ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ മാസം അവസാനം പ്രഖ്യാപിക്കുമെന്ന് സൂചന. ദല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറാം എന്നീ സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ബലപരീക്ഷണത്തിന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഏറെ പ്രാധാന്യമാണ് നല്‍കുന്നത്.
മിസോറാമൊഴികെയുള്ള നാല് സംസ്ഥാനങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഉള്ള മത്സരമാവും നടക്കുക. ദല്‍ഹിയില്‍ 15 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ഷീലാദീക്ഷിത് ഇക്കുറി അധികാരം നിലനിര്‍ത്താന്‍ പാടുപെടും. ഭരണവിരുദ്ധ വികാരവും വിലക്കയറ്റവുമെല്ലാം ഷീലാ ദീക്ഷിത്തിനെതിരാണ്. രാജസ്ഥാനിലും കോണ്‍ഗ്രസ് വന്‍ തകര്‍ച്ചയെ നേരിടേണ്ടിവരുമെന്നാണ് സൂചനകള്‍.
ദല്‍ഹി, മിസോറാം, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് ഒരുദിവസംതന്നെ നടത്താനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഝാര്‍ഖണ്ഡില്‍ രണ്ട് തലങ്ങളായാവും നടത്തുക. മാവോയിസ്റ്റ് ഭീഷണിയുള്ളതിനാലാണ് രണ്ട് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടത്തുന്നത്. ദീപാവലിക്കുശേഷം കമ്മീഷന്‍ തെരഞ്ഞെടുപ്പിന് തയ്യാറാകുമെന്ന് ഒരു ഇലക്ഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. നവംബര്‍ രണ്ടിനാണ് ദീപാവലി അതിനുശേഷം ഡിസംബര്‍ ആദ്യ ആഴ്ചക്കകം വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ നടക്കും. ഡിസംബര്‍ മധ്യത്തോടെ ഫലപ്രഖ്യാപനവും ഉണ്ടാവും.
ദല്‍ഹി അസംബ്ലിയുടെ കാലാവധി അവസാനിക്കുക ഡിസംബര്‍ 17നാണ്. മധ്യപ്രദേശില്‍ ഡിസംബര്‍ 12ഉം മിസോറാമില്‍ ഡിസംബര്‍ 16ഉം രാജസ്ഥാനില്‍ ഡിസംബര്‍ 31ഉം ഛത്തീസ്ഗഢില്‍ ജനുവരി നാലിനുമാണ് അസംബ്ലിയുടെ കാലാവധി അവസാനിക്കുക തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവരുടെ തയ്യാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു.
















