രാജ്യത്തെ നടുക്കിയ 26/11 ലെ മുംബൈ ഭീകരാക്രമണത്തില്‍ ആര്‍എസ്എസ്സിന് പങ്കുണ്ടെന്ന് ആരോപിച്ച് പുസ്തകമെഴുതിയ ആളാണ് ഉറുദു മാധ്യമരംഗത്തെ സീനിയര്‍ എഡിറ്ററായ അസ്സീസ് ബര്‍ണി. ഹിന്ദിയിലും ഉറുദുവിലും എഴുതി പ്രസിദ്ധീകരിച്ച ആര്‍എസ്എസ് കി സാജിഷ് എന്ന ഗ്രന്ഥത്തിന്റെ (26/-11 AN- R.S.S.Conspiracy) തലവാചകവും സംഘവിരുദ്ധ ആരോപണങ്ങളും അദ്ദേഹം സ്വയമേവ പിന്‍വലിച്ചിരിക്കയാണ്. താന്‍ മുഖ്യപത്രാധിപരായ രാഷ്ട്രീയ സഹാറാ ദിനപത്രത്തിന്റെ എല്ലാ എഡീഷനുകളുടെയും ഒന്നാം പേജില്‍ തന്റെ ഇതു സംബന്ധിച്ച തെറ്റായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പ് ചോദിക്കുന്നതായി അദ്ദേഹം എഴുതിയിരുന്നു. മുംബൈ അക്രമണത്തിനുപിന്നില്‍ ആര്‍എസ്എസ് പങ്കും ഗൂഢാലോചനയും ഗ്രന്ഥത്തില്‍ ആരോപിച്ചിരുന്നു.
എന്നാല്‍ പുസ്തകത്തിന്റെ പേരുതന്നെ പിന്വലിക്കുന്നതോടൊപ്പം സംഘപ്രവര്‍ത്തകരുടെ വികാരങ്ങള്‍ മുറിപ്പെട്ടതില് ഗ്രന്ഥകര്‍ത്താവ് മാപ്പപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. 2011 ജനുവരിയില്‍ തന്നെ തന്റെ തെറ്റായ എഴുത്ത് ദേശഭക്തര്‍ക്കും ദേശപ്രേമികള്ക്കുമുണ്ടായ വേദനയില്‍ നിര്‍വ്യാജം ഖേദിക്കുന്നതായി അസ്സീസ് ബെര്‍ണി എഴുതിയിരുന്നു. സംഘത്തിന്റെ ദേശഭക്തി ഗ്രന്ഥകര്‍ത്താവ് പൂര്‍ണ്ണമായി അംഗീകരിച്ചുകൊണ്ടാണ് അന്നു കുറിപ്പ് എഴുതിയത്.
കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ ദേശീയ മാധ്യമങ്ങള്‍ ഈ തലമുതിര്‍ന്ന പത്രാധിപര്‍ തന്റെ പുസ്തകത്തില്‍ ആര്‍എസ്എസ്സിനെതിരെ എഴുതിപ്പിടിപ്പിച്ച കാര്യങ്ങളെ സ്വയം തള്ളിപ്പറഞ്ഞതിന്റെ പിന്നിലെ എഴുതാപ്പുറങ്ങളുടെ ചുരുളുകള്‍ നിവര്‍ത്തിയിട്ടുണ്ട്. 2010 ഡിസംബര്‍ 6 ന് അസ്സീസ് ബര്‍ണിയുടെ പ്രസ്തുത സംഘവിരുദ്ധ-രാജ്യവിരുദ്ധ പുസ്തകം ദല്‍ഹിയില്‍വെച്ച് പ്രകാശനം ചെയ്തത് എഐസിസി.ജനറല്‍ സെക്രട്ടറി ദ്വിഗ് വിജയസിംഗായിരുന്നു. മുംബൈ അക്രമണത്തിന് തൊട്ടുമുമ്പ് ഹേമന്ത് കര്‍ക്കറെ തന്നേവിളിച്ച് ഹിന്ദു ഭീകരര്‍ വകവരുത്താന്‍ ശ്രമിക്കുന്നതായി ആരോപിച്ചു എന്നുള്ള ദ്വിഗ്വിജയിന്റെ നുണ വായ്ത്താരിയായി വിക്ഷേപിച്ചത് ഈ ചടങ്ങില്‍ വെച്ചായിരുന്നു. ഇതിനെ തുടര്‍ന്നാണ് തന്റെ ബലിദാനിയായ ഭര്‍ത്താവിന്റെപേരില്‍ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പിനെതിരെ ശ്രീമതി ഹേമന്ത് കര്‍ക്കറെ പരസ്യ പ്രതിഷേധവുമായി രംഗത്തുവന്നത്.
വിവാദ പുസ്തകത്തിന്റെ രംഗപ്രവേശവും ദ്വിഗ്വിജയിന്റെ ഹിമാലയന്‍ നുണകളും പ്രചരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് മുംബൈ അക്രമണത്തില്‍ പാകിസ്ഥാനും ഇസ്ലാമിക ഭീകരര്‍ക്കും പങ്കില്ലെന്ന വാദം ഇന്ത്യാവിരുദ്ധശക്തികള്‍ ആവേശത്തോടെ ലോകമെമ്പാടും സാധൂകരിക്കാന്‍ കിണഞ്ഞു ശ്രമിക്കയാണുണ്ടായത്. അന്ധമായ സംഘപരിവാര്‍ വിരോധത്തില്‍ സമനിലതെറ്റിയ ഇത്തരം മാനിയാക്കുകളുടെ വിഷലിപ്തമായ കുപ്രചാരണങ്ങളെ അതിജീവിക്കാന്‍ ആര്‍എസ്എസ്സിനു നിഷ്പ്രയാസം കഴിഞ്ഞു. ദേശസ്നേഹികളും ത്യാഗികളുമായ സംഘത്തിന്റെ ഉന്നത നേതാക്കന്മാരെ സ്ഫോടനകേസ്സുകളുമായി ബന്ധപ്പെടുത്തി അപമാനിക്കാന്‍ രാഷ്ട്രവിരുദ്ധരും കോണ്‍ഗ്രസ്സും കുറ്റാന്വേഷണ സംവിധാനങ്ങളും ചേര്‍ന്നു നടത്തിയ ഗൂഢാലോചനകളെല്ലാം ഭ്രൂണാവസ്ഥയില്‍തന്നെ ഇവിടെ അലസിപ്പോകയാണുണ്ടായത്.
ഇന്ത്യയെ ഇല്ലാതാക്കേണ്ട ശത്രുരാജ്യങ്ങളുടെ പട്ടികയിലാക്കി തകര്‍ക്കാനാണ് അല്‍ഖ്വയിദ, ലഷ്കര്‍-ഇ-തോയിബ തുടങ്ങിയുള്ള നിരവധി അന്താരാഷ്ട്ര ഇസ്ലാമിക ഭീകര പ്രസ്ഥാനങ്ങള്‍ ശ്രമിച്ചുവരുന്നത്. ഈ കുത്സിത ശ്രമങ്ങള്‍ക്ക് അരങ്ങും ആയുധവും ആള്‍ബലവും നല്‍കുന്നത് പാക് ഭരണകൂടമാണ്. ഭാരതം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കേണ്ട അപ്രഖ്യാപിത യുദ്ധവും കെടുതികളുമാണ് ഭീകരര്‍ ഇവിടെ വാരിവിതറുന്നത്. ബിജെപിയും സംഘപ്രസ്ഥാനങ്ങളും കക്ഷിരാഷ്ട്രീയത്തിനതീതമായി രാജ്യതാല്‍പ്പര്യം കണക്കിലെടുത്തുകൊണ്ടുള്ള ദേശസ്നേഹനിര്‍ഭരമായ നിലപാടാണ് ഭീകരപ്രശ്നത്തില് സ്വീകരിച്ചു വരുന്നത്. എന്നാല്‍ കോണ്‍ഗ്രസ്സ് ഭീകരരോട് മൃദുസമീപനം സ്വീകരിച്ച് അവരുടെ വോട്ടും നോട്ടും രാഷ്ട്രീയ ഇന്ധനമാക്കാനാണ് ശ്രമിക്കുന്നത്. മുംബൈ ഭീകരാക്രമണ സംഭവത്തിലും മറ്റും ആര്‍എസ്എസ്സിന്റെ പേര് വലിച്ചിഴച്ച് മുതലെടുപ്പു നടത്താനുള്ള തരംതാണ ശ്രമമാണ് കോണ്‍ഗ്രസ്സ് ദ്വിഗ്വിജയ്സിംഗിലൂടെ നടത്തിയത്.
എലിയെ തോല്‍പ്പിക്കാന്‍ ഇല്ലം ചുടുകയെന്ന ഇടുങ്ങിയ കാഴ്ചപ്പാട് ഇന്ദ്രപ്രസ്ഥം ഭരിക്കുന്നവര്‍ സ്വീകരിച്ചതോടെ ഇന്ത്യാ മഹാരാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കാണ് ക്ഷതം സംഭവിക്കാനിടയായത്. ഹിന്ദുക്കളുടെ കൂട്ടത്തില്‍ രാജ്യത്തിന്റെ പരമാധികാരം അംഗീകരിക്കില്ലെന്നു ശഠിക്കുന്ന മതപ്രസ്ഥാനങ്ങള്‍ ഒന്നും തന്നെയില്ല. രാഷ്ട്രത്തിന്റെ ചരിത്ര-സംസ്കാരിക ധാരകളെ തള്ളിക്കളയുന്നവരോ, ആയുധബലംകൊണ്ട് അധികാരം പിടിക്കണമെന്ന് ആഗ്രഹിക്കുന്നവരോ ഹിന്ദു സമൂഹത്തിലില്ല. എന്നാല്‍ മതന്യൂനപക്ഷങ്ങള്‍ക്കിടയിലും കമ്യൂണിസ്റ്റ് തീവ്രവാദികള്ക്കിടയിലും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യംചെയ്യുന്നവരും വെല്ലുവിളിക്കുന്നവരുമായ നിരവധി സംഘടനകളുണ്ട്. എന്നാല്‍ ഇതില്‍ രണ്ടു കൂട്ടരെയും ഒരേപോലെ കാണാനാണ് കോണ്‍ഗ്രസ്സും-ഇടതു പാര്‍ട്ടികളും ആഗ്രഹിച്ചിട്ടുള്ളത്. രാഷ്ട്രമാണ് സര്‍വ്വസ്വവും എന്നു കരുതി ഭാരതത്തെ പരംവൈഭവത്തിലെത്തിക്കാന്‍ മനുഷ്യനിര്‍മിതി നടത്തുന്ന മഹാ പ്രസ്ഥാനത്തെ കോണ്‍ഗ്രസ്സ് ഭയക്കുന്നതും എതിര്‍ക്കുന്നതും ഭാരതീയ ദേശീയത പ്രാണവായുവായി സ്വീകരിച്ചിട്ടുള്ളതുകൊണ്ടാണ്. മുംബൈ ആക്രമണ കാര്യത്തിലും ചില സ്ഫോടനങ്ങളുമായി ബന്ധപ്പെടുത്തിയും ആര്‍എസ്എസിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുകവഴി കോണ്‍ഗ്രസ്സ് ഇന്ത്യയുടെ താല്‍പ്പര്യത്തെ ആഴത്തില്‍ ഹനിക്കുകയും പാക് ഭീകരര്‍ക്ക് ഇന്ത്യയെ അടിക്കാന്‍ വടി നല്കുകയുമാണുണ്ടായത്.
ദിഗ്വിജയസിംഗും അസീസ് ബര്‍ണിയുടെ പുസ്തകവും തൊടുത്തുവിട്ട ആര്‍എസ്എസ് വിരുദ്ധ നുണ പ്രചാരണങ്ങള്‍ പാകിസ്ഥാനും ഇസ്ലാമിക ഭീകരപ്രസ്ഥാനങ്ങളും ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ ഇന്റലിജന്‍സിനും മറ്റും അന്വേഷണം ഊര്‍ജിതമാക്കി സ്വയം പ്രതിരോധനിര ശക്തിപ്പെടുത്തേണ്ടി വന്നു. പ്രസ്തുത ശ്രമംവഴി പുറംലോകം അറിയാനിടയായത് ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ്. ജിഹാദി ഗ്രൂപ്പുകള്‍ക്കിടയില്‍ ഇന്ത്യ സംഘടിപ്പിച്ചെത്തിച്ച മൊബെയില്‍ സിമ്മുകളുടെ അടിസ്ഥാനം ഇന്ത്യന്‍ ഐബിയില്‍ ഉറപ്പിച്ചിരുന്നു. മുംബൈ അക്രമണത്തില്‍ അക്രമികള്‍ ഈ ഇന്ത്യന്‍ സിമ്മുകള്‍ ഉപയോഗിക്കുകവഴി ഇവിടെയുള്ളവര്‍ തന്നെയാണ് അക്രമികള്‍ എന്നു വരുത്തിത്തീര്‍ക്കാനാണ് ലഷ്കറും ഐഎസ്ഐയും ശ്രമിച്ചത്. എന്നാല്‍ ആ ശ്രമം ഇന്ത്യ തകര്‍ത്തു. മൂംബൈ അക്രമണത്തിലും സ്ഫോടനങ്ങളിലും പങ്കെടുക്കുന്നവരുടെ കൈയ്യില്‍ കാവി ചരടും ഹിന്ദു മുദ്രകളും നല്കി അയയ്ക്കാനും ലഷ്കര്‍-ഇ-തോയിബയും മറ്റും ഏര്‍പ്പാടു ചെയ്യാറുണ്ടത്രേ. ഇത്തരം ചാവേറുകള്‍ക്ക് വ്യാജ ഐഡന്റിറ്റി കാര്‍ഡുകള്‍ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരില്‍ കൃത്രിമമായുണ്ടാക്കി ഐഎസ്ഐ നല്‍കുക പതിവാണെന്നും ഇന്ത്യന്‍ ഐ.ബി. കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണത്തിന് മുംബൈ കേസ്സിലെ പ്രതികളില്‍ ചിലര്‍ക്ക് കര്‍ണ്ണാടകത്തിലെ ചില എന്‍ജിനിയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥികള്‍ എന്ന വ്യാജ ഐഡന്റിറ്റി കാര്‍ഡുകളുണ്ടായിരുന്നു. ഇതെല്ലാം ഉപയോഗിച്ച് ഹിന്ദു ഭീകരവാദ കഥയുണ്ടാക്കാനുള്ള പാക്-ലഷ്കര്‍ ശ്രമത്തെയാണ് കോണ്‍ഗ്രസ്സ് സഹായിച്ചത്. ഇതിനെ സംഘം അതിജീവിക്കുകയും ചെയ്തു.
ഇന്ത്യന്‍ ഐബിയും അന്വേഷണ സംഘങ്ങളും പാക് ഐഎസ്ഐ-ലഷ്കര്‍ കുതന്ത്രങ്ങള്‍ കണ്ടെത്തിയതോടെ ഭൂരിപക്ഷ സമൂഹം ഭീകരസ്ഫോടനങ്ങള്‍ നടത്തുന്നു എന്ന കുപ്രചരണത്തിന്റെ അടിത്തറ തകരുകയാണുണ്ടായത്. ദ്വിഗ്വിജയസിംഗും കോണ്‍ഗ്രസ്സും ആര്‍എസ്എസിനെ കരിവാരിതേച്ചുകൊണ്ട് നടത്തി വന്ന ‘ഭൂരിപക്ഷ ഭീകരത’ എന്ന മുറവിളിയില്‍നിന്നും അവര്‍ ഇപ്പോള്‍ പിന്നോക്കംപോകാന്‍ ഇടയായത് ഐബിയുടെ പുത്തന്‍ കണ്ടെത്തല്കൊണ്ടാണ്. അസീസ് ബര്‍ണിയുടെ പുസ്തകത്തിന്റെ പതനവും മാപ്പിരക്കലുമൊക്കെ ഈ പശ്ചാത്തലത്തില്‍ വിലയിരുത്തപ്പെടുകയാണുവേണ്ടത്. കോണ്‍ഗ്രസ്സ്-ഇടതുപക്ഷ രാഷ്ട്രീയവും ഒരു പറ്റം മാധ്യമങ്ങളും അസീസ് ബര്‍ണിയുടെയും ദ്വിഗ്വിജയ് സിംഗിന്റെയും അബദ്ധജടില ആശയങ്ങളെ ജനമനസ്സുകളിലേക്ക് ഏറ്റവും കൂടുതല്‍ സന്നിവേശിപ്പിക്കപ്പെട്ട നാടാണ് കേരളം. അതുകൊണ്ടുതന്നെ ഇതുമായൊക്കെ ബന്ധപ്പെട്ടവര്‍ ആര്‍എസ്എസിനോട് ചെയ്ത തെറ്റിന്റെപേരില്‍ മാപ്പു ചോദിക്കാനുള്ള സാമാന്യ മര്യാദ ഇവിടെ കാട്ടുകയാണുവേണ്ടത്.
അസീസ് ബര്‍ണിയെ മുട്ടുകുത്തിക്കുന്നതില്‍ സത്യത്തിന്റെ നട്ടെല്ലുള്ള ഹിന്ദുത്വത്തിന്റെ പങ്ക് വളരെ വലുതാണ്. അടിസ്ഥാനമില്ലാത്ത ആരോപണം സംഘത്തിനെതിരേ ഉയര്ത്തപ്പെട്ടപ്പോള് രാഷ്ട്രീയ സഹാറാ പത്രത്തിനും എഡിറ്റര്‍ക്കുമെതിരേ വിനയ്ജോഷി ഫയലാക്കിയ മാനനഷ്ടക്കേസ്സാണ് യഥാര്‍ത്ഥത്തില്‍ അസീസ് ബര്‍ണിയെ തളര്‍ത്തിയത്. ആര്‍എസ്എസ് ഭീകരതയ്ക്കു കൂട്ടുനിന്നു എന്ന ആരോപണം തെളിയിക്കാനൊന്നുമില്ലെന്ന വലിയ സത്യമാണ് മാധ്യമരംഗത്തെ വന്‍കിടക്കാരനെ അമ്പരപ്പിലാക്കിയത്. ഇന്ത്യന്‍ ഐബിയുടെ കണ്ടെത്തലുകളും സംഘത്തിന്റെ നിരപരാധിത്വത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. ഇത്തരം സാഹചര്യങ്ങളെല്ലാം അസീസ് ബര്‍ണിയുടെ പുസ്തകത്തിന്റെ പിന്‍വലിക്കലിനും മാപ്പുചോദിക്കലിനും ഇടയാക്കുകയാണുണ്ടായത്. ഇത് ഹിന്ദുത്വശക്തികള്‍ക്ക് ആവേശം നല്കുന്ന മികച്ച നേട്ടംതന്നെയാണ്. സംഘപരിവാര്‍ ആശയത്തിന്റെ ഭാഗമായി ഈ ലേഖകന്‍ നടത്തുന്ന പൊതുപ്രവര്‍ത്തനത്തോട് ബന്ധപ്പെട്ട് അസത്യപ്രചാരണങ്ങള്‍ മാധ്യമങ്ങളുയര്ത്തിയപ്പോള് സ്വയം വാദിയായി അതിനെതിരെ പത്തു മാനനഷ്ട വ്യവഹാരങ്ങള്‍ നടത്താനും വിജയിക്കാനുമായിട്ടുണ്ട്. സത്യമാണീശ്വരന്‍ എന്ന അടിസ്ഥാന പ്രമാണമാണ് ഇവിടെ വഴികാട്ടി. വിനയ്ജോഷി എന്ന ഹിന്ദു നേതാവിന്റെ മാനനഷ്ടക്കേസ്സ് കൈവരിച്ച വിജയം ഹിന്ദുത്വ മുന്നേറ്റ ചരിത്രത്തില്‍ ഒരു നാഴികക്കല്ലുതന്നെയാണ്.
e-mail: [email protected]
അഡ്വ. പി.എസ് ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: