ന്യൂദല്‍ഹി: രാജ്യസഭാ പ്രതിപക്ഷ നേതാവും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്ലിയുടെ ഫോണ്‍ ചോര്‍ത്തിയ കേസില്‍ ആറു പേര്‍ കൂടി പോലീസ് പിടിയിലായി. ഇതോടെ കേസില്‍ അറസ്റ്റിലാകുന്ന പ്രതികളുടെ എണ്ണം പത്തായി. പ്രതികളെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കി.
ദല്‍ഹി പോലീസിലെ മൂന്ന് ഉദ്യോഗസ്ഥരെയടക്കം പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തതോടെ ഫോണ്‍ ചോര്‍ത്തലിനു പിന്നിലെ ഉദ്ദ്യേശ ലക്ഷ്യങ്ങള്‍ കൂടുതല്‍ ദുരൂഹമായി. കേന്ദ്രസര്‍ക്കാരിനും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കും സംഭവവുമായി ബന്ധമില്ലെന്നു വരുത്തി തീര്‍ക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
സ്വകാര്യ ഡിറ്റക്റ്റീവ് കമ്പനികള്‍ക്കും പോലീസിനും വേണ്ടിയാണ് അരുണ്‍ ജെയ്റ്റ്ലിയുടെ ഫോണ്‍ ചോര്‍ത്തിയതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. പിടിയിലായ പോലീസ് ഉദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥരുടെ ഇമെയില്‍ വിലാസം ഉപയോഗിച്ചാണ് ഫോണ്‍ രേഖകള്‍ ചോര്‍ത്തിയ ശേഷം സ്വകാര്യകുറ്റാന്വേഷണ കമ്പനിക്കു കൈമാറിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ദല്‍ഹി പോലീസിലെ ഒരു എഎസ്‌ഐ,ഒരു ഹെഡ്കോണ്‍സ്റ്റബിള്‍,ഒരു കോണ്‍സ്റ്റബിള്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. സ്വകാര്യ ഡിറ്റക്റ്റീവ് കമ്പനിയുമായി ബന്ധമുള്ള മറ്റു മൂന്നുപേരെയും എന്നാല്‍ ഫോണ്‍ ചോര്‍ത്തലിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉയര്‍ന്ന ഉദ്യോഗസ്ഥരെ സംരക്ഷിച്ചു കൊണ്ട് കീഴുദ്യോഗസ്ഥരെ മാത്രം അറസ്റ്റ് ചെയ്ത് മുഖം രക്ഷിക്കാനാണ് ദല്‍ഹി പോലീസിന്റെ ശ്രമം. നേരത്തെ കേസില്‍ കോണ്‍സ്റ്റബിളായ അരവിന്ദ് ദബ്ബാസിനേയും സ്വകാര്യ ഡിറ്റക്റ്റീവ് ഏജന്‍സി ഉടമ അനുരാഗ് സിങ്ങിനെയും മറ്റു രണ്ടു പേരെയും അറസ്റ്റു ചെയ്തിരുന്നു.
















