കേരളം ഭരിച്ച സര്‍ക്കാരുകളുടെ കെടുകാര്യസ്ഥത മൂലം സംസ്ഥാനത്തെ കടലോരങ്ങളില്‍ നിന്നും കരിമണല്‍ ഖനനത്തിന്റെ പേരില്‍ നടന്ന കരിമണല്‍ കൊള്ള മൂലം സംസ്ഥാനത്തിന് നഷ്ടപ്പെട്ടത് 120 ചതുരശ്ര കി.മീറ്ററിലധികം കടല്‍ത്തീര ഭൂമിയാണ്. നീണ്ടകര മുതല്‍ കായംകുളം പൊഴി വഴി തൃക്കുന്നപ്പുഴ, ആറാട്ടുപുഴ വരെയുള്ള സ്ഥലങ്ങളിലെ കരിമണല്‍ ഖനനമാണ് നാടിന് നാശം വരുത്തിവെച്ചിരിക്കുന്നത്. പന്മന പഞ്ചായത്തിലെ പൊന്മന ഗ്രാമം എന്നെന്നേക്കുമായി അപ്രത്യക്ഷമായിരിക്കുന്നു. കുന്നുംതറ യുപി സ്കൂള്‍, പൊന്മന സര്‍ക്കാര്‍ എല്‍പി സ്കൂള്‍ എന്നിവ ഖനനം മൂലം സമീപഗ്രാമങ്ങള്‍ കടലില്‍ അപ്രത്യക്ഷമായതോടെ അടച്ചുപൂട്ടി. ഇന്ന് ഇവ രണ്ടും ഇടിഞ്ഞുപൊളിഞ്ഞ് സജീവമായിരുന്ന ഗ്രാമങ്ങളുടെ അവശിഷ്ടങ്ങളായി നിലകൊള്ളുന്നു. നാഷണല്‍ ഹൈവേ 47 ന് ഇവിടെനിന്നും 3 കി.മീ.ദൂരം മാത്രമാണുള്ളത്. ഇടപ്പള്ളി കോട്ടപ്രദേശമാണ് കരിമണല്‍ ഖനനം മൂലം നശിച്ച ഈ ഗ്രാമങ്ങളുടെ നാഷണല്‍ ഹൈവേയുമായുള്ള പ്രധാന കണക്ഷന്. ചവറയ്ക്കടുത്ത കൊല്ലം ജില്ലയിലെ പൊന്മന ഗ്രാമം, കോവില്‍ തോട്ടം, വെള്ളനാം തുരുത്ത് എന്നീ ഗ്രാമപ്രദേശങ്ങള്‍ പണ്ട് കടല്‍ത്തീരത്തുനിന്നും ഉദ്ദേശം ഏഴു കിലോമീറ്റര്‍ ദൂരെയായിരുന്നെങ്കിലും ഇന്ന് കരിമണല്‍ ഖനനം മൂലം കടല്‍ ഈ ഗ്രാമങ്ങളെ വിഴുങ്ങിയ നിലയിലാണ്. വര്‍ഷത്തില്‍ മൂന്നുപൂ കൃഷി ചെയ്തിരുന്ന പനക്കടപ്പാടം, മുക്കുമ്പുഴപ്പാടം, പൊന്മനപ്പാടം എന്നീ പേരുകേട്ട മൂന്ന് പാടശേഖരങ്ങള്‍ സംസ്ഥാനത്തിന് ഓര്‍മ്മ മാത്രമാണിന്ന്. മുടങ്ങാതെ കൃഷി നടന്നിരുന്ന പാടശേഖരങ്ങളാണിവ. ഖനനം നശിപ്പിച്ച രണ്ട് സ്കൂളുകളിലും 1500 ലധികം കുട്ടികള്‍ പഠിച്ചിരുന്നതാണ്. ഈ പ്രദേശത്തെ ഇന്നത്തെ മത്സ്യത്തൊഴിലാളികള്‍ മിക്കവാറും പഠിച്ചിരുന്നത് ഈ സ്കൂളുകളിലായിരുന്നു. ഈ പ്രദേശത്തെ ഖനനംകൊണ്ട് കടലെടുത്തതുമൂലം റവന്യൂവകുപ്പ് ഏകദേശം 7200 ഹെക്ടര്‍ സ്ഥലത്തെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കാര്‍ഷിക മേഖലയ്ക്കും കരടമടയ്ക്കേണ്ട എന്ന് രേഖപ്പെടുത്തി. 1990 ല്‍ ഉത്തരവിറക്കിയിരുന്നു എന്ന് നാട്ടുകാര്‍ ഓര്‍ക്കുന്നു.
കൊല്ലം ജില്ലയിലെ ആലപ്പാട്ട് അടക്കം 23 കി.മീറ്റര്‍ പ്രദേശവും ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പ്രദേശത്തെ 17 കി.മീറ്റര്‍ കടല്‍ത്തീര പ്രദേശവുമാണ് അതിദാരുണമായി കരിമണല്‍ ഖനനത്തിന്റെ വ്യാപ്തിമൂലം നശിച്ചില്ലാതായിരിക്കുന്നത്. ഖനനം മൂലം പ്രദേശവാസികള്‍ അനുഭവിക്കുന്ന മലിനീകരണ പ്രശ്നങ്ങള്‍ക്ക് പുറമെയാണിത്. ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പ്രദേശങ്ങള്‍ ഇന്നും ജനനിബിഡമായ പ്രദേശങ്ങളാണ്. അവിടെ ഒരു വശം (പടിഞ്ഞാറ്) കടലും, കിഴക്ക് കായംകുളം കായലുമാണ്. കടലിനും കായലിനുമിടയിലെ കരയുടെ വീതി 40 മീറ്റര്‍ മുതല്‍ 300 മീറ്റര്‍ വരെയാണ്. കായംകുളം കായല്‍ സമുദ്ര നിരപ്പിന് താഴെയുള്ള കുട്ടനാടുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ കരിമണല്‍ ഖനനം മൂലം നിലവിലെ മണ്‍തിട്ട നഷ്ടപ്പെട്ടാല്‍ കടല്‍ ആര്‍ത്തിരമ്പി കുട്ടനാടന്‍ പാടശേഖരത്തേയ്ക്കാണ് ചെന്നു കയറുക. ഇത് സംസ്ഥാനത്തിന്റെ നെല്ലറയെ തകര്‍ത്തില്ലാതാക്കും. തൃക്കുന്നപ്പുഴ-ആറാട്ടുപുഴ കടലോരങ്ങള്‍ വാവുബലിക്ക് കേള്‍വി കേട്ട പ്രദേശങ്ങളാണ്. ശരിയായ കടല്‍ഭിത്തിയുടെ അഭാവം നാട്ടുകാരെ സുനാമിയുടെ പശ്ചാത്തലത്തില്‍ ഭയവിഹ്വലരാക്കിയിരിക്കുന്നു. കഴിഞ്ഞ സുനാമിയില്‍ ഒട്ടേറെ പേര് മരിച്ച ഈ പ്രദേശത്ത് സുനാമിയുടെ പേരില്‍ നടത്തുന്ന കടല്‍ഭിത്തി നിര്‍മാണം തികച്ചും അശാസ്ത്രീയമാണ്. ശരിയായ പുലിമുട്ടുകളുടെ അഭാവം ഭിത്തിയെ ദുര്‍ബലമാക്കുന്നു. സ്വകാര്യ മേഖലയില്‍ കരിമണല്‍ ഖനനം ലഭിക്കുവാന്‍ നടത്തുന്ന കുപ്രചാരണങ്ങളില്‍ മുഖ്യ കഥാപാത്രങ്ങള്‍ തൃക്കുന്നപ്പുഴ-ആറാട്ടുപുഴ പ്രദേശത്തുകാരാണ്. 50000 കോടി രൂപയുടെ കരിമണല്‍ കള്ളക്കടത്ത് നടത്തിയെന്ന ദുഷ്പ്രചാരണമാണ് ഈ പ്രദേശത്തെ പാവപ്പെട്ട ഒരു ജനതയെ ലക്ഷ്യമാക്കി തൊടുത്ത് വിടുന്നത്. കാന്‍സര്‍ പടര്‍ന്നുപിടിക്കുന്നു. ചാക്കുകളില്‍ കരിമണല്‍ ശേഖരിച്ച് രാത്രികാലങ്ങളില്‍ തമിഴ്നാട്ടിലേയ്ക്ക് കടത്തുന്നു എന്ന് പോകുന്നു കുപ്രചാരണങ്ങള്‍. നാട്ടുകാരെ കള്ളന്മാരാക്കി ചിത്രീകരിച്ച് പുറത്തുവരുന്ന മാധ്യമദൃശ്യങ്ങള്‍ നിരവധി തവണ കടല്‍ക്ഷോഭത്തിനും ഒരിക്കല്‍ സുനാമിക്കും വിധേയരായ പ്രാദേശികവാസികളെ ഏറെ വേദനിപ്പിക്കുന്നു.
ജനങ്ങള്‍ പറയുന്നത് മാധ്യമങ്ങള്‍ മനസ്സിലാക്കാതെ പോകുന്ന മറ്റൊരു കാര്യം തൃക്കുന്നപ്പുഴ-ആറാട്ടുപുഴ-വല്യ അഴീക്കല്‍ വരെയുള്ള 20 കി.മീ. കടല്‍ത്തീര പ്രദേശങ്ങള്‍ എറണാകുളത്തെ ഒരു സ്വകാര്യ കമ്പനി ഉടമയും തമിഴ്നാട്ടിലെ കരിമണല്‍ പ്രോസസ്സിംഗ് കമ്പനി ഉടമയും തീറെഴുതി വാങ്ങി കരിമണല്‍ ഖനനം തുടങ്ങാനിരിക്കുന്നു എന്നതാണ്. വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്ന കേസാണിത്.
ആറാട്ടുപുഴ വില്ലേജിലെ ആറാട്ടുപുഴ പഞ്ചായത്തിലെ സര്‍വേ നമ്പര്‍ 1091/347/4430 രേഖയിലെ സ്ഥലമായ രുദ്രന് തുരുത്ത് അപ്രത്യക്ഷമായിരിക്കുന്നു. ഉദ്ദേശം അഞ്ചര ഏക്കര്‍ വരുന്ന ഈ സ്ഥലം ഏതാനും വര്‍ഷങ്ങള്‍ മുമ്പുവരെ പൂര്‍ണമായും നിലനിന്നിരുന്നതാണ്. അഴീക്കല്‍ ഭാഗത്തുനിന്നും വെറും 100 മീറ്റര്‍ മാത്രം അകലെ കായലില്‍ ഉണ്ടായിരുന്ന രുദ്രന് തുരുത്ത് സമീപകാലത്ത് നടന്ന കരിമണല്‍ ഖനനം മൂലമാണ് എന്നെന്നേയ്ക്കുമായി അപ്രത്യക്ഷമായത്. രുദ്രന് തുരുത്തിന്റെ അവകാശികള്‍ ഇന്നും ഇല്ലാതായ ഈ കരഭാഗത്തിന്റെ കരം അടയ്ക്കുന്നുണ്ടെന്നത് സത്യമാണ്. രുദ്രന് തുരുത്തില് ഒന്നരവര്‍ഷം മുമ്പുവരെ ഒരാള്‍ പൊക്കത്തില്‍ കരിമണല്‍ ശേഖരം ഉണ്ടായിരുന്നു. തുരുത്തിന്റെ ചുറ്റിനുമുണ്ടായിരുന്ന കണ്ടല്‍ക്കാട് ആദ്യം അപ്രത്യക്ഷമായിരുന്നു. ഒരുകാലത്ത് രുദ്രന് തുരുത്തില് ആയുര്‍വേദ ഔഷധച്ചെടികള്‍, പച്ചക്കറികള്‍, തണ്ണിമത്തന് തുടങ്ങിയവയുടെ കൃഷിയും ഉണ്ടായിരുന്നതായി നാട്ടുകാര്‍ അവകാശപ്പെടുന്നു. അധികൃതമായാണോ, അനധികൃ തമായാണോ രുദ്രന് തുരുത്തില് കരിമണല്‍ ഖനനം നടത്തിയിരുന്നതെന്ന് കരയില്‍നിന്നും അകലെ വെള്ളത്തിലായിരുന്നതുകൊണ്ട് തുരുത്തിലെ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് അറിയില്ലായിരുന്നു. സുനാമിയില്‍ 142 പേര് മരിച്ച ആലപ്പാട്ടെ 3000 ത്തിലധികം മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിലൂടെ ഉപജീവനം കണ്ടെത്തുന്നവരാണ്. കരിമണല്‍ ഖനനം അവരുടെ ജീവസന്ധാരണത്തിനുള്ള മാര്ഗത്തിനുമേല് കരിനിഴല്‍ പരത്തിയിരിക്കുന്നു. വല്യ അഴീക്കല്‍ പൊഴിയില്‍ മണ്ണടിയുന്നത് തടയുവാന്‍ മണ്ണുമാറ്റുവാനുള്ള അധികാരം ഇന്ത്യന്‍ റെയര്‍ എര്ത്തിനാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഐആര്‍ഇ ഈ അനുവാദം ദുരുപയോഗം ചെയ്ത് കൂടുതല്‍ കരിമണല്‍ വാരി സ്വകാര്യ മേഖലയ്ക്ക് നല്‍കുന്നതായി ജനങ്ങള്‍ ആണയിടുന്നു. കഴിഞ്ഞ സുനാമിയില്‍ വല്ല്യ അഴീക്കല്‍-പെരുമ്പിള്ളി ഭാഗത്ത് മാത്രം 27 പേര് മരണമടഞ്ഞിരുന്നു. ഇന്ന് ഇവിടെ ഏകദേശം 30,000 പേരെങ്കിലും കരിമണല്‍ ഖനനം മൂലം ദുരിതമനുഭവിക്കുന്നുണ്ട്. 1909 ലാണ് ഷാംബര്‍ഗ് എന്ന ജര്‍മന്‍ സായ്പ് ആദ്യമായി കേരളതീരത്തെ വെള്ളനാം തുരുത്തില് മോണോസൈറ്റിന്റേയും ഇല്മെനേറ്റിന്റെയും സാന്നിദ്ധ്യം മനസ്സിലാക്കിയത്. പിന്നീട് 1911 ല്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ അനുവാദത്തോടെ ജര്‍മന്‍കാര്‍ കരിമണല്‍ കടത്താന്‍ തുടങ്ങി. തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ രാജ്യദ്രോഹ കുറ്റം ചുമത്തി ജര്‍മന്‍ സായ്പിനെ നാടുകടത്തിയെന്നാണ് പ്രചരിച്ചിട്ടുള്ളത്. കരിമണല്‍ കടത്ത് ബ്രിട്ടീഷുകാര്‍ ഏറ്റെടുത്തു.
ഭാരതം സ്വാതന്ത്ര്യം പ്രാപിച്ചതിന് ശേഷം കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ കേരള മിനറല്‍ ആന്റ് മെറ്റല്‍ ലിമിറ്റഡും കേന്ദ്ര-കേരള സര്‍ക്കാര്‍ സംരംഭമായ ഇന്ത്യന്‍ റെയര്‍ എര്‍ത്തും കരിമണല്‍ ഖനനം ഏറ്റെടുത്തു. രണ്ടു കമ്പനികളും കാര്യമായ സാധ്യമായ മൂല്യവര്‍ധിത വസ്തുക്കള്‍ കരിമണലില്‍ നിന്നും ഉണ്ടാക്കാതെ സ്വകാര്യകമ്പനികള്‍ക്ക് മണല്‍ മറിച്ചു വില്‍ക്കുന്ന സംരംഭകരായി മാറിയിരിക്കുന്നു എന്നതാണ് കൊല്ലം ചവറ മുതല്‍ ആലപ്പുഴ തോട്ടപ്പിള്ളി വരെയുള്ള ജനങ്ങളുടെ പരാതി. കമ്പനികള്‍ കരകടലെടുക്കുന്നതിനെതിരെ ഒന്നും ചെയ്യുന്നില്ല. തീരദേശ സംരക്ഷണം ഉറപ്പാക്കാതെ ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഖനനം തുടരുന്നു. പ്രാദേശിക സമൂഹത്തിന് വേണ്ടി കമ്പനികള്‍ ഒന്നും ചെയ്യുന്നില്ലെന്നും ജനങ്ങള്‍ക്ക് പരാതിയുണ്ട്. കെഎംഎംഎല്‍ ഉം ഐആര്‍ഇയും നാല് വീതം സെക്ടറുകളില്‍ കടല്‍ത്തീരത്ത് ഖനനം നടത്തുന്നുണ്ട്. ഈ കമ്പനികള്‍ കരിമണല്‍ ഖനനം നടത്തി പ്രോസസ്സ് ചെയ്ത് ഉല്‍പ്പന്നങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്നു. തീരം നഷ്ടപ്പെടലും മലിനീകരണവും മൂലം ദുരിതം അനുഭവിക്കേണ്ടിവരുന്നത് സാധാരണക്കാരായ മത്സ്യത്തൊഴിലാളി കുടുംബങ്ങളും. ഖനനം നടന്ന ഭാഗങ്ങള്‍ തുടര്‍ന്ന് കടലായി മാറുന്നു. അഞ്ച് ഹെക്ടറിലെ ഖനനത്തിന് മുമ്പൊന്നു പരിസ്ഥിതി പ്രത്യാഘാത പഠനം ആവശ്യമായിരുന്നില്ല. അതുകൊണ്ട് സെക്ടര്‍ തിരിച്ച് അശാസ്ത്രീയ ഖനനമാണ് നടന്നുവന്നിരുന്നത്. അതുകൊണ്ട് ജനവാസ കേന്ദ്രങ്ങള്‍ കടലെടുത്ത് പോകുന്നതിന് ആക്കം കൂട്ടി. തീരവാസികള്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികളായതിനാല്‍ സര്‍ക്കാര്‍ അധീനതയിലുള്ള കമ്പനികള്‍ എന്ന ലേബലില്‍ ഖനനം നിര്‍ബാധം തുടരുന്നു. ഇന്ന് സുപ്രീംകോടതിയും നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലും എല്ലാ ഖനനങ്ങള്‍ക്കും പരിസ്ഥിതി പ്രത്യാഘാത പഠനങ്ങള്‍ നടത്തണമെന്ന് വിധിച്ചിരിക്കുന്നു. എന്നിട്ടും പരിസ്ഥിതി ആഘാത പഠനമോ, ഖനന ആഘാത നിയന്ത്രണ ഉപാധികളോ നടത്താതെ അശാസ്ത്രീയമായി കരിമണല്‍ ഖനനം തുടരുകയാണ്.
കെഎംഎംഎല്ഉം ഐആര്‍ഇയും കരിമണല്‍ ഖനനരംഗത്ത് നടത്തുന്ന ത് അലസമായ നിലപാടുകളാണെന്ന് ജനങ്ങള്‍ക്ക് പരാതിയുണ്ട്. ഒന്ന്: തീരം സംരക്ഷിക്കാതെയുള്ള കരിമണല്‍ ഖനനം. തീരത്ത് ആഴക്കടല്‍ ഖനനമാണ് നടക്കുന്നത്. ഇത് ഖനനതീരത്തിന് എതിരെയുള്ള മറ്റു തീരങ്ങളെയും കടലെടുക്കുന്നതിന് ഇടവരുത്തും. രണ്ട്: ഈ രംഗത്ത് വേണ്ടത്ര ഗവേഷണം നടത്തി കൂടുതല്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുവാനുള്ള സംരംഭങ്ങള്‍ക്ക് മുതിരുന്നില്ല. മൂന്ന്: കരിമണല്‍ പ്രോസസ്സിംഗ് മലിനീകരണ ഭീഷണിയുണ്ടാക്കുന്നു. നാല്: ഖനനം സമുദ്രതീര ഇക്കോസിസ്റ്റത്തേയും മത്സ്യം അടക്കമുളള ജലജീവികളുടെ പ്രജനനത്തെയും ബാധിക്കുന്നു. അഞ്ച്: ഖനനം മൂലമുള്ള പ്രത്യാഘാതങ്ങള്‍ക്ക് ബദലായി സുരക്ഷിത ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നില്ല. കേരളത്തിലെ കരിമണലില്‍ നിന്നും ടൈറ്റാനിയം ഡൈയോക്സൈഡും മോണോസൈറ്റ് സംയുക്തവും ഇല്മെനേറ്റ് ഘടകവും വേര്‍തിരിച്ചെടുത്ത് വിദേശ-സ്വദേശ കമ്പനികള്‍ക്ക് നല്‍കുകയെന്ന പതിവാണ് സ്വീകരിച്ചുപോരുന്നത്. കേരളത്തിലെ ഇല്മെനേറ്റില് അറുപത് ശതമാനം ടൈറ്റാനിയം ഡൈയോക്സൈഡ് ആയതിനാല്‍ ലോകവിപണിയില്‍ കേരള ഇല്മെനേറ്റിന് വന്‍ ഡിമാന്റാണ്.
കേരള തീരം വീണ്ടെടുക്കാനാവാത്ത ആഘാതം വരുത്തി കരിമണലെടുത്തിട്ടും കെഎംഎംഎല്ലിനും ഐആര്‍ഇയ്ക്കും ടൈറ്റാനിയം ലോഹം നിര്‍മിക്കാനാകാത്തത് വലിയ പോരായ്മയാണ്. കേരളതീരം കടലെടുത്ത് പോകുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വിലയിരുത്തേണ്ടതായിട്ടുണ്ട്. കരിമണല്‍ വില്‍പ്പനയുടെ മധ്യവര്‍ത്തികളോ ഇടനിലക്കാരോ ആയി നമ്മുടെ കമ്പനികള്‍ പ്രവര്‍ത്തിക്കണമോ എന്ന് സര്‍ക്കാര്‍ പുനര്‍ചിന്തനം നടത്തണം. ഇക്കാര്യങ്ങളെക്കുറിച്ച് സര്‍ക്കാര്‍ സമിതി രൂപീകരിച്ച് അന്വേഷണം നടത്തണം. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ ജീവസന്ധാരണത്തിന് വിഘാതം സൃഷ്ടിക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകരുത്.
ഡോ.സി.എം.ജോയി
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: