കഷ്ടിച്ച് രണ്ടുനൂറ്റാണ്ടുമുമ്പുവരെ ഒട്ടേറെ ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പന്തളം രാജ്യം നിലനിന്നു. ആധുനിക കാലഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വസ്തുവകകളാലും ജംഗമസ്വത്തുക്കളാലും സമ്പന്നമായ പന്തളരാജ്യത്തിന്റെ ക്ഷയോന്മുഖമായ ചരിത്രമാണ് നമുക്കു മുമ്പിലുള്ളത്. വടക്കുനിന്ന് രാജ്യങ്ങള്‍ ഒന്നൊന്നായി വെട്ടിപ്പിടിച്ചും ക്ഷേത്രങ്ങളും കൊട്ടാരങ്ങളും കൊള്ളയടിച്ചും മുന്നേറിയ ടിപ്പു സുല്‍ത്താന്റെ ആക്രമണത്തെ ഒറ്റയ്ക്ക് നേരിടുവാന്‍ തക്ക ആള് ബലമോ സാമ്പത്തിക നിലയോ ഇല്ലാതിരുന്ന പന്തളം രാജാവ് അന്ന് ശക്തമായിരുന്ന തിരുവിതാംകൂറിനെ ആശ്രയിച്ചു. യുദ്ധച്ചെലവിന്റെ വിഹിതമായ രണ്ടുലക്ഷംരൂപ തിരുവിതാംകൂറിലേക്ക് അടയ്ക്കേണ്ടിയിരുന്നു. ഈ പടപ്പണം നല്കുവാന് കെല്‍പ്പില്ലാതെ വന്ന് അവസാനം പന്തളം രാജ്യം തന്നെ തിരുവിതാംകൂറിലേക്ക് വിട്ടുകൊടുക്കുകയാണുണ്ടായത്. കൊല്ലവര്‍ഷം 995 മീനമാസം 10-ാം തീയതിയിലെ ഈ ഉടമ്പടി പന്തളം അടമാനം എന്നറയിപ്പെടുന്നു. ഇതനുസരിച്ച് ശബരിമലയുള്‍പ്പെടെ 48 മേജര്‍ ക്ഷേത്രങ്ങളുടെ വരുമാനം തിരുവിതാംകൂറിന് വിട്ടുകൊടുത്തു. മേല്‍പ്പറഞ്ഞ ഉടമ്പടി അനുസരിച്ച് പന്തളം രാജവംശത്തില്‍ നിലവിലുള്ളവരെയും അവര്‍ക്കുണ്ടാകുന്ന സന്താനങ്ങളെയും അര്‍ത്ഥപുരുഷാരം അഴിച്ചു രക്ഷിച്ചുകൊള്ളാമെന്ന് തിരുവിതാംകൂര്‍ ഉറപ്പുനല്‍കിയിരുന്നു. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ പന്തളം രാജവംശത്തിലെ അംഗങ്ങളുടെ ചോറൂണു മുതല്‍ പിണ്ഡമടിയന്തിരം വരെയുള്ള ചെലവുകള്‍ തിരുവിതാംകൂറാണ് വഹിച്ചിരുന്നത്. വരുമാനമല്ലാതെ ക്ഷേത്രങ്ങളുടെ ഉടമസ്ഥാവകാശം തിരുവിതാംകൂറിന് കൈമാറിയിരുന്നില്ല. മകരസംക്രമത്തിന് ശബരിമല ശാസ്താവിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണങ്ങള്‍, പൂജാപാത്രങ്ങള്‍, തലപ്പാറ, ഉടമ്പാറ മലകളുടെ കൊടികളും നെറ്റിപ്പട്ടവുമെല്ലാം പന്തളം കൊട്ടാരത്തിലെ ഭണ്ഡാരത്തിലാണ് സൂക്ഷിച്ചിരുന്നത്.
വി. സജീവ് ശാസ്താരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: