കണ്ണൂര്‍: നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും മൂല്യങ്ങള്‍ വിദ്യാര്‍ത്ഥികളിലും യുവതലമുറയിലും പകര്‍ന്നു നല്‍കുകയാണ് വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിഖില്‍ കുമാര്‍ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ സമരസേനാനി കെ മാധവന്, പത്മഭൂഷണ്‍ കെ പി പി നമ്പ്യാര്‍, പത്മശ്രീ കെ രാഘവന് മാസ്റ്റര്‍ എന്നിവര്‍ക്ക് കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ഡി ലിറ്റ് ബിരുദം നല്കി ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള സാഹചര്യം മനസ്സിലാക്കി ആവശ്യമായ ഫാക്കല്‍റ്റികളും കോഴ്സുകളും രൂപീകരിക്കണം. അതോടൊപ്പം വിദ്യാര്‍ത്ഥികളുടെ തൊഴില്‍ സാദ്ധ്യതയും പ്രധാനമാണ്. ബോധന നിലവാരവും ഭരണപരമായ കാര്യങ്ങളും സമന്വയിപ്പിച്ചാലേ യൂണിവേഴ്സിറ്റികള്‍ക്ക് വികസിക്കാനാകൂ. അതോടൊപ്പം പഴയ തലമുറയില്‍പ്പെട്ട വിവിധ രംഗങ്ങളിലെ പ്രഗത്ഭരെ മാതൃകാ പുരുഷന്മാരായി കണ്ട് അവര്‍ ജീവിതത്തില്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളും സാമൂഹ്യബോധവും സ്വാംശീകരിക്കാനും വിദ്യാര്‍ത്ഥികള്‍ക്കും യുവതലമുറക്കും കഴിയണം. ഒരു കമ്മ്യൂണിസ്റ്റ് ആയിരിക്കെ തന്നെ ഗാന്ധിയന്‍ ദര്‍ശനവും ജീവിത മൂല്യങ്ങളും സമന്വയിപ്പിച്ച് മാതൃകയായ ജീവിതമാണ് കെ മാധവന്റേത്. കേരളത്തിന്റെയും രാജ്യത്തിന്റെയും ശാസ്ത്ര – സാങ്കേതിക വളര്‍ച്ചയില്‍ കെ പി പി നമ്പ്യാര്‍ നല്കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്. പതിറ്റാണ്ടുകള്‍ക്കുശേഷവും സംഗീത പ്രേമികളുടെ മനസ്സിനെ ആകര്‍ഷിക്കുന്നുവെന്നത് കെ രാഘവന് മാസ്റ്ററുടെ സംഗീതത്തിന്റെ മാസ്മരിക ശക്തിയാണ് കാണിക്കുന്നത്. ഇവര്‍ക്ക് ഡി ലിറ്റ് സമ്മാനിക്കുന്നതിലൂടെ കണ്ണൂര്‍ സര്‍വ്വകലാശാല സ്വയം ആദരിക്കപ്പെടുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
കെ.മാധവന്, കെ രാഘവന് മാസ്റ്റര്‍, കെ പി പി നമ്പ്യാര്‍ക്കുവേണ്ടി ഭാര്യ ഉമാദേവി നമ്പ്യാര്‍ എന്നിവര്‍ ഗവര്‍ണറില്‍ നിന്ന് ഡി ലിറ്റ് ബിരുദം സ്വീകരിച്ചു.സമൂഹ മനസ്സില്‍ ജ്ഞാനത്തിന്റെ പ്രഭ പ്രസരിപ്പിക്കുന്നതിന് പകരം വിഭാഗീയതകളുടെയും സങ്കുചിത താല്പര്യങ്ങളുടെയും ഇടമായി സര്‍വ്വകലാശാലകള്‍ മാറുന്നത് അക്ഷന്തവ്യമാണെന്ന് ബിരുദം സ്വീകരിച്ച് നടത്തിയ പ്രസംഗത്തില്‍ കെ മാധവന് പറഞ്ഞു. ഡി ലിറ്റ് സമ്മാനിക്കുക വഴി സര്‍വ്വകലാശാല ഒരു വ്യക്തിയെയല്ല, കാലത്തെയാണ് അംഗീകരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലളിതവും സുന്ദരവുമായ വരികളിലൂടെ ഒരു കാവ്യപ്രപഞ്ചം തന്നെ തീര്‍ത്ത പി ഭാസ്കരന് മാസ്റ്ററാണ് തന്റെ ഈണങ്ങളെ ഇമ്പമുളളതാക്കി മാറ്റിയതെന്ന് കെ രാഘവന് മാസ്റ്റര്‍ അനുസ്മരിച്ചു. ലാളിത്യവും ഭാവുകത്വവും പുലരുന്ന നല്ല ഗാനങ്ങള്‍ ഇനിയുമുണ്ടാകാന്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ശ്രമിക്കുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെയും രാജ്യത്തിന്റെയും വികസനത്തില്‍ നല്കാന് കഴിഞ്ഞ സംഭാവനകളില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് കെ പി പി നമ്പ്യാര്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ.എം കെ അബ്ദുള്‍ ഖാദര്‍ സ്വാഗതം ആശംസിച്ചു. പ്രൊ ചാന്‍സലര്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്, രജിസ്ട്രാര്‍ ബാലചന്ദ്രന് കീഴോത്ത് എന്നിവരും ബിരുദദാന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: