രണ്ടാംസ്ഥാനക്കാരനാണെങ്കിലും ഇന്ത്യയുടെ ആത്മാവിനെ ഹൃദയത്തില്‍ തൊട്ടറിഞ്ഞ പട്ടേലിനോടുള്ള നെഹ്റുവിന്റെ അസഹിഷ്ണുതയാണ് സ്വതന്ത്രഭാരതം നേരിട്ട പലപ്രശ്നങ്ങളും ഇന്നും പരിഹരിക്കപ്പെടാതെ തീക്കനലായി ഇന്ത്യയെ പൊള്ളിച്ചുകൊണ്ടിരിക്കുന്നത്. കാശ്മീര്‍, ഉത്തരപൂര്‍വ്വ സംസ്ഥാന പ്രശ്നങ്ങള്‍, കിഴക്കന്‍ ബംഗാളിലെ അഭയാര്‍ത്ഥി പ്രശ്നം, നെഹ്റു-ലിക്വായത് ഉടമ്പടി, തുടങ്ങിയ നിരവധി പ്രശ്നങ്ങളില്‍ പട്ടേലും നെഹ്റുവും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്തിരുന്നു. പനമ്പിള്ളി ഗോവിന്ദമേനോനെ സിങ്കപ്പൂര്‍ അംബാസഡര്‍ ആയി നിയോഗിക്കാന്‍ വി. പി. മേനോന് വഴി പട്ടേല്‍ നടത്തിയ ശ്രമങ്ങള്‍ നെഹ്റു തള്ളിയതും ഗാന്ധിയന്‍ സാമ്പത്തിക നയങ്ങള്‍ക്ക് പകരം റഷ്യന്‍ മാതൃക സ്വീകരിച്ചതും ഇരുവരും തമ്മിലുള്ള അകല്‍ച്ചയുടെ ആഴം കൂട്ടി. ഗാന്ധിജിയോടുള്ള നെഹ്റുവിന്റെ സമീപനത്തെക്കുറിച്ച് ആദ്യം മുതലേ പട്ടേലിന് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. 1939 ജൂലൈ 3 ന് പട്ടേല്‍ നെഹ്റുവിനയച്ച കത്തില്‍ ഇക്കാര്യം കൃത്യമായി പരാമര്‍ശിച്ചിട്ടുണ്ട്. നെഹ്റുവിന്റെ മുസ്ലീം മൈത്രിയെക്കുറിച്ചും പട്ടേലിന് കടുത്ത വിയോജിപ്പുണ്ടായിരുന്നു. അത് നെഹ്രുവിനോട് തുറന്നു പറഞ്ഞിരുന്നതായും രാജ്മോഹന്‍ പറയുന്നു. ”ഹിന്ദുക്കളായാലും മുസ്ലീംങ്ങളായാലും ഈനാടിന്റെ മണ്ണിനോടും പാരമ്പര്യത്തോടും കൂറുണ്ടാകണമെന്ന് പട്ടേലിന് നിര്‍ബന്ധമായിരുന്നു. മുസ്ലീം ന്യൂനപക്ഷ പ്രീണനം ഗുരുതരമായ പ്രതിസന്ധികള്‍ ഭാവിയില്‍ ഉണ്ടാക്കുമെന്ന പട്ടേലിന്റെ മുന്നറിയിപ്പ് നെഹ്റു ചെവിക്കൊണ്ടില്ല.” ഗാന്ധി വധവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിന്റെ നിരോധനമായിരുന്നു നെഹ്റു-പട്ടേല്‍ വിയോജിപ്പിന്റെ മറ്റൊരു പ്രധാനപ്രശ്നം. ഗാന്ധിവധവുമായി ബന്ധപ്പെട്ട് പട്ടേല്‍ സ്വയം രാജി സന്നദ്ധത അറിയിച്ചപ്പോള്‍ അതിനെ തടഞ്ഞ നെഹ്റു, ഗാന്ധി വധത്തിന്റെ പേരില്‍ ആര്‍എസ്എസിനെ നിഷ്കരുണം നിരോധിക്കണമെന്നും, നിരോധനം നീട്ടണമെന്നും ആവശ്യപ്പെട്ടു. ഈ ആവശ്യത്തിനായി നെഹ്രു 1948 ഒക്ടോബര്‍ 27ന് പട്ടേലിന് എഴുതിയ കത്തില്‍ സൂചിപ്പിക്കുന്നത് ഇങ്ങനെയാണ്. “The RSS have a definite ideology which is entirely opposed to that of Govt. and that of the Congress. They definitely oppose the idea of a secular state. If at this juncture we remove the ban on RSS and continue it on other groups this will be widely interpreted as we encouraging certain fascist elements in India.”
നെഹ്റുവിന്റെ വാദം പട്ടേല്‍ സ്വീകരിച്ചില്ലെന്ന് മാത്രമല്ല ആര്‍എസ്എസ് ദേശസ്നേഹികളുടെ പ്രസ്ഥാനമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മണിബെന്‍ പട്ടേലിന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെയാണ്.”ഗാന്ധി വധത്തില്‍ കുറ്റക്കാരെ ശിക്ഷിക്കണം. എന്നാല്‍ അതൊക്കെ നിയമപാലകരുടേയും കോടതിയുടേയും ചുമതലയാണ്. കക്ഷിരാഷ്ട്രീയത്തിനതീതമായിരിക്കണം ഗവണ്മെന്റിന്റെ സമീപനം. നിയമങ്ങള്‍ നടപ്പാക്കുന്നതിന്റെ മറവില്‍ നിരപരാധികള്‍ ക്രൂശിക്കപ്പെടരുത്. അധികാരം ഉപയോഗിച്ച് ആര്‍എസ്എസിനെ തകര്‍ക്കാന്‍ ഭരണം കയ്യാളുന്നവര്‍ ശ്രമിക്കരുത്. ഒരു സംഘടനയേയും അടിച്ചമര്‍ത്താന്‍ കഴിയില്ല. പ്രത്യേകിച്ച് ആര്‍എസ്എസിന് ഗാന്ധിവധത്തില്‍ ഒരു പങ്കുമില്ല. അവര്‍ക്ക് ഗാന്ധിജിയുമായി വിയോജിപ്പുണ്ടായിരിക്കാം. എന്നാല്‍ ആര്‍എസ്എസുകാര്‍ മോഷണക്കാരും കൊള്ളക്കാരുമല്ല. അവര്‍ ദേശസ്നേഹികളാണ്. അവരുടെ പേരില്‍ ഗാന്ധിവധം ആക്ഷേപിക്കുന്നത് പാതകമാണ്.”
പട്ടേലും നെഹ്രുവും തമ്മിലുള്ള വിയോജിപ്പ് ഏറ്റവും മൂര്‍ച്ചിക്കുന്നത് 1950-ല്‍ നടന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടി പ്രസിഡന്റ് തെരഞ്ഞെടുപ്പിലായിരുന്നു. പട്ടേലിന്റെ സ്ഥാനാര്‍ഥിയായി പുരുഷോത്തം ഠണ്ഡനും, നെഹ്രുവിന്റെ സ്ഥാനാര്‍ഥിയായി കൃപാലിനിയും മത്സരിച്ചു. ഠണ്ഡന് ജയിച്ചാല്‍ കോണ്‍ഗ്രസ്സ് വര്‍ക്കിങ് കമ്മിറ്റിയില്‍നിന്ന് മാത്രമല്ല, പ്രധാനമന്ത്രി പദവും രാജിവയ്ക്കുമെന്ന് നെഹ്രു പ്രഖ്യാപിച്ചു. ഠണ്ഡനെ പിന്‍വലിക്കണമെന്ന് നെഹ്രുവിനോടടുപ്പമുള്ള പല കോണ്‍ഗ്രസ്സ് നേതാക്കളും പട്ടേലിനോട് ആവശ്യപ്പെട്ടെങ്കിലും പട്ടേല്‍ പിന്മാറിയില്ല. ശക്തമായ പോരാട്ടത്തിനൊടുവില്‍ 1306 വോട്ടിനെതിരെ 1902 വോട്ടുനേടി പട്ടേലിന്റെ സ്ഥാനാര്‍ഥി പുരുഷോത്തം ഠണ്ഡന് വിജയിച്ചു. ഗുജറാത്തില്‍ നിന്ന് കൃപാലിനിക്ക് ഒരു വോട്ടുപോലും കിട്ടിയില്ല. അപമാനിതനായ നെഹ്രു മുന്‍പു പറഞ്ഞ വാക്കില്‍നിന്ന് പിറകോട്ടു പോയെങ്കിലും പട്ടേലിനെ പാഠം പഠിപ്പിക്കുവാന്‍ തീരുമാനിച്ചു. പട്ടേലിനോട് പിന്നീട് വ്യക്തിവൈരാഗ്യത്തോടെയാണ് നെഹ്രു പെരുമാറിയത്.
പട്ടേല്‍ നിര്യാതനായ ദിവസം നെഹ്റു ആഭ്യന്തരവകുപ്പിനയച്ച രണ്ട് കുറിപ്പുകളില്‍ നിന്നും നെഹ്റുവിന് പട്ടേലിനോടുണ്ടായിരുന്ന വ്യക്തി വിരോധം പ്രകടമാകുന്നുണ്ട്. ഈ വിരോധം നെഹ്റു കുടുംബം വംശപരമായി തന്നെ നിലനിര്‍ത്തിയിരുന്നു എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ആരും അറിയാതെ പട്ടേലിന്റെ ജന്മശതാബ്ദി കടന്നുപോയത്. കോണ്‍ഗ്രസ്സും ഇന്ദിരാഗാന്ധി സര്‍ക്കാരും അത് കണ്ടില്ലെന്ന് നടിച്ചു. കേന്ദ്ര – സംസ്ഥാന ക്ഷേമപദ്ധതികളില്‍ പട്ടേലിന്റെ പേര് നല്കുവാനോ പ്രത്യേക പരിപാടികള്‍ ആവിഷ്കരിക്കാനോ കോണ്‍ഗ്രസ്സ് ഇതുവരെ തയ്യാറായിട്ടില്ല. നരേന്ദ്ര മോദി പട്ടേലിനെ ആദരിക്കുകയും, മ്യൂസിയം പുതുക്കി പണിയുകയും ലിബര്‍ട്ടി സ്റ്റാച്യൂവിനേക്കാള് ഉയരത്തില്‍ സ്മാരകം പണിയാന്‍ തീരുമാനിച്ചപ്പോഴുമാണ് പെട്ടെന്ന് പട്ടേല്‍ മതേരരവാദിയും കോണ്‍ഗ്രസ്സ് നേതാവുമായത്.
ഒരുപക്ഷെ പട്ടേല്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ഗാന്ധി വധംപോലും ഉണ്ടാകുമായിരുന്നില്ലെന്നും ആധുനിക ഇന്‍ഡ്യ ഇന്ന് നേരിടുന്ന കാതലായ പല പ്രശ്നങ്ങളും ഫലപ്രദമായി പരിഹരിച്ചിട്ടുണ്ടാകുമെന്നും ചരിത്ര വിദ്യാര്‍ത്ഥികള്‍ ചിന്തിച്ചാല്‍ അത്ഭുതപ്പെടാനില്ല.
നെഹ്രു കുടുംബത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ത്തുന്ന ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി നരേന്ദ്ര മോദി പട്ടേലിനെ സ്നേഹിക്കുന്നതിനും ആദരിക്കുന്നതിനും കാരണം മതത്തേക്കാളും രാഷ്ട്രീയത്തേക്കാളും രാഷ്ട്രമാണ് വലുതെന്ന് വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ അമരക്കാരനായതുകൊണ്ടാണ്. അതുകൊണ്ടുതന്നെ പട്ടേലിനെ ആദരിക്കുന്നതും സ്വാഭാവികമാണ്. ഇതില്‍ നെഹ്രു കുടുംബം കലിതുള്ളിയിട്ട് കാര്യമില്ല. മാത്രമല്ല, നരേന്ദ്ര മോദി പട്ടേലിനെ മാതൃകയാക്കാന്‍ പല കാരണങ്ങളുണ്ട്. കാലഘട്ടങ്ങളുടെ ഗതിവിഗതികളില്‍ പൂര്‍ണ്ണമായി നശിക്കപ്പെടാതെയും അധികാരത്തിന്റെ ആള്‍ത്താരകളില്‍ ഭരണവും ബലവും ഉപയോഗിച്ച് മര്ദ്ദിച്ചൊതുക്കിയിട്ടും ഇനിയും നശിക്കാതെ കാലത്തിന്റെ ഉള്‍തുടിപ്പുകളുമായി സമരസതയോടെ നിലനില്‍ക്കുന്ന ഹിന്ദുത്വ ജീവിത ദര്‍ശനമാണ് ഭാരതത്തിന്റെ പൈതൃകമെന്ന് പറയാന്‍ പട്ടേലിന് ഒരിക്കലും കൂസലുണ്ടായിരുന്നില്ല. മാത്രമല്ല പട്ടേലിന്റെ ഔദ്യോഗിക ജീവിതം അവസാനിക്കുമ്പോള്‍ അവശേഷിച്ചത് തൊഴില്‍രഹിതനായ മകനും തന്നെ സേവിച്ച മകളും മാത്രമായിരുന്നു. തന്റെ സന്തതസഹചാരിയായ മകളെ ഭരണത്തിന്റെ സിരാകേന്ദ്രത്തില്‍ പ്രതിഷ്ഠിക്കാന്‍ പട്ടേല്‍ ശ്രമിച്ചിട്ടില്ല. നെഹ്രുവില്‍ നിന്നും തികച്ചും വ്യത്യസ്തനായി നിസ്വാര്‍ത്ഥമായ രാഷ്ട്രീയ ജീവിതമായിരുന്നു പട്ടേലിന്റേത്. ഇത് തന്നെയായിരിക്കും മോദിയുടെ പ്രചോദനവും.
അവസാനിച്ചു
അഡ്വ. ബി. ഗോപാലകൃഷ്ണന്
ബിജെപി സ്റ്റേറ്റ് സെല്‍
കോര്‍ഡിനേറ്ററാണ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: