തിരുവനന്തപുരം: ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായ എഡിജിപി ഋഷിരാജ് സിങ്ങിന് പൊലിസ് കംപ്ലെയ്ന്റ് അതോറിറ്റിയുടെ സമന്‍സ്. 2006ലെ വ്യാജ സിഡി റെയ്ഡുകളുമായി ബന്ധപ്പെട്ട പരാതിയില്‍ അടുത്തമാസം എട്ടിനു ഹാജരായി വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രത്യേകദൂതന്‍ മുഖേനയാണ് സമന്‍സ് അയച്ചത്. സമന്‍സ് കൈപ്പറ്റിയതായി രേഖപ്പെടുത്തി അദ്ദേഹം ഒപ്പിട്ടുവാങ്ങി. മുന്‍പു രണ്ടുതവണ അയച്ച സമന്‍സിനോട് ഋഷിരാജ്സിങ് പ്രതികരിച്ചിരുന്നില്ല. വെല്‍ഗേറ്റിന്റെ പരാതിയില്‍ ഹാജരാവാന്‍ ഋഷിരാജ് സിങ്ങിനോട് മുന്‍പ് പലതവണ പോലിസ് കംപ്ലെയ്ന്റ് അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. ആവര്‍ത്തിച്ച് നോട്ടീസ് നല്‍കിയിട്ടും അതോറിറ്റിക്ക് മുമ്പില്‍ ഇദ്ദേഹം ഹാജരായില്ല. ഇതേത്തുടര്‍ന്നാണ് വീണ്ടും സമന്‍സയച്ചത്.
ഹാജരാവാതിരുന്ന എഡിജിപിയുടെ നിലപാടിനെ രൂക്ഷമായ ഭാഷയില്‍ അതോറിറ്റി നേരത്തെ വിമര്‍ശിച്ചിരുന്നു. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള പരാതികള്‍ പരിഗണിക്കുന്ന സംവിധാനമാണ് കംപ്ലെയ്ന്റ് അതോറിറ്റി. എഡിജിപിയുടെ നടപടി അച്ചടക്ക ലംഘനമാണെന്നും പോലിസ് കംപ്ലൈന്റ് അതോറിറ്റി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും അതോറിറ്റി കത്ത് നല്‍കുകയും ചെയ്തു. ഡെപ്യൂട്ടേഷന് കഴിഞ്ഞ് സംസ്ഥാനത്ത് മടങ്ങിയെത്തിയിട്ടും അതോറിറ്റിയെ ബന്ധപ്പെടാന്‍ ഋഷിരാജ് സിങ് തയാറാവാതിരുന്നത് കടുത്ത അച്ചടക്ക ലംഘനമാണെന്നായിരുന്നു അതോറിറ്റി ചെയര്മാന് ജസ്റ്റിസ് ബാലചന്ദ്രന്റെ നിലപാട്.
സിഡി റെയ്ഡുമായി ബന്ധപ്പെട്ട പരാതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ജനുവരി 15ന് അതോറിറ്റി ഋഷിരാജ് സിങ്ങിന് നോട്ടീസ് അയച്ചിരുന്നു. ഇതിനു മറുപടി ഉണ്ടാകാതിരുന്നതിനെത്തുടര്‍ന്ന് ഏപ്രില്‍ 30ന് വീണ്ടും നോട്ടീസയച്ചു. ഇതിനും പ്രതികരണമുണ്ടായില്ല. ഇതേത്തുടര്‍ന്ന് നോട്ടീസ് കിട്ടിയോ എന്നുറപ്പിക്കാന്‍ അതോറിറ്റി തപാല്‍ വകുപ്പുമായി ബന്ധപ്പെട്ടിരുന്നു. സിബിഐ ജോയിന്റ് ഡയറക്ടറായിരിക്കെ ഭോപ്പാല്‍ ആര്‍എസ് നഗര്‍ പോസ്റ്റ് ഓഫീസ് വഴി ഋഷിരാജ് സിങ്ങിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് തപാല്‍ വകുപ്പിന്റെ രേഖകളില്‍ വ്യക്തമായി. ഇതോടെയാണ് ഋഷിരാജ് സിങ്ങിനെതിരെ അതോറിറ്റി രംഗത്തുവന്നത്. ഋഷിരാജ് സിങ്ങിന് ഒരവസരം കൂടി നല്‍കണമെന്ന് ചൂണ്ടിക്കാട്ടി ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം അതോറിറ്റിക്ക് മറുപടി നല്കി. അതോറിറ്റിക്കു മുമ്പാകെ ഹാജരാകണമെന്ന് ഋഷിരാജ് സിങ്ങിനും ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: