ഹിന്ദുത്വത്തിന്റെ നെടുംതൂണുകളില്‍ ഒന്നാണ് ശ്രീ ശങ്കരാചാര്യര്‍ സ്ഥാപിച്ച കാഞ്ചി മഠം. കാഞ്ചി കാമകോടി പീഠത്തിന്റെ അറുപത്തിയൊമ്പതാമത് മഠാധിപതിയായി ചുമതലയേറ്റ ജയേന്ദ്രസരസ്വതി സ്വാമികള്‍ ഹിന്ദുത്വത്തിന്റെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും പരിഷ്ക്കരണങ്ങള്‍ക്കും നല്‍കിവരുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. തൊട്ടുകൂടായ്മ. തീണ്ടിക്കൂടായ്മ എന്നീ ദുരാചാരങ്ങള്‍ക്കെതിരെ മറ്റ് മഠാധിപന്മാരെ അപേക്ഷിച്ച് പുരോഗമനപരമായ ചിന്താഗതി പുലര്‍ത്തിപ്പോരുകയും നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സന്യാസി ശ്രേഷ്ഠനാണിദ്ദേഹം. അതുകൊണ്ടുതന്നെ രാജ്യത്തിനകത്തും പുറത്തും പ്രത്യേകിച്ച് ഹൈന്ദവ സമൂഹത്തിനുള്ളില്‍ സമാനതകളിലല്ലാത്ത സ്ഥാനവും സ്വാധീനവും ജയേന്ദ്ര സരസ്വതി സ്വാമികള്‍ക്കുണ്ട്. ഹൈന്ദവ ഏകീകരണത്തിനും മതം മാറ്റത്തിന്റെ മൂലകാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിലും ജയേന്ദ്രസരസ്വതിസ്വാമികള്‍ നടത്തിപ്പോന്ന പരിശ്രമങ്ങള്‍ എണ്ണമറ്റതാണ്. തമിഴ്നാട്ടിലെ മീനാക്ഷിപുരത്തും മറ്റും കൂട്ടമതം മാറ്റമുണ്ടായപ്പോള്‍ ശക്തമായ ഇടപെടല്‍ നടത്തിയ സ്വാമികള്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുകയുണ്ടായി.
പത്തൊമ്പതാം വയസ്സില്‍ സുബ്രഹ്മണ്യം മഹാദേവ അയ്യര്‍ സ്വാമി ചന്ദ്രശേഖര സരസ്വതിയുടെ പിന്‍ഗാമിയായി ജയേന്ദ്രസരസ്വതിയായി സന്യാസദീക്ഷ സ്വീകരിച്ചതോടെ കാഞ്ചിമഠത്തിന്റെ ചരിത്രത്തില്‍ തന്നെ പുതിയ ശക്തിയും പ്രകാശവും കൈവന്നു എന്നു തന്നെ പറയാം. രാജ്യത്താകമാനം വിദ്യാലയങ്ങളും ആതുരാലയങ്ങളും ഹൈന്ദവ സമ്പ്രദായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങളും മികച്ച രീതിയില്‍ നടത്തുന്ന കാഞ്ചിമഠം പലരുടെ കണ്ണിലും കരടായിരുന്നു. ജയേന്ദ്രസരസ്വതി സ്വാമികളെ ഉപദ്രവിക്കാനുള്ള നീക്കങ്ങളും അതിന്റെ ഭാഗം മാത്രം. അതിനെ തുടര്‍ന്നയിരുന്നു കാഞ്ചി മഠത്തിന്റെ ജീവനക്കാരനായിരുന്ന ശങ്കരരാമന് മരണപ്പെട്ടത് കൊലപാതമാക്കിത്തീര്ത്ത് മഠാധിപതി ജയേന്ദ്രസരസ്വതിയേയും ഇളയ മഠാധിപതി വിജേന്ദ്രസരസ്വതിയേയും ഒന്നും രണ്ടും പ്രതികളാക്കി കേസ്സെടുത്തത്. കാഞ്ചിപുരത്തെ വരദരാജ പെരുമാള്‍ ക്ഷേത്ര മാനേജരായിരുന്നു ശങ്കരരാമന്. 2004 സെപ്തംബര്‍ നാലിനായിരുന്നു സംഭവം. ശങ്കരാചാര്യന്മാര്ക്കു പുറമെ 22 പ്രതികളുമുണ്ടായിരുന്നു. ഒരു പ്രതി ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മരിച്ചു. എല്ലാ പ്രതികളെയും വിട്ടയച്ചുകൊണ്ട് പുതുച്ചേരി പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി സി.എസ്. മുരുകനാണ് ഇന്നലെ വിധി പറഞ്ഞത്. 2004 നവംബര്‍ 11ന് ദീപാവലി ദിവസമായിരുന്നു ഹിന്ദുത്വത്തിന്റെ ഏറ്റവും വലിയ മഠാധിപതിയും ആധ്യാത്മികാചാര്യനുമായ ജയേന്ദ്രസരസ്വതി അറസ്റ്റ് ചെയ്യപ്പെടുന്നത്. മതപരമായ ഒരു ചടങ്ങില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ആന്ധ്രയിലെ മെഹബൂബാ നഗര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. ആന്ധ്രാ മുഖ്യമന്ത്രി രാജശേഖര റെഡിയുടെ അനുമതിയോടെയുള്ള അറസ്റ്റ് അന്ന് ഏറെ ദുരൂഹതയുണ്ടാക്കി.
ഹൈന്ദവ സമൂഹത്തിനാകെ ആശങ്ക സൃഷ്ടിച്ച ആ സംഭവം നിസ്സംഗതയോടെ വീക്ഷിച്ച ശങ്കരാചാര്യര്‍ തന്റെ നിരപരാധിത്വം തെളിയുമെന്ന ആത്മവിശ്വാസത്തിലായിരുന്നു. പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് കോടതി കണ്ടെത്തി. എട്ട് വര്‍ഷത്തോളം നീണ്ട വിചാരണക്കൊടുവിലാണിത്. ശങ്കര രാമനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയില്‍ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ രണ്ടു പേര് നല്കിയ മൊഴികളാണ് മഠാധിപതികള്ക്കെതിരെ പ്രധാന തെളിവായെടുത്തത്. ക്രിമിനല്‍ ഗൂഢാലോചന, വ്യാജ വിവരങ്ങള്‍ നല്കി കോടതിയെ തെറ്റിദ്ധരിപ്പിക്കല്‍, കുറ്റം ചെയ്യാന്‍ പണം നല്കല് തുടങ്ങിയ വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരുന്നത്. തമിഴ്നാട്ടിലെ കോടതികളില്‍ നിന്ന് തനിക്ക് നീതി ലഭിക്കില്ലെന്ന ജയേന്ദ്ര സരസ്വതിയുടെ ഹര്‍ജിയെ തുടര്‍ന്ന് 2005ല്‍ സുപ്രീംകോടതി കേസ് ചെങ്കല്‍പേട്ട് കോടതിയില്‍ നിന്നും പുതുച്ചേരി സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു. 2009 മുതല്‍ മൂന്ന് വര്‍ഷം നീണ്ട വിചാരണക്കാലയളവില്‍ 189 സാക്ഷികളെ കോടതി വിസ്തരിച്ചു. 81 സാക്ഷികള്‍ കൂറുമാറി. പ്രതികളില്‍ ആരെയും സാക്ഷികള്‍ക്ക് തിരിച്ചറിയാനായില്ല. സാക്ഷികളില്‍ ശങ്കരരാമന്റെ മകളും ഉണ്ടായിരുന്നു. ഏതായാലും ‘സത്യമേവ ജയതേ’ എന്ന ആപ്തവാക്യം ഒരിക്കല്‍ക്കൂടി ഈ വിധിയിലൂടെ ആവര്‍ത്തിച്ചിരിക്കുകയാണ്. അതോടൊപ്പം തകര്‍ന്നടിഞ്ഞതാകട്ടെ ഹിന്ദുത്വത്തെ കരിതേയ്ക്കാനുള്ള ഗൂഢശ്രമവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: