ശാസ്താംകോട്ട: കുന്നത്തൂര്‍ പൂതക്കുഴിയില്‍ മനുഷ്യക്കഴുകന്മാര് പട്ടാപ്പകല്‍ വീട്ടമ്മയെ നഗ്നയാക്കി വലിച്ചിഴച്ച സംഭവം നടന്നിട്ട് ഇന്നേക്ക് പത്ത് നാള്. യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ കഴിയാതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. കൊല്ലത്ത് നടി ശ്വേതാമേനോന് ഉണ്ടായ അപമാനത്തെ രാഷ്ട്രീയമായി ആഘോഷിക്കുന്നവര്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ഒരു കട്ടിലിന്റെ മൂലക്ക് ഭയന്നുവിറച്ച് കഴിയുന്ന 44കാരിയായ വീട്ടമ്മയുടെ ദുരവസ്ഥയെ കണ്ടില്ലെന്ന് നടിക്കുകയാണ്. കഴിഞ്ഞ 26 നായിരുന്നു നാടിനെ ഞെട്ടിച്ച ഹീനകൃത്യം നടന്നത്.
ആശുപത്രിയില്‍ കഴിയുന്ന വീട്ടമ്മയെ സന്ദര്‍ശിച്ച ശേഷം ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികലടീച്ചര്‍ പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. ഈ സംഭവത്തെ ‘പൈശാചിക’മെന്ന് പറഞ്ഞാല്‍ പിശാചുകള്‍ പരാജിതരായിപോകും. അത്രക്ക് ക്രൂരമായിരുന്നു സംഭവം. വീട്ടിനടുത്തുള്ള റോഡില്‍ നിരന്തരമായി മദ്യപിക്കാനെത്തുന്ന സംഘത്തോട് എതിര്ത്തുസംസാരിച്ചതിന്റെ പേരിലാണ് വീട്ടമ്മയ്ക്ക് നേരെ ഈ കാടത്തം ഉണ്ടായത്. ഉച്ചക്ക് ശേഷം മൂന്നിനോടെയായിരുന്നു സംഭവം. ഇവരുടെ ഭര്‍ത്താവ് ജോലിക്ക് പോയിരുന്നു. അമിതമായി മദ്യപിച്ച് വാടകക്കാരിയായ വീട്ടമ്മയുടെ വീട്ടുമുറ്റത്ത് അഴിഞ്ഞാടിയ എട്ടംഗസംഘം പൊടുന്നനവേ കടന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന് വസ്ത്രങ്ങള്‍ വലിച്ചുകീറി. ഏകദേശം ഒന്നരകിലോമീറ്റര്‍ ദൂരമാണ് പിന്നീട് വീട്ടമ്മയെ വലിച്ചിഴച്ചത്. സംഭവം കണ്ട അയല്‍വാസികള്‍ വീട്ടിനുള്ളില്‍ കയറി കതകടച്ചു. പ്രതികരിക്കാന്‍ ചെന്ന ചില യുവാക്കളെ വീട്ടുകാര്‍ തന്നെ തടസപെടുത്തി പിന്തിരിപ്പിച്ചു. അര മണിക്കൂറോളം ആഭാസന്മാരും നരാധമന്മാരുമായ സംഘത്തിന്റെ അഴിഞ്ഞാട്ടത്തിനായിരുന്നു പ്രദേശം സാക്ഷ്യം വഹിച്ചത്. ഒടുവില്‍ വീട്ടമ്മ അവശയായപ്പോള്‍ വഴിയിലുപേക്ഷിച്ച് കടക്കുകയായിരുന്നു. അര്‍ധനഗ്നയായി ദേഹമാസകലം പരിക്കേറ്റ് നടുറോഡില്‍ കിടന്ന വീട്ടമ്മ ആരുടെയും സഹായമില്ലാതെ വീട്ടിലെത്തി വസ്ത്രമുടുത്താണ് പിന്നീട് പോലീസ് സ്റ്റേഷനിലെത്തിയത്. പോലീസ് സ്റ്റേഷനില്‍ നിന്നും ഇവര്‍ നേരെ ആശുപത്രിയിലേക്ക് പോയി.
സംഭവമറിഞ്ഞ് ഹൃദയവേദനയോടെ ഭര്‍ത്താവിന് നിസഹായനായി വാവിട്ടുകരയാനെ സാധിച്ചുള്ളൂ. എന്നാല്‍ അക്രമികള്‍ അടങ്ങാത്ത പകയുമായി വീട്ടമ്മയെ പിന്തുടരുകയായിരുന്നു. ആശുപത്രിയിലെത്തിയ അക്രമിസംഘം രാത്രി തന്നെ വീട്ടില്‍ പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വീട്ടമ്മ ഇതിന് കൂട്ടാക്കാത്തതിനാല് അക്രമിസംഘത്തിലെ പ്രദീപ് എന്നയാള്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയി. തൊട്ടടുത്ത ദിവസം സംഭവം വിവാദമായതോടെ ആശുപത്രിയില്‍ നിന്നും പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി. കുന്നത്തൂര്‍ തൊളിക്കല്‍ രേഷ്മാലയത്തില്‍ വാവച്ചന് ആണ് പിടിയിലായത്. മറ്റ് പ്രതികളായ പുത്തേടത്ത് കുട്ടായി, കുറ്റിംമുകളില് ഷിബിന്‍, മേച്ചേരില്‍ ഹരീഷ്, പാണമ്പുറം കോളനി വാസികളായ അജി, സുബ്ബന്‍, രഞ്ജിത്, ബിനു എന്നിവര്‍ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ പ്രതികളെല്ലാം തന്നെ പരസ്യമായി രംഗത്തുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടില്‍ സ്ഥിരം പ്രശ്നക്കാരായ ഇവര്‍ക്കെതിരെ നിരവധി കേസുകള്‍ സ്റ്റേഷനിലുണ്ട്. ഭരണകക്ഷിയില്‍ പെട്ട രാഷ്ട്രീയനേതാക്കളുടെ തണലിലാണ് ഇവരുടെ വിഹാരം. പട്ടാപ്പകല്‍ ഉണ്ടായ ഹീനകൃത്യത്തില്‍ മൊഴി കൊടുക്കാന്‍ പോലും ഇവരെ ഭയന്ന് നാട്ടുകാര്‍ തയ്യാറാവാത്ത സ്ഥിതിയാണ്. സംഭവം വിവാദമായ സാഹചര്യത്തില്‍ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം കുന്നത്തൂര്‍ തഹസില്‍ദാര്‍ താലൂക്ക് ആശുപത്രിയില്‍ എത്തുകയും വിശദമായ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊട്ടാരക്കര റൂറല്‍ എസ്പിക്കാണ് അന്വേഷണചുമതല. അക്രമം വിവാദമായ പശ്ചാത്തലത്തില്‍ കഴിഞ്ഞരാത്രി അജ്ഞാതസംഘം ആശുപത്രിയിലെത്തി വീട്ടമ്മയെ വീണ്ടും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ മകന് ഭക്ഷണം വാങ്ങാന്‍ പുറത്തുപോയ സമയത്തായിരുന്നു ഇത്. കേസില്‍ നിന്നും പിന്മാറണമെന്നും അല്ലെങ്കില്‍ ജീവന് നഷ്ടപ്പെടുമെന്നും സംഘം ഭീഷണിപ്പെടുത്തിയത്രെ. വീട്ടമ്മയുടെ ബഹളം കേട്ട് സമീപത്തുള്ളവര്‍ ഓടികൂടിയതോടെ അക്രമികള്‍ സ്ഥലം വിട്ടു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: