ന്യൂദല്‍ഹി: ബിജെപിയുടേയും കോണ്‍ഗ്രസിലേയും പ്രമുഖര്‍ പത്രിക സമര്‍പ്പിച്ചതോടെ ദല്‍ഹിയിലെ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നു. മുഖ്യമന്ത്രിയും ദല്‍ഹിയിലെ കോണ്‍ഗ്രസിന്റെ ഏക ആശ്രയവുമായ ഷീലാദീക്ഷിത് ന്യൂദല്‍ഹി മണ്ഡലത്തില്‍ ഇന്നലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഡോ.ഹര്ഷവര്ദ്ധന് കൃഷ്ണ നഗര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നതിനായി ഇന്നലെ പത്രിക സമര്‍പ്പിച്ചു. കിഴക്കന്‍ ദല്‍ഹിയിലെ ഗീതാകോളനിയില് ഡപ്യൂട്ടി കമ്മീഷണര്‍ മുമ്പാകെയാണ് ഹര്ഷവര്ദ്ധന് പത്രിക നല് കിയത്. ബിജെപി സംസ്ഥാന പ്രസിഡനൃ വിജയ് ഗോയല്‍, മുന്‍ മുഖ്യമന്ത്രി വി.കെ.മല്‍ഹോത്ര എന്നിവര്‍ക്കൊപ്പം നൂറുകണക്കിനു പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു പത്രികാ സമര്‍പ്പണം. ദല്‍ഹിയില്‍ ബിജെപിയും കോണ്‍ഗ്രസ്സും തമ്മിലാണ് മത്സരമെന്നും ആംആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ ഒരു ഘടകമായി മാറില്ലെന്നും ഡോ.ഹര്ഷവര്ദ്ധന് പറഞ്ഞു. എല്ലാക്കാലത്തും ദല്‍ഹിയില്‍ മത്സരം ബിജെപിയും കോണ്‍ഗ്രസ്സും തമ്മിലാണ്. ഇത്തവണയും മത്സരം ഇരു പാര്‍ട്ടികളുമായാണ്. ബിജെപി ഒറ്റക്കെട്ടായി കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്നതിനായി പ്രവര്‍ത്തിക്കുകയാണെന്നും ഹര്ഷവര്ദ്ധന് പറഞ്ഞു.
നാലാമതു തവണയാണ് ഷീലാ ദീക്ഷിത് ന്യൂദല്‍ഹിയില്‍ നിന്നും നിയമസഭയിലേക്ക് മത്സരിക്കുന്നത്. മകനും ന്യൂദല്‍ഹി പാര്‍ലമെന്റ് എം.പിയുമായ സന്ദീപ് ദീക്ഷിതിനൊപ്പം ജാംനഗര്‍ ഹൗസിലെത്തി റിട്ടണിംഗ് ഓഫീസര്‍ സഞ്ജീവ് ഗുപ്ത യ്ക്കു മുമ്പാകെയാണ് ഷീലാ ദീക്ഷിത് പത്രിക സമര്‍പ്പിച്ചത്. കടുത്ത മത്സരമാണ് ന്യൂദല്‍ഹി സീറ്റില്‍ ഷീലാ ദീക്ഷിത് നേരിടേണ്ടി വരുന്നത്. ഷീലാ ദീക്ഷിത് എവിടെ മത്സരിച്ചാലും അവിടെ മത്സരിക്കുമെന്ന് വളരെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരിക്കുന്ന ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനു പുറമേ ബിജെപി സ്ഥാനാ ര്‍ത്ഥിയായി മുന്‍ സംസ്ഥാന പ്രസിഡന്റ് വിജേന്ദ്രഗുപ്തയും ന്യൂദല്‍ഹി നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്നു. മുന്‍ വിജയങ്ങള്‍ ആവര്‍ത്തിക്കാന്‍ ഷീലാദീക്ഷിത്തിന് വിഷമിക്കേണ്ടി വരുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം തന്നെ പറയുന്നത്.
70 നിയോജകമണ്ഡലങ്ങളിലേക്ക് മത്സരം നടക്കുന്ന ദല്‍ഹിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതി നാളെയാണ്. നവംബര്‍ 9 മുതല്‍ ഇന്നലെ വരെ 89 പേര് മാത്രമാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക തര്‍ക്കം മൂലം വൈകിയതും പട്ടികാ സമര്‍പ്പണം വൈകിപ്പിച്ചു.
ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി നരേന്ദ്രമോദി കൂടുതല്‍ ദിവസങ്ങള്‍ നീക്കി വെച്ചെന്ന വിവരം ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ആവേശത്തിലാക്കിയിട്ടുണ്ട്.
നവംബര്‍ 23,30,ഡിസംബര്‍ 1 തീയതികളില്‍ മോദി ദല്‍ഹിയില്‍ വിവിധ സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ പ്രസംഗിക്കും. ഭരണവിരുദ്ധ വോട്ടുകളെ ഭിന്നിപ്പിക്കുന്നതിനായ കോണ്‍ഗ്രസ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആംആദ്മി പാര്‍ട്ടിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതിനു മോദിയുടെ പരിപാടികള്‍ ലക്ഷ്യം വയ്ക്കുന്നതായി ബിജെപി നേതൃത്വം പറയുന്നു. എല്‍.കെ അദ്വാനി,വരുണ്‍ ഗാന്ധി, സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി,രാജ്നാഥ്സിങ്,വനോദ് ഖാന്ന തുടങ്ങിയ നേതാക്കളും വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിക്കും.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: