ചെന്നൈ: ഡിസംബറില്‍ പ്രവര്‍ത്തനം തുടങ്ങാമെന്ന എയര്‍ ഏഷ്യ ഇന്ത്യയുടെ സ്വപ്നം പൂവണിയില്ല. പെര്‍മിറ്റിനായുള്ള അപേക്ഷ പ്രവര്‍ത്തനം തുടങ്ങുന്നതിന് 90 ദിവസം മുമ്പ് സമര്‍പ്പിക്കണമെന്ന ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ പുതിയ ചട്ടമാണ് എയര്‍ ഏഷ്യ ഇന്ത്യയ്‌ക്ക് വിലങ്ങുതടിയായിരിക്കുന്നത്. ഇതേതുടര്‍ന്ന് 2014 ല്‍ മാത്രമേ കമ്പനിയ്‌ക്ക് പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുവെന്ന് വ്യക്തമായി.
നേരത്തെ ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് സമയപരിധി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കഴിഞ്ഞ മാസമാണ് ഡിജിസിഎ പുതിയ ചട്ടം കൊണ്ടുവന്നത്. പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള നടപടികള്‍ 90 ദിവസത്തിനകം ഡിജിസിഎ പൂര്‍ത്തിയാക്കിയിരിക്കണം. രേഖകളുടെ മൂല്യ നിര്‍ണയം, പരിശോധന, അപേക്ഷകരുമായി അഞ്ച് അവലോകന യോഗങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
പുതിയ വ്യവസ്ഥകള്‍ ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിക്കാമെന്ന എയര്‍ ഏഷ്യയുടെ പദ്ധതിയെ പ്രതികൂലമായി ബാധിച്ചു. പ്രവര്‍ത്തനാനുമതിയ്‌ക്കായുള്ള അപേക്ഷ എയര്‍ലൈന്‍ സമര്‍പ്പിച്ചിട്ടുണ്ട്. വ്യോമയാന മന്ത്രാലയത്തില്‍ നിന്നും നോണ്‍ ഒബ്ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചെങ്കില്‍ മാത്രമേ എയര്‍ ഏഷ്യ ഇന്ത്യയ്‌ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളു. സര്‍ക്കാരില്‍ നിന്നും അനുമതി ലഭിക്കുന്നതിനെ ആശ്രയിച്ചായിരിക്കും പ്രവര്‍ത്തനം എന്ന് കമ്പനി വക്താവ് പറഞ്ഞു.
















