അര്‍ബുദരോഗം ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണ്. ആരെ, എപ്പോള്‍, ഏതു തരത്തില്‍ ആക്രമിക്കുമെന്ന് വ്യക്തമായി പറയാന്‍ കഴിയാത്തതരത്തില്‍ അര്‍ബുദം നമുക്കിടയില്‍ പതുങ്ങിയിരിക്കുന്നു. അര്‍ബുദം പിടിപെട്ട് ചികിത്സനടത്തി ഭേദമാകുകയും ജീവിതത്തിലേക്ക് പൂര്‍വ്വാധികം ഉത്സാഹത്തോടെ തിരികെ വരികയും ചെയ്തതിന് നിരവധി പേരുടെ ഉദാഹരണങ്ങള്‍ നമുക്കുമുന്നിലുണ്ട്. ക്രിക്കറ്റ് താരം യുവരാജ് സിംഗും നമ്മുടെ പ്രിയപ്പെട്ട നടന് ഇന്നസെന്റുമെല്ലാം അതിന്റെ ഉദാഹരണങ്ങളാണ്. നിരവധി സാധാരണക്കാരായ അര്‍ബുദബാധിതര്‍ പ്രശസ്തരും ദൈവതുല്യരുമായ ഡോക്ടര്‍മാരുടെ നിസ്വാര്‍ത്ഥമായ പരിചരണത്തിലും ചികിത്സയിലൂടെയും രോഗത്തിന്റെ കൈകളില്‍ നിന്ന് മോചിതരാകുന്നു. അര്‍ബുദത്തോട് യുദ്ധം ചെയ്ത് വിജയിക്കുന്നവരും തോല്ക്കുന്നവരുമുണ്ട്. നടി മമ്മ്താമോഹന്ദാസിനെപ്പോലെ അര്‍ബുദത്തോട് യുദ്ധം പ്രഖ്യാപിച്ച് ഏറെ മുന്നേറുന്നവര്‍.
സ്കൂള്‍കാലത്തെ സുഹൃത്തിന്റെ രൂപമാണ് മനസ്സിലേക്കോടിക്കേറുന്നത്. അന്ന് അര്‍ബുദരോഗത്തെക്കുറിച്ച് അത്രയൊന്നും അറിവില്ലായിരുന്നു. അര്‍ബുദം വരുന്നവര്‍ മരിച്ചുപോകുമെന്ന നാട്ടുവര്ത്തമാനത്തിനൊപ്പം മനസ്സില്‍ ഭയം വളര്‍ന്നു. ക്ലാസിലെ ബഞ്ചില്‍ ഒപ്പമിരുന്ന് പഠിച്ച പൊക്കമുള്ള സുഹൃത്തിന്റെ കഴുത്തിലെ വലിയ തുന്നലിന്റെ അടയാളം അര്‍ബുദ ചികിത്സയുടെ ഭാഗമായുണ്ടായതാണെന്നും അറിഞ്ഞില്ല. എന്താണിതെന്ന് അവനോട് ചോദിക്കുമ്പോഴൊക്കെ നിറഞ്ഞ ചിരി സമ്മാനിക്കും. ചിലരെങ്കിലും അവനെ കളിയാക്കിയതും ഓര്‍മ്മയുണ്ട്. തൂങ്ങിമരിക്കാന്‍ ശ്രമിച്ചതിന്റെ അടയാളമാണ് കഴുത്തിലുള്ളതെന്ന് കളിയാക്കിയവരോടും അവന് ചിരിച്ചു. പുകവലിയോ ദുശ്ശീലങ്ങളോ ഒന്നുമായിരുന്നില്ല അവന്റെ തൊണ്ടയിലെ അര്‍ബുദത്തിനു കാരണമായത്. സ്കൂള്‍ കാലം കഴിഞ്ഞ് ഒരു ദിവസം ആ വാര്‍ത്ത വേദനയോടെയാണ് അറിഞ്ഞത്. അവന് മരണത്തിനു കീഴടങ്ങിയെന്ന്. ഒരു അര്‍ബുദ രോഗിയെ അടുത്തറിഞ്ഞത് ആദ്യമായി ആ സുഹൃത്തിലൂടെയാണ്. പിന്നീട് രോഗത്തിന്റെ മാരകമായ വിവിധ ഭാവങ്ങളെ അറിയുകയും നിരീക്ഷിക്കുകയും ചെയ്തു. കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കിടന്ന് ജനാലയിലൂടെ പുറത്തെ പച്ചപ്പിലേക്ക്, പ്രതീക്ഷയോടെ നോക്കുന്ന കുഞ്ഞിന്റെ മുഖം മനസ്സില്‍ നിന്ന് മായാതെ നില്ക്കുന്നു. പ്രതീക്ഷകളുടെ സഫലീകരണത്തിനായി ജീവിതത്തെ നിലനിര്‍ത്താനുള്ള അവന്റെ പോരാട്ടം വിജയത്തിലെത്തണമേ എന്നുള്ള പ്രാര്‍ത്ഥനകളായിരുന്നു മനസ്സുനിറയെ.
ഒരു രോഗമെന്നതില്‍ കവിഞ്ഞ് മാനസികവും സാമൂഹികവും സാമ്പത്തികവുമായ അത്യാഹിതം കൂടിയാണ് ഇന്ന് അര്‍ബുദം. ലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കുന്ന ഈ മഹാവ്യാധി അവരുടെ കുടുംബങ്ങളെ കൂടിയാണ് തകര്‍ക്കുന്നത്. അര്‍ബുദ ചികിത്സ അത്രത്തോളം ചെലവേറിയതായിരിക്കുന്നു. സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയും കാസര്‍കോട്ടെ കുമ്പള പഞ്ചായത്തിലെ മൊഗ്രാലി ഗ്രാമവും കേരളത്തില്‍ കൂടുതല്‍ അര്‍ബുദരോഗികളുള്ള സ്ഥലങ്ങളാണ്. രണ്ടിടങ്ങളിലും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സാധാരണക്കാരാണ് രോഗത്തിന്റെ പിടിയിലാകുന്നത്. കരുനാഗപ്പള്ളിയിലും മൊഗ്രാലിയിലും തീരമേഖലയിലാണ് രോഗം കൂടുതലായി കാണുന്നത്. അവിടുത്തെ ഭൂപ്രകൃതിയും മണ്ണില്‍ നിന്നുള്ള റേഡിയേഷനുമൊക്കെയാണ് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. മണ്ണില്‍ നിന്നൂറിവരുന്ന വെള്ളത്തില്‍ പോലും റേഡിയേഷന്റെ തോത് വലുതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
പാരിസ്ഥിതിക വ്യതിയാനങ്ങളും ജീവിതചര്യകളിലുണ്ടാകുന്ന മാറ്റങ്ങളുമാണ് ക്യാന്‍സറിന് പ്രധാന കാരണം. ഏറ്റവുമധികം ഗോഗബാധ സ്ത്രീകളിലാണ്. ആദ്യകാലങ്ങളില്‍ ഗര്‍ഭാശയ ക്യാന്‍സറാണ് സ്ത്രീകളിലധികവും ബാധിച്ചിരുന്നത്. എന്നാല്‍ അടുത്തകാലങ്ങളില്‍ സ്തനാര്‍ബുദം, തൈറോയ്ഡിനെ ബാധിക്കുന്ന അര്‍ബുദം എന്നിവയാണ് അധികവും കണ്ടെത്തിയിരിക്കുന്നത്. ഗര്‍ഭാശയ അര്‍ബുദത്തിന്റെ അളവു കുറഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷം ആര്‍സിസിയില്‍ ചികിത്സ തേടിയ സ്ത്രീകളില്‍ 28.1% പേരും സ്തനാര്‍ബുദം ബാധിച്ചവരാണ്. തൈറോയ്ഡ് അര്‍ബുദം ബാധിച്ചവരുടെ നിരക്ക് 13.2%മാണ്. കഴുത്തില്‍ അര്‍ബുദ ബാധയുള്ളവര്‍ 8.2%വും വായിലെ അര്‍ബുദ ബാധിതര്‍ 6.8%വുമാണ്. പുരുഷന്മാര്ക്കിടയില് വായിലെ അര്‍ബുദവും ശ്വാസകോശ അര്‍ബുദവുമാണ് ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ശ്വാസകോശാര്‍ബുദം ബാധിച്ചവരുടെ നിരക്കാണ് കൂടുതല്‍. 11.9%ല്‍ നിന്ന് 13.6% ആയിട്ടാണ് ഉയര്‍ന്നിരിക്കുന്നത്. പുകവലിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതാണ് ഇതിനു കാരണമെന്നാണ് നിഗമനം. വായില്‍ അര്‍ബുദം ബാധിച്ചവരുടെ എണ്ണം നേരത്തത്തെക്കാള്‍ കുറവുണ്ട് എന്നത് ആശ്വാസകരമാണ്. 1982ല്‍ 29.1% ആയിരുന്ന രോഗബാധിതര്‍ ഇപ്പോള്‍ 13.9% ആയി കുറഞ്ഞിട്ടുണ്ട്. മദ്യത്തിന്റെയും പുകയിലയുടെയും അമിത ഉപയോഗമാണ് പുരുഷന്മാര്ക്കിടയില് രോഗം വര്‍ധിക്കാന്‍ പ്രധാന കാരണം. കുട്ടികളിലുള്ള അര്‍ബുദബാധയും ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ട്.
2007ല്‍ ലോകത്തുണ്ടായ മരണത്തില്‍ 13%വും അര്‍ബുദരോഗം മൂലമാണെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മരണകാരണങ്ങളില്‍ മൂന്നാം സ്ഥാനമാണ് ഈ രോഗത്തിനുള്ളത്. ഇന്ത്യയില്‍ ഓരോ വര്‍ഷവും അഞ്ചുലക്ഷത്തോളം അര്‍ബുദരോഗികള്‍ ഉണ്ടാകുന്നുവെന്നാണു കണക്ക്. കേരളത്തില്‍ ഓരോ വര്‍ഷവും രോഗികളുടെ എണ്ണത്തില്‍ ഒരു ശതമാനം വര്‍ധിക്കുന്നു. 36,000 മുതല്‍ 39,000പേരാണു രോഗത്തിനു കീഴ്പ്പെടുന്നത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം അര്‍ബുദ രോഗികളുള്ളത് തിരുവനന്തപുരത്താണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അര്‍ബുദ ചികിത്സാ കേന്ദ്രമാണ് തിരുവനന്തപുരത്തെ ആര്‍സിസി എന്നറിയപ്പെടുന്ന റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍. നിരവധിയാളുകളെ രോഗത്തില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന സ്ഥാപനം. ദൈവീകമായ കരങ്ങളാല്‍ ചികിത്സയും സാന്ത്വനവും പകര്‍ന്നു നല്കുന്ന ഇടം. ആര്‍സിസിയുടെ സ്ഥാപനത്തിലും വളര്‍ച്ചയിലും നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് ഡോ.എം.കൃഷ്ണന്‍നായര്‍. ‘ഞാനും ആര്സിസിയു’മെന്ന കൃഷ്ണന്‍നായരുടെ ആത്മകഥയാണ് അര്‍ബുദരോഗത്തെ കുറിച്ച് ഇത്രത്തോളം ചിന്തിക്കാനിടയായത്. രാജ്യത്തിന് അഭിമാനിക്കാവുന്ന ആശുപത്രിയായി മാറിയ ആര്‍സിസിയുടെ തുടക്കവും അതിന്റെ വളര്‍ച്ചയും കൃഷ്ണന്‍നായരുടെ വാക്കുകളിലൂടെ ഒരു വെള്ളിത്തിരയിലെ ദൃശ്യങ്ങള്‍ പോലെ അനുഭവിക്കാന്‍ പുസ്തകത്തിലൂടെ കഴിയും. ജീവിതത്തെയും മരണത്തെയും ഒരുപോലെ അനുഭവിച്ച നിരവധിയാളുകളുടെ മാനസികാവസ്ഥകള്‍ കൃഷ്ണന്‍നായര്‍ വിവരിക്കുന്നുണ്ട്. പണത്തിനും സുഖസൗകര്യങ്ങള്‍ക്കും പിറകെ പായുന്ന മനുഷ്യന് ഒരിക്കലും രോഗാവസ്ഥകളെ കുറിച്ച് ചിന്തിക്കുന്നതേയില്ല. മാരകരോഗങ്ങള്‍ ശരീരത്തെ ബാധിക്കുമ്പോഴാണ് തിരിഞ്ഞുനോക്കുന്നത്. എന്തിനുവേണ്ടിയായിരുന്നു ഇതെല്ലാമെന്ന്.
സുഖലോലുപതയ്ക്കും സ്ഥാനമാനങ്ങള്‍ക്കും പിന്നാലെ പായുന്നവര്‍ കൃഷ്ണന്‍നായരുടെ വാക്കുകള്‍ അവശ്യം വായിച്ചിരിക്കണം. അര്‍ബുദത്തിനൊപ്പം നാലര പതിറ്റാണ്ട് നടന്നതിന്റെ അനുഭവപിന്ബലമാണ് അദ്ദേഹത്തിന്റെ എഴുത്തിലുള്ളത്. മഹാരോഗത്തോടും അധികാര വടംവലികളോടും പോരാടി മുന്നേറിയ ഈ ഭിഷഗ്വരന്റെ ആത്മകഥ ആര്‍സിസിയുടെയും കഥയാണ്. തിരുവനന്തപുരത്ത് റീജിയണല്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാനും അതിനെ ഒരു മികച്ച സ്ഥാപനമാക്കി മാറ്റാനും കൃഷ്ണന് നായര്‍ നടത്തിയ പരിശ്രമങ്ങള്‍ കാലമെത്ര ചെന്നാലും വിസ്മരിക്കാനാകില്ല. ചെറിയ ചില ആരോപണങ്ങളും അസ്വാരസ്യങ്ങളും ഒരു സ്ഥാപനമെന്ന നിലയില്‍ ആര്‍സിസിയിലും ഉണ്ടായിട്ടുണ്ട്. എന്നാല്‍ മഹത്തായ പ്രസ്ഥാനത്തിന്റെ ലക്ഷ്യത്തിനു മുന്നില്‍ അതെല്ലാം നിഷ്പ്രഭമാകുന്നു.
1972ല്‍ ഇംഗ്ലണ്ടില്‍നിന്ന് ഫെല്ലോഷിപ്പ് നേടി ഇന്ത്യയില്‍ വന്നപ്പോള്‍ മുതല്‍ അര്‍ബുദത്തിനെതിരെയുള്ള പോരാട്ടത്തില്‍ മുഴുകുകയായിരുന്നു കൃഷ്ണന് നായര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വൃത്തിയില്ലാത്ത വാര്‍ഡുകളില്‍ നരകിക്കുകയായിരുന്നു അര്‍ബുദരോഗികള്‍. നല്ല കിടക്കയും മരുന്നുമില്ലായിരുന്നു. രോഗികളുടെ ദുരവസ്ഥ കൃഷ്ണന്‍നായരെ വേദനിപ്പിച്ചു. രോഗികളുടെ ദുരിതം മാറ്റിയെടുക്കണമെന്ന ചിന്ത അദ്ദേഹത്തിനുണ്ടായി. അതില്‍ നിന്നാണ് ആര്‍സിസിയുടെ ജനനം. ഇന്ന് അര്‍ബുദ ചികിത്സാരംഗത്ത് ഇന്ത്യ വളരെയേറെ വളര്‍ന്നു. അതില്‍ ആര്‍സിസിക്ക് നിര്‍ണ്ണായക പങ്കുണ്ട്.
ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞതുമായ നിരവധി പ്രഗത്ഭര്‍ ഞാനും ആര്‍സിസിയും എന്ന ആത്മകഥയില്‍ കടന്നുവരുന്നു. മുന്‍ മുഖ്യമന്ത്രിമാരായ കെ.കരുണാകരനും ഇ.കെ.നായനാരും ആര്‍സിസിയുടെ വളര്‍ച്ചയ്ക്കായി രാഷ്ട്രീയം മറന്ന് ഒരുമിച്ച കാര്യം അദ്ദേഹം എടുത്തുകാട്ടുന്നു. ചില വിവാദങ്ങള്‍ക്കും കൃഷ്ണന്‍നായരുടെ പുസ്തകം വഴിവച്ചു. ചലച്ചിത്ര നടി ശ്രീവിദ്യയുടെ അര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ടായിരുന്നു അത്. കോടികളുടെ സ്വത്തുണ്ടായിരുന്നിട്ടും ശ്രീവിദ്യക്ക് അവസാനകാലത്ത് ശരിയായ ചികിത്സ നല്‍കാനായില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. സ്വത്തെല്ലാം ട്രസ്റ്റിന് അവരേല്പിച്ചിരുന്നു. മുന്‍ മന്ത്രി ഗണേശ്കുമാര്‍ ഉള്‍പ്പെടുന്ന ട്രസ്റ്റ് അംഗങ്ങള്‍ ചികിത്സയ്ക്കുള്ള തുക മുടക്കാന്‍ തയ്യാറായില്ല.
വിവിധതരം അര്‍ബുദങ്ങളെക്കുറിച്ച് സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ കൃഷ്ണന് നായര്‍ വിശദീകരിക്കുന്നുണ്ട്. രോഗത്തെക്കുറിച്ച് കൂടുതല്‍ അറിയാനാഗ്രഹിക്കുന്നവര്‍ക്ക് അങ്ങേയറ്റം ഉപകാരപ്രദമായ ഈ ആത്മകഥ മനസ്സില്‍ ശുഭചിന്തകള്‍ നിറയ്ക്കുന്നതാണ്.
ആര്.പ്രദീപ്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: