ന്യൂനപക്ഷങ്ങള്‍ക്ക് മാത്രം സാമ്പത്തിക സംവരണം നല്‍കുന്നത് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന തങ്ങളോട് കാട്ടുന്ന കടുത്ത അനീതിയായി മുന്നോക്ക വിഭാഗങ്ങള്‍ കരുതിയിരുന്നു. അതിനുള്ള പ്രത്യക്ഷ കാരണം മുന്നോക്കക്കാര്‍ എന്ന് വിവക്ഷിക്കുന്നവരിലും സാമ്പത്തികമായി പിന്നോക്കാവസ്ഥ നിലനില്ക്കുന്നവരുണ്ട് എന്നതിനാലാണ്. മുന്നോക്കക്കാരായി ജനിച്ചതിനാല്‍ യാചന അപമാനകരവുമാണ്. ഈ ദുഃസ്ഥിതിയില്‍ വിങ്ങുന്ന ജനവിഭാഗങ്ങള്‍ക്കാണ് മുന്നോക്ക സമുദായ കമ്മീഷന് രൂപീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഏറ്റവും സ്വാഗതാര്‍ഹമാണെന്ന് തോന്നുന്നത്.
പിന്നോക്കക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാതെയാണ് ഈ സാമൂഹ്യനീതിപരമായ സര്‍ക്കാര്‍ തീരുമാനം. ഈ സര്‍ക്കാര്‍ രൂപീകരിച്ച മുന്നോക്ക ക്ഷേമ കോര്പ്പറേഷന് മുന്നോക്ക സമുദായങ്ങളിലെ പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഉന്നതപഠനത്തിന് സ്കോളര്‍ഷിപ്പ് നല്കുന്നു. എങ്കിലും പിന്നോക്ക വിഭാഗങ്ങളേക്കാള്‍ സാമ്പത്തികമായി വളരെ പിന്നില്‍ നില്ക്കുന്ന മുന്നോക്ക സമുദായത്തിലെ കുട്ടികള്‍ക്ക് ഒരു നല്ല ഭാവി സ്വപ്നം കാണാന്‍ പറ്റാത്ത അവസ്ഥയായിരുന്നു നിലനിന്നിരുന്നത്. ഇത് മുന്നോക്കക്കാരില്‍ ഒരു നീറ്റലായി, സാമൂഹ്യനീതിനിഷേധമായി മാറി. ഇപ്പോള്‍ നിയമപരമായി നിലനില്‍ക്കുന്ന മുന്നോക്ക കമ്മീഷന് രൂപീകരിച്ചത് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് എന്നുളള ആരോപണം ഉയരുന്നത് ഇത്രയും നാള് എന്‍എസ്എസ് നിരന്തരമായി ഈ ആവശ്യം ഉയര്‍ത്തിയിരുന്നെങ്കിലും സര്‍ക്കാര്‍ അത് അവഗണിച്ചതിനാലാണ്.
ഇന്ത്യയില്‍ ജാതീയ വേര്‍തിരിവ് ശക്തമാണ്. തീണ്ടല് മാത്രമാണ് ഉന്മൂലനം ചെയ്യപ്പെട്ടത്. സാമൂഹിക ശോച്യാവസ്ഥ മാറിയിട്ടില്ല. ഇത് അനുഭവിക്കുന്നവര്‍ പ്രത്യേക പരിഗണനയ്ക്ക് അര്‍ഹരാകുന്നു എന്നത് നിഷേധിക്കാനാവില്ല. മുന്നോക്കക്കാരിലെ ദരിദ്രവിഭാഗം ജാതിവ്യവസ്ഥിതിയുടെ അടിസ്ഥാനത്തില്‍ മാത്രം സംവരണാനുകൂല്യം നിഷേധിക്കപ്പെട്ടവരാണ്. മുന്നോക്കക്കാരായി ജനിച്ചതുകൊണ്ടുമാത്രം ഉന്നതപഠനത്തിനോ ജോലിയ്ക്കുള്ള പരിഗണനയോ അവസരങ്ങളോ കിട്ടില്ല. പിന്നോക്കക്കാരെക്കാള് കഠിന പ്രയത്നം നടത്തിയാല്‍ മാത്രമേ ഭാവി സുരക്ഷിതമാകുകയുള്ളൂ എന്ന അവസ്ഥയാണ് മുന്നോക്കക്കാര്‍ നേരിടുന്നത്. മുന്നോക്ക വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യം വര്‍ഗീയ സംഘടനകളെ പ്രകോപിപ്പിക്കുകയും ചെയ്യുന്നു. കേരളത്തില്‍ സംവരണ പരിധിയില്‍പ്പെടാത്ത മുന്നോക്കക്കാര്‍ ജനസംഖ്യയുടെ 26 ശതമാനമാണ്. ഇവരാരും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംവരണ നയങ്ങളിലോ പദ്ധതികളിലോ പെടാത്തവരാണ്. അതുകൊണ്ടുമാത്രം സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ-തൊഴില്‍ സാധ്യതകള്‍ ലഭ്യമാക്കുന്നതിനോ ജീവിതോപാധികള്‍ കണ്ടെത്തി ദാരിദ്ര്യം ഇല്ലാതാക്കുന്നതിനോ ഉള്ള അവസരം നിഷേധിക്കപ്പെടുന്നു. മുന്‍പ് ഡോ.വി.എം. ഗോപാലമേനോന്റെ നേതൃത്വത്തില്‍ മുന്നോക്കക്കാരിലെ പിന്നോക്കവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മറ്റിയെ നിയമിച്ചിരുന്നു. ആ കമ്മറ്റിയുടെ ശുപാര്‍ശകളാണ് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. മുന്നോക്ക സമുദായ കമ്മീഷന് ചെയര്‍മാനായി റിട്ട.ജഡ്ജിയെയും എക്സ് ഒഫീഷ്യോ മെമ്പര്‍ സെക്രട്ടറിയായി പൊതുഭരണ വകുപ്പ് സെക്രട്ടറിയേയും രണ്ടു മുന്നോക്ക സമുദായാംഗങ്ങളെയും ആണ് നിയമിക്കാന്‍ പോകുന്നത്.
വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ഒരു സാമൂഹ്യ അനീതിയായിരുന്നു മുന്നോക്കക്കാരായതുകൊണ്ടുമാത്രം ചുമക്കേണ്ടിവന്ന ഈ സംവരണ അയിത്തം. ഇതിന് അന്ത്യം കുറിച്ചാണ് ഒരു മുന്നോക്ക സമുദായ കമ്മീഷന് രൂപീകൃതമാകുന്നത്. ഇത് മുന്നോക്ക ദരിദ്രര്‍ക്ക് എന്തുകൊണ്ടും ആശ്വാസകരമാണ്. കമ്മീഷന്റെ പ്രധാന ചുമതല മുന്നോക്ക സമുദായ പട്ടിക തയ്യാറാക്കുക, ഇവരില്‍ പാവപ്പെട്ടവരുടെ ക്ഷേമത്തിനുള്ള നിര്‍ദ്ദേശങ്ങളും പദ്ധതികളും തയ്യാറാക്കുക എന്നിവയാണ്. ഒരാളുടെ ജിവിതം ലക്ഷ്യബോധത്തോടെ കെട്ടിപ്പടുക്കാനുള്ള അവകാശനിഷേധമാണ് ഇതുവരെ നിലനിന്നിരുന്നത്. മുന്നോക്ക സമുദായക്കാര്‍ക്ക് എന്തെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെ വര്‍ഗീയ ശക്തികള്‍ എതിര്‍ത്തിരുന്നു എന്നതും ഈ പ്രഖ്യാപനം വൈകാന്‍ കാരണമായിരുന്നിരിക്കാം.
ഇപ്പോഴെങ്കിലും സാമൂഹ്യ അവബോധം ലഭിച്ച്, നിലനില്‍ക്കുന്ന സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് ഈ അനീതി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത് അഭിന്ദനാര്‍ഹമാണ്. ഇതിനെ മറ്റുമത വിഭാഗങ്ങള്‍ അന്ധമായി എതിര്‍ക്കാതെ സഹിഷ്ണുതയോടെ വിശകലനം ചെയ്ത് അംഗീകരിക്കാന്‍ തയ്യാറാകേണ്ടതാണ്. ഇവിടെ ജാതിയോ മതമോ അല്ല പ്രശ്നം, മറിച്ച് മുന്നോക്ക വിഭാഗത്തില്‍ ജനിച്ചതുകൊണ്ടുമാത്രം ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ തള്ളപ്പെടുന്നു എന്നതാണ്. സാമൂഹ്യനീതിയ്ക്ക് എല്ലാ ജനവിഭാഗങ്ങള്‍ക്കും ജാതി-വര്‍ഗ-വര്‍ണ വിവേചനമില്ലാതെ അര്‍ഹതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: