ന്യൂദല്‍ഹി: ബാറ്റിങ് ജീനിയസ് സച്ചിന് ടെന്‍ഡുല്‍ക്കര്‍ക്ക് മുന്‍പേ ഭാരതരത്ന നല്‍കേണ്ടിയിരുന്നത് ഹോക്കി ഇതിഹാസം ധ്യാന്ചന്ദിനായിരുന്നെന്ന് ഒളിംപ്യന്‍ മില്‍ഖാ സിങ്. കായിക താരങ്ങളെ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിക്കു പരിഗണിക്കാന്‍ ആരംഭിച്ചതില്‍ സന്തോഷമുണ്ടെന്നും മില്‍ഖ പറഞ്ഞു.
കായിക താരങ്ങള്‍ക്കായി ഭാരത രത്നയുടെ വാതില്‍ തുറന്നതില്‍ സന്തോഷം. എന്നാല്‍ നേട്ടങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അതാദ്യം നല്‍കേണ്ടിയിരുന്നത് ധ്യാന്‍ചന്ദിനാണ്. സച്ചിന് പുരസ്കാരം നല്‍കിയതിനെ എതിര്‍ക്കുന്നില്ല. പക്ഷേ ആദ്യം അതിനര്‍ഹന്‍ ധ്യാന്‍ചന്ദായിരുന്നു, ഇന്ത്യ കണ്ട ഏറ്റവും മികച്ച അത്ലറ്റായ മില്‍ഖ വ്യക്തമാക്കി.
ഒളിംപിക്സില്‍ പങ്കെടുക്കുന്ന താരം രാജ്യത്തിന്റെ അംബാസഡറാണ്. അവര്‍ക്കും അവാര്‍ഡുകള്‍ നല്‍കണം. ധ്യാന്‍ചന്ദ് മരിച്ചിട്ട് ഏറെക്കാലമായി. എങ്കിലും രാജ്യത്തിന് അദ്ദേഹം നല്കിയ സംഭാവനകള്‍ നമ്മള് മറക്കാന്‍ പാടില്ല. ഒളിംപിക് മെഡല്‍ എന്നത് വലിയ നേട്ടമാണെന്നും മില്‍ഖ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: