ന്യൂദല്‍ഹി: സ്വാതന്ത്ര്യസമര സേനാനിയും പ്രമുഖ പത്രപ്രവര്‍ത്തകനുമായ ലാലാ ജഗത് നാരായണിന്റെ സ്മരണാര്‍ഥം സ്റ്റാമ്പ് പുറത്തിറക്കി. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ് ജഗത് നാരായണിന്റെ ചിത്രം ആലേഖനം ചെയ്ത അഞ്ച് രൂപയുടെ സ്റ്റാമ്പ് പ്രകാശനം ചെയ്തത്.
പഞ്ചാബില്‍ ഭീകരരോട് പോരാടിയ നരേന്‍ 32 വര്‍ഷം മുമ്പ് 1981 സപ്തംബര്‍ ഒമ്പതിനാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. മന്‍മോഹന്‍ സിംഗിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനി, കേന്ദ്ര മന്ത്രി മനീഷ് തിവാരി, ഹരിയാന മുഖ്യമന്ത്രി ഭൂപേണ്ടര്‍ സിംഗ് ഹൂഡ, ഹരിയാന മുന്‍ മുഖ്യമന്ത്രിമാര്‍, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീരഭദ്ര സിംഗ്, ഉപമുഖ്യമന്ത്രി, പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബിര്‍ സിംഗ് ബാദല്‍, മുന്‍ നിയമ മന്ത്രി അശ്വനി കുമാര്‍, മുന്‍ ഐപിഎസ് ഓഫീസര്‍ കെ.പി.എസ്. ഗില്‍, പഞ്ചാബ് കേസരി ദിനപ്പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫും സിഇഒയും ആയ വിജയ് ചോപ്ര തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ കര്‍മ മേഖലയില്‍ സത്യസന്ധരും ഭയരഹിതരും നിക്ഷ്പക്ഷരുമായിരിക്കണമെന്ന് സ്റ്റാമ്പ് പുറത്തിറക്കിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ജഗത് നാരായണിന്റെ ധീരത ഏവര്‍ക്കും മാതൃകയാണ്. ഭീകരരോട് പോരാടിയ നാരായണിന് അവസാനം തന്റെ ജീവിതം തന്നെയാണ് പകരം നല്‍കേണ്ടി വന്നതെന്നും മന്‍മോഹന്‍ സിംഗ് അനുസ്മരിച്ചു. സമൂഹത്തില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് സംബന്ധിച്ച് പ്രധാനപ്പെട്ട സന്ദേശം ബാക്കിവച്ചാണ് അദ്ദേഹം മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബില്‍ ഭീകരവാദം മൂര്‍ധന്യത്തില്‍ എത്തിയ 1981 ല്‍ ലുധിയാനയില്‍ വച്ചാണ് നാരായണ്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. 21-ാം വയസ്സില്‍ പഠനം ഉപേക്ഷിച്ച നാരായണ്‍ മഹാത്മാഗാന്ധിയുടെ ആഹ്വാനത്തെ തുടര്‍ന്ന് നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കാളിയാവുകയായിരുന്നു. ജയിലില്‍ ആയിരുന്നപ്പോഴും ലാലാ ലജ്പത് റായിയുടെ സെക്രട്ടറിയെന്ന നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് സ്വാതന്ത്ര സമരത്തില്‍ തന്റെ സംഭാവനകള്‍ നല്‍കി.
















