീടുകളാണേറെയും. ലെയറ്റ് പട്ടണം കൂടാതെ സമാര്‍ പട്ടണവും ഫിലിപ്പീന്ക്കാര് പറയുന്ന ഹൊളാന്ഡ (ഹയാന്) കൊടുങ്കാറ്റിന് ഇരയായി മാറി. വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ടാണ് ഭൂരിഭാഗവം മരണങ്ങളും സംഭവിച്ചത്. ടാക്ലേബാനിലെ 300 പോലീസുകാരില്‍ 20 പേര് മാത്രമേ കൊടുങ്കാറ്റടിക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നുള്ളൂ എന്ന് മേയര്‍ പരാതിപ്പെട്ടു. ഭാരമുള്ള വസ്തുക്കള്‍ ശരീരത്തില്‍ ശരവേഗത്തില്‍ വന്നിടിച്ചാണ് മിക്കവാറും പേര്‍ക്ക് പരുക്ക് പറ്റിയത്. 300000 ത്തോളം ആളുകള്‍ക്ക് ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി യാചിക്കേണ്ട അവസ്ഥ വന്നെത്തിയിരിക്കുന്നു ഫിലിപ്പീന്‍സില്‍. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷങ്ങള്‍ ഭവനരഹിതരായി. 286000 പേരെയാണ് 993 ദുരിതാശ്വാസ ക്യാമ്പുകളിലാക്കിയത്. മൃതദേഹങ്ങള്‍ വെള്ളത്തില്‍ ഒഴുകി നടക്കുകയായിരുന്നു.
ഫിലിപ്പീന്‍സിലെ 36 പ്രവിശ്യകളിലായി ദശലക്ഷക്കണക്കിനാളുകള്‍ ഹയാന്റെ ദുരിതം പേറി. വിമാനത്താവളം തകര്‍ന്നടിഞ്ഞതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കുറഞ്ഞു. മിക്കവാറും സ്ഥലങ്ങളില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങളും വൈദ്യുതിബന്ധവും താറുമാറായി. ജനങ്ങള്‍ ദ്വീപുകളില്‍ ഒറ്റപ്പെട്ടു. വെള്ളവും ഭക്ഷണവുമില്ലാതെ അനേകം ജനങ്ങള്‍ കഷ്ടതയനുഭവിച്ചു. 2013 ല്‍ ലോകത്തുണ്ടായ കൊടുങ്കാറ്റുകളില്‍ ഏറ്റവും ഭീകരമായ കൊടുങ്കാറ്റാണ് ഹയാന് എന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ വിലയിരുത്തി. ഹയാന് മനിലയോടടുത്തപ്പോള് കാറ്റിന് വേഗത മണിക്കൂറില്‍ 600 കിലോ മീറ്ററിലധികമായിരുന്നു. കൊടുങ്കാറ്റില്‍ രൂപപ്പെട്ട വന്‍തിരകള്‍ തീരം ലക്ഷ്യമാക്കിയടുത്തപ്പോള് 2004 ലെ സുനാമിയ്ക്ക് സമാനമായ അന്തരീക്ഷമായിരുന്നു. ഫിലിപ്പീന്‍സില്‍ അങ്ങോളമിങ്ങോളം തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങളാണ്. ടക്ലോബാനിലാണ് ഏറ്റവും അധികം ജീവഹാനിയുണ്ടായത്. വാഹനങ്ങള്‍ ഒഴുകി നടന്നു. റോഡുകളെല്ലാം തകര്‍ന്നടിഞ്ഞതുകൊണ്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ സാവധാനത്തിലായിരുന്നു. കൊടുങ്കാറ്റിനെ തുടര്‍ന്ന് ഉറ്റവരെ വേര്‍പിരിഞ്ഞ അനേകായിരം പിഞ്ചുകുഞ്ഞുങ്ങള്‍ ഉണ്ടായി. ഫിലിപ്പീന്‍സിലെ ജനസംഖ്യയുടെ ഒമ്പത് ശതമാനവും കൊടുങ്കാറ്റിനാല്‍ ദുരിതബാധിതരായി. രക്ഷാപ്രവര്‍ത്തകര്‍ വന്ജനാവലിക്കാണ് ഭക്ഷണത്തിനും വെള്ളത്തിനും മരുന്നിനും പുറമെ കിടപ്പാടവും ഒരുക്കേണ്ടത്.
ഫിലിപ്പീന്‍സുകാര്‍ക്ക് കൊടുങ്കാറ്റും പ്രളയവും സുനാമിയും അഗ്നിപര്‍വത സ്ഫോടനവും പുത്തരിയല്ല. എന്നാല്‍ ഇതുപോലെ ഒരു ദുരന്തം വളരെ വിരളമാണ്. വര്‍ഷത്തില്‍ 20 കൊടുങ്കാറ്റുകളെങ്കിലും ഫിലിപ്പീന്‍സില്‍ ഉണ്ടാകാറുണ്ട്. ചെറിയ ദുരന്തങ്ങളെ നേരിടുവാന്‍ ആ രാജ്യം സുസജ്ജവുമായിരുന്നു. 2012 ഡിസംബറില്‍ ദോഫ സൂപ്പര്‍ കൊടുങ്കാറ്റ് 1900 ഫിലിപ്പീന്കാരെയാണ് കൊന്നൊടുക്കിയത്. അന്നും അതിഭീകരമായ നാശനഷ്ടങ്ങളാണ് കൊടുങ്കാറ്റ് വരുത്തിവച്ചത്. ഇന്ന് ഫിലിപ്പീന്‍സിന് ആവശ്യമായിട്ടുള്ളത് മരുന്നുകളും, വെള്ളവും ഭക്ഷണവും കിടപ്പാടങ്ങളുമാണ്. ഇതിനോടകം ഇന്ത്യയടക്കം 29 രാജ്യങ്ങള്‍ ഫിലിപ്പീന്‍സിന് ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചു കഴിഞ്ഞു. ഐക്യരാഷ്ട്ര സംഘടന 25 ദശലക്ഷം ഡോളറും അമേരിക്ക 20 ദശലക്ഷം ഡോളറും ഇംഗ്ലണ്ട് 16.1 ദശലക്ഷം ഡോളറും യുഎഇ 10 ദശലക്ഷം ഡോളറും ഫിലിപ്പീന്‍സിന് കൈമാറി. ഫിലിപ്പീന്‍സില്‍ ബെല്‍ജിയവും റഷ്യയും ഫീല്‍ഡ് ഹോസ്പിറ്റല്‍ സ്ഥാപിച്ചു. യൂറോപ്യന്‍ യൂണിയന് മൂന്ന് ദശലക്ഷം പൗണ്ടും രണ്ട് ബോയിംഗ് 747 വിമാനങ്ങളും (മരുന്നടക്കമുള്ള സാമഗ്രികളുമായി) ഇസ്രയേല്‍ ഒരു ബോയിംഗ് 747 വിമാനത്തില്‍ ദുരിതാശ്വാസ സാമഗ്രികളും 200 ഡോക്ടര്‍മാരെയും ഫിലിപ്പീന്സിലേയ്ക്കയച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അമേരിക്ക 5500 പട്ടാളക്കാരുടെ സേവനം ലഭ്യമാക്കി. ഇതുകൂടാതെ ദുരിതാശ്വാസ സാമഗ്രികളുമായി എട്ട് കപ്പലുകളും 80 ചെറുവിമാനങ്ങളും 21 ഹെലികോപ്റ്ററുകളും ഫിലിപ്പീന്‍സിലേക്കയച്ചു. അമേരിക്കന്‍ പട്ടാളക്കാര്‍ 623000 പൗണ്ട് സാധനങ്ങള്‍ കൊടുങ്കാറ്റ് മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്കായി വിതരണം ചെയ്തു. ഫിലിപ്പീന്‍സിലെ 536 മുന്‍സിപ്പാലിറ്റികളിലും 55 പട്ടണങ്ങളിലുമായി കഴിയുന്ന ജനങ്ങള്‍ക്കിത് വലിയ ആശ്വാസമായി.
ഇന്ത്യയില്‍നിന്ന് മാതാ അമൃതാന്ദമയീ ദേവീ മഠം രണ്ട് ദശലക്ഷം ഡോളര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുള്ളത് ഉചിതമായി. മഠം കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി സഹായം നല്‍കുമെന്നത് ശ്രദ്ധേയേമായ കാര്യമാണ്. 2.5 ദശലക്ഷം ഫിലിപ്പീനുകള്ക്ക് ഇന്ന് ഭക്ഷണം ആവശ്യമായിട്ടുണ്ട്. ഇതിനായും മഠം മാതൃകാപരമായി സഹായം നല്‍കുമെന്ന് പറയുന്നു. ടക്ലോബാനിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണവും മരുന്നുമായി പോയ പട്ടാളക്കാരെ മണിക്കൂറുകളായി ഭക്ഷണത്തിനായി കാത്തുനിന്ന ജനങ്ങള്‍ ആക്രമിക്കുകയും പട്ടാളവും ദുരിതമനുഭവിക്കുന്നവരും തമ്മില്‍ ഉരസലുണ്ടാവുകയും ചെയ്തു എന്ന വാര്‍ത്ത വളരെ വേദനയോടെയാണ് ലോകം ശ്രദ്ധിച്ചത്. ഇതിനോടകം ആയിരക്കണക്കിന് മൃതദേഹങ്ങളാണ് കൂട്ടിയിട്ട് കത്തിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഫിലിപ്പീന്‍സിലുണ്ടായ ഹയാന് കൊടുങ്കാറ്റില്‍ ഇത്രയേറെ പേര് മരിക്കുവാന്‍ ഇടയാക്കിയത് ഫിലിപ്പീന്‍സിലെ ദാരിദ്ര്യം മൂലം ബലമുള്ള വീടുകളുണ്ടാക്കുവാനുള്ള സാമ്പത്തിശേഷിയും ജനങ്ങള്‍ക്കില്ലാതെ പോയതാണെന്ന് ലോകം വിലയിരുത്തുന്നു. യാതൊരുവിധ ആലോചനയും ഇല്ലാതെ പണിതുകൂട്ടിയ പാര്‍പ്പിടങ്ങളുടെ ബലകുറവും ശക്തിയില്ലായ്മയും കൊടുങ്കാറ്റില്‍ അവ തകര്ന്നിടിയുന്നതിനും വെള്ളപ്പൊക്കത്തില്‍ പൊങ്ങി ഒഴുകി നടക്കുന്നതിനും ഇടവരുത്തി.
ലോകരാജ്യങ്ങളുടെ നേതാക്കള്‍ ഫിലിപ്പീന്‍സിലെ ദാരിദ്ര്യത്തെ മറച്ചുവെച്ച് ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും സമുദ്രനിരപ്പിലുണ്ടായ ഉയര്‍ച്ചയുമാണ് ഹയാന് കൊടുങ്കാറ്റ് ദുരിതത്തിന് കാരണമായതെന്നാണ് വിലയിരുത്തുന്നത്. ഐക്യരാഷ്ട്ര സെക്രട്ടറി ജനറലിനും ലോക ബാങ്ക് പ്രസിഡന്റിനും ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്കും ഇതേ അഭിപ്രായമാണുള്ളത്. എന്നാല്‍ ഫിലിപ്പീന്‍സിലെ ടക്ലോബാനിലെ മൂന്നില്‍ രണ്ട് ഭവനങ്ങളും മരംകൊണ്ട് നിര്‍മിച്ചവയും ഏഴില്‍ ഒന്നുവീതം പുല്ല് മേഞ്ഞ വീടുകളുമാണെന്നതാണ് വാസ്തവം. കുടിലുകളില്‍ വേണ്ടത്ര സുരക്ഷിതരല്ലാത്ത ജനങ്ങളാണ് ഹയാന് കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ ക്ഷോഭത്തില്‍ കൊല്ലപ്പെട്ടത്. വീടുകള്‍ക്ക് കൊടുങ്കാറ്റിനെ നേരിടുവാനുള്ള ശക്തിയുണ്ടായിരുന്നില്ല. ഉഷ്ണമേഖലാ കൊടുങ്കാറ്റുകള്‍ക്ക് ശക്തി കൂടുതലാണ്. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഫിലിപ്പീനിയന്‍ കടല്‍നിരപ്പ് അരയിഞ്ച് ഉയര്‍ന്നിട്ടുള്ളതായി ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. ഇത് കൊടുങ്കാറ്റിനെത്തുടര്‍ന്ന് പ്രളയത്തിന് ശക്തി കൂട്ടിക്കാണുമെന്ന് കണക്കാക്കുന്നു.
ഫിലിപ്പീന്‍സിലെ ഹയാന് കൊടുങ്കാറ്റിലുണ്ടായ മഹാദുരന്തത്തിന് അഞ്ച് കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒന്ന്: കൂടുതല്‍ ചൂടുള്ള സമുദ്ര ഉപരിതലം (28 ഡിഗ്രി സെല്‍ഷ്യസ്), രണ്ട്: സമുദ്ര തീരത്തോടടുത്തുള്ള വീടുകള്‍ ഫിലിപ്പീന്‍സിലെ സ്ഥിരം കാഴ്ചയാണ്. അറുപത് ശതമാനം വീടുകളും തീരദേശ മേഖലയിലാണ് പണി തീര്‍ത്തിട്ടുള്ളത്. 16 അടി ഉയരമുള്ള തിരമാലകള്‍ താഴ്ന്ന തീരദേശ മേഖലയെ കഴുകിയെടുത്തുകൊണ്ടു പോയി. മൂന്ന്: വനനശീകരണവും കാനകളിലും നദികളിലും ചളി ഊറിയതും ഉരുള്‍പൊട്ടലും കൊടുങ്കാറ്റ് ദുരന്തം രൂക്ഷമാക്കി. നാല്: താഴ്ന്ന കടലോരത്തുള്ള അശാസ്ത്രീയ വീടു നിര്‍മാണവും പുല്ലുകൊണ്ടുള്ള മേല്‍ക്കൂരകളും. അഞ്ച്: ദാരിദ്ര്യം മൂലം ജനങ്ങള്‍ കൂട്ടത്തോടെ സമുദ്രതീരത്തേക്ക് ചേക്കേറി വീടുവച്ചതും പെട്ടെന്ന് കൂട്ടത്തോടെ ഒഴിപ്പിച്ചെടുക്കാനുണ്ടായ ബുദ്ധിമുട്ടും.
കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു പഠമാണ്. തീരദേശ പരിപാലന നിയമം ലംഘിച്ച് കടല്‍ത്തീരത്ത് കെട്ടിപ്പൊക്കുന്ന ബഹുനില കെട്ടിടങ്ങള്‍, വനനശീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവ ഫിലിപ്പീന് തീരത്തെപ്പോലെ ദുരന്തം കേരളതീരത്തും ഉണ്ടാകുവാനുള്ള കാരണമായേക്കും. സമുദ്രത്തോട് ചേര്‍ന്ന് ആയിരക്കണക്കിന് വീടുകളാണ് കേരളത്തിലുള്ളത്. ഒരു കാലത്ത് 70000 ഹെക്ടര്‍ കണ്ടല്ക്കാടുകളുണ്ടായിരുന്ന കേരളതീരത്ത് അവശേഷിക്കുന്നത് 16000 ഹെക്ടറിന് താഴെ മാത്രമാണ്. സുനാമി പ്രതിരോധമായി ഉണ്ടാക്കുമെന്ന പറഞ്ഞ ജൈവമതില്‍ ഇനിയും കേരളതീരത്തുണ്ടാക്കിയില്ല. കരിങ്കല്‍കൊണ്ട് പുലിമുട്ടോടുകൂടിയ ശാസ്ത്രീയമായി നിര്‍മിക്കേണ്ട കടല്‍ ഭിത്തികളുടെ അഭാവം കടലാക്രമണത്തെയും കൊടുങ്കാറ്റിനേയും തടയുവാനുള്ള പ്രതിരോധ ശേഷി കേരളതീരത്തിനില്ലാതാക്കുന്നു. അതുകൊണ്ട് തന്നെ കൊടുങ്കാറ്റിനേയും സുനാമിയേയും നേരിടുവാന്‍ കേരള തീരം സജ്ജമല്ല. വലിയ ദുരന്തങ്ങള്‍ ഒഴിവാക്കുവാന്‍ കേരള തീരം സജ്ജമല്ല. വലിയ ദുരന്തങ്ങള്‍ ഒഴിവാക്കുവാന്‍ കേരള തീരം സംരക്ഷിക്കുവാനുളള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. ഫിലിപ്പീന്‍സിലുണ്ടായ ഹയാന് കൊടുങ്കാറ്റ് ഇതിന് ഒരു നിമിത്തമാകട്ടെ.
e-mail: [email protected]
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: