ന്യൂദല്‍ഹി: ഇന്ത്യയും ചൈനയും മത്സരിക്കുന്നതിനപ്പുറം ബഹിരാകാശ ഗവേഷണത്തില്‍ സഹകരിക്കുകയാണ് വേണ്ടതെന്ന് ചൈനീസ് മാധ്യമങ്ങള്‍ പറഞ്ഞു. ഇന്ത്യയ്‌ക്കും ചൈനയെപ്പോലെ ബഹിരാകാശ സ്വപ്നങ്ങളുണ്ടെന്നും കൈവരിക്കുന്നത് മികച്ച നേട്ടമാണെന്നും ചൈനാ ഡെയ്‌ലി വ്യക്തമാക്കി.
ചൈനയുടെ അയല്‍രാജ്യം ആവേശവും ഉന്മേഷവും നിറഞ്ഞതാണെന്നും നിരവധി നേട്ടങ്ങള്‍ക്ക് അവകാശികളാണെന്നും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് വ്യക്തമാക്കി. ബഹിരാകാശ ഗവേഷണത്തിലെ മത്സരത്തിന് മേഖലയില്‍ സംഘര്‍ഷം വരദ്ധിപ്പിക്കാനും സൈനികവല്‍ക്കരണം ശക്തിപ്പെടുത്താനും കഴിയും എന്ന കാര്യം ഇരു രാജ്യങ്ങളും ഓര്‍ക്കണമെന്നും പത്രം മുന്നറിയിപ്പു നല്‍കി.
ഒരുകാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മില്‍ മത്സരിച്ചത് ഇപ്പോള്‍ ഇന്ത്യയും ചൈനയും മനസിലാക്കണമെന്നും പത്രം പറഞ്ഞു. ഇന്ത്യയില്‍ ദാരിദ്ര്യമുള്ളപ്പോള്‍ എന്തിന് ഇത്തരം ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നുവെന്ന് ചില ചൈനീസ് മാദ്ധ്യമങ്ങള്‍ ചോദിക്കുന്നു എന്ന മട്ടില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും പാശ്ചാത്യ മാദ്ധ്യമങ്ങള്‍ മത്സരിക്കുകയാണ്. ഒന്നേകാല്‍ ഡോളറില്‍ താഴെ ദിവസ വരുമാനമുള്ള 35 കോടി ജനങ്ങള്‍ ഇന്ത്യയിലുള്ളപ്പോള്‍ 450 കോടി മുടക്കി ചൊവ്വയിലേക്ക് വാഹനം അയയ്‌ക്കുന്നതെന്തിനെന്ന് ചോദിക്കുന്നവര്‍ ഇന്ത്യയിലുണ്ടെന്ന് ഗ്ലോബല്‍ ടൈംസ് പത്രം ചൂണ്ടിക്കാട്ടി.
അമേരിക്കയും റഷ്യയും യൂറോപ്യന്‍ യൂണിയനും വിജയിക്കുകയും ചൈനയും ജപ്പാനും പരാജയപ്പെടുകയും ചെയ്ത അപകടം പിടിച്ച ഒരു ദൗത്യമാണ് ഇന്ത്യ ഏറ്റെടുത്തിരിക്കുന്നതെന്ന് പത്രം പറഞ്ഞു. രണ്ടു രാജ്യങ്ങളും ഒരേ കാര്യം ചെയ്യുന്നതിനുപകരം രണ്ടു തരത്തില്‍ പ്രവര്‍ത്തിച്ച് അതിന്റെ ഫലങ്ങള്‍ പങ്കിടുകയാണ് വേണ്ടതെന്ന് പല പത്രങ്ങളും നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: