മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ രണ്ടര പതിറ്റാണ്ടു നീണ്ട കരിയറിലെ അവസാന ടെസ്റ്റ് മത്സരത്തിന് ടോസ് വീഴാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ബാറ്റിങ് നേരില്‍ കാണാന്‍ മുംബൈയ്‌ക്കു പുറത്തുള്ള ആരാധകര്‍ക്കു സാധിക്കുമോ?. ഇല്ലെന്നു തന്നെയാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പൊതു ജനങ്ങള്‍ക്കുവേണ്ടി വാംഖഡെയില്‍ കൗണ്ടറുകളില്ലെന്നു പ്രഖ്യാപിച്ച മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ടിക്കറ്റ് വില്‍ക്കാന്‍ ഒരുക്കിയ വെബ്സൈറ്റ് പ്രവര്‍ത്തനമാരംഭിച്ച് മിനിട്ടുകള്‍ക്കകം തകര്‍ന്നു. ഒരേ സമയം ആയിരക്കണക്കിനുപേര്‍ ലോഗ് ചെയ്തതാണ് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം അവതാളത്തിലാവാന്‍ കാരണം.
സാധാരണ ക്രിക്കറ്റ് പ്രേമികളോട് എംസിഎ (മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍) യുടെ നിരുത്തരവാദപരമായ നിലപാട് വ്യക്തമാക്കുന്നതാണ് ഇതുവരെ നടന്ന കാര്യങ്ങള്‍. നവംബര്‍ 14നാണ് സച്ചിന്റെ വിരമിക്കല്‍ ടെസ്റ്റിന്റെ തുടക്കം. വെറും 3500 ടിക്കറ്റുകളാണ് പൊതു ജനങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്. ഞായറാഴ്‌ച്ച പത്രസമ്മേളനം വിളിച്ച എഎംസിഎ അധികൃതര്‍ kyazoonga.com എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകള്‍ വാങ്ങാം എന്നറിയിച്ചു. മത്സരത്തിന് വെറും മൂന്നു ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ മുംബൈയ്‌ക്കു പുറത്തുള്ള കാണികള്‍ ത്രിശങ്കുവിലായെന്നു പറയേണ്ടതില്ലല്ലോ. ടിക്കറ്റ് ഉറപ്പില്ലാത്തൊരു യാത്ര പദ്ധതിക്ക് നിര്‍ബന്ധിതരായിരിക്കുകയാണവര്‍. സ്റ്റേഡിയത്തിലെ ടിക്കറ്റ് കൗണ്ടറുകള്‍ തുറന്നാല്‍ ആരാധകര്‍ തള്ളിക്കയറുമെന്നും സംഘര്‍ഷ സാധ്യതയുണ്ടെന്നുതുമാണ് ടിക്കറ്റ് വില്‍പ്പന ഓണ്‍ലൈന്‍വഴി മാത്രമാക്കാന്‍ എംസിഎ കണ്ടെത്തിയ കാരണം. ഇന്റര്‍നെറ്റ് സംവിധാനമില്ലാത്തവര്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിനു എല്ലാവരുടേയും താത്പര്യം സംരക്ഷിക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും അവര്‍ മറുപടി പറയുന്നു.
32000 കപ്പാസിറ്റിയിള്ള വാംഖഡയിലെ ഭൂരിഭാഗം ടിക്കറ്റുകളുടെയും പോക്ക് ആരുടെ പോക്കറ്റുകളിലേക്കെന്നതും അറിയേണ്ടകാര്യം തന്നെ. ആകെ ടിക്കറ്റുകളില്‍ 13000 ഗര്‍വാരെ ക്ലബ് ഹൗസ്, ടാറ്റാസ് എന്നിവയ്‌ക്കു പങ്കുവച്ചു നല്‍കും. അവശേഷിക്കുന്നവയില്‍ ഭൂരിഭാഗവും ബിസിസിഐയുടെയും എംസിഎയുടെയും സ്പോണ്‍സര്‍മാര്‍ക്കും സംസ്ഥാന സര്‍ക്കാരിനുമൊക്കെ കൈമാറും. എംസിഎയുടെ അംഗീകാരമുള്ള 329 ക്ലബ്ബുകള്‍ക്ക് 25 ടിക്കറ്റുകള്‍ വീതമാണ് ഓഹരി. ചുരുക്കത്തില്‍ 5000 ടിക്കറ്റുകള്‍ മാത്രമേ എംസിഎ നേരിട്ട് വില്‍ക്കുന്നുള്ളു. അതില്‍ 1500 എണ്ണം അതിഥികള്‍ക്കായി നീക്കിവച്ചവയും.
















