Categories: India

ജിഎസ്‌എല്‍വി ഡി-അഞ്ച്‌ കുതിച്ചുയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

Published by

ചെന്നൈ: ജിഎസ്‌എല്‍വി ഡി-അഞ്ച്‌ അന്തരീക്ഷത്തിലേക്ക്‌ കുതിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക്ക്‌ എഞ്ചിനാണ്‌ ജിഎസ്‌എല്‍വി ഡി-അഞ്ചില്‍ ഉപയോഗപ്പെടുത്തുന്നത്‌. മൂന്ന്‌ വര്‍ഷം മുന്‍പ്‌ പരാജയപ്പെട്ട ഇന്ത്യയുടെ സ്വന്തം ക്രയോജനിക്‌ എഞ്ചിന്റെ അപാകതകള്‍ക്ക്‌ പഴുതുകള്‍ നല്‍കാതെയാണ്‌ വിക്ഷേപണത്തിനായി ഒരുങ്ങിയിരിക്കുന്നത്‌. ഇന്ന്‌ വൈകുനേരം 4.50 ന്‌ വിക്ഷേപിക്കുന്നതിനായി ഞായറാഴ്‌ച്ച രാവിലെ 11.50 ന്‌ കൗണ്ട്ഡൗണ്‍ ആരംഭിച്ചിരുന്നു.

ജി സാറ്റ്‌14 എന്ന വാര്‍ത്താവിനിമയ ഉപഗ്രഹത്തെ വഹിച്ചുകൊണ്ടാണ്‌ ജിഎസ്‌എല്‍വി ഡി-അഞ്ച്‌ മുകളിലേക്ക്‌ ഉയരാന്‍ കാത്ത്‌ നില്‍ക്കുന്നത്‌. തമിഴ്‌നാട്ടിലെ ചെന്നൈയില്‍ നിന്നും 100 കിമി വടക്കുള്ള ശ്രീഹരിക്കോട്ടയില്‍ നിന്നുമാണ്‌ ജിഎസ്‌എല്‍വി ഡി-അഞ്ച്‌ വിക്ഷേപിക്കപ്പെടുന്നത്‌. വാര്‍ത്താവിനിമയ ഉപഗ്രമായ ജി സാറ്റ്‌14 ന്‌ 1,982 കിലോ ഭാരമാണുള്ളത്‌.

രാജ്യം പൂര്‍ണ്ണമായും സ്വന്തമായി നിര്‍മ്മിക്കുകയും ഉയര്‍ന്ന നിലവാരം പുലര്‍ത്താന്‍ ശേഷിയുള്ളതുമായ ക്രയോജനിക്ക്‌ എന്‍ഞ്ചിനാണിത്‌. ഇന്ത്യയുടെ ആദ്യ സ്വയംനിര്‍മ്മിത ക്രയോജനിക്ക്‌ സംരംഭമായ ജിഎസ്‌എല്‍വി ഡി3 2010 ഏപ്രില്‍ 15 ന്‌ വിക്ഷേപിച്ചിരുവെങ്കിലും ഉപഗ്രഹം ഉള്‍പ്പെടെ തകര്‍ന്നു വിഴുകയായിരുന്നു. ആദ്യ പരാജയത്തില്‍ പാഠങ്ങള്‍ ഉള്‍ക്കൊണ്ട്‌ ഇന്ത്യന്‍ നിര്‍മ്മിത ക്രയോജനിക്ക്‌ എന്‍ഞ്ചിനെ മാറ്റി റഷ്യന്‍ നിര്‍മ്മിത ക്രയോജനിക്ക്‌ എന്‍ഞ്ചിന്‍ ഉപയോഗപ്പെടുത്തിയാണ്‌ 2010 ഡിസംബറില്‍ വിക്ഷേപണത്തിനായി ഒരുക്കിയത്‌. എന്നാല്‍ ആ വിക്ഷേപണവും പരാജയപ്പെട്ടു. ഏഴ്‌ ജിഎസ്‌എല്‍വി റോക്കറ്റുകള്‍ വിക്ഷേപിച്ചതില്‍ നാലെണ്ണവും വന്‍ പരാജയങ്ങളായിരുന്നും. ഇതില്‍ 6 എണ്ണം റഷ്യന്‍ നിര്‍മ്മിതവും ഓരെണ്ണം ഇന്ത്യന്‍ നിര്‍മിതവുമാണ്‌. പരാജയപ്പെട്ടതിനു പലതിലും വ്യത്യസ്തങ്ങളായ കാരണങ്ങളാണുള്ളത്‌.

ജിഎസ്‌എല്‍വി ഡി-അഞ്ചിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞാല്‍ മണിക്കൂറുകള്‍ക്കകം തന്നെ സ്ട്രാപ്പ്‌ ബൂസ്റ്റര്‍ പ്രവര്‍ത്തിപ്പിച്ച്‌ ഇന്ധനം നിറച്ചു തുടങ്ങും. റോക്കറ്റിനെ മുന്നോട്ട്‌ തള്ളുന്നതിനായുള്ള ദ്രാവകം നിറക്കുകയാണ്‌ രണ്ടാമത്തെ ഘട്ടം. ശീതീകരിച്ച ദ്രവ ഓക്സിജനും ദ്രവ ഹൈഡ്രജനുമാണ്‌ ക്രയോജനിക്‌ എന്‍ജിനില്‍ ഇന്ധനമായി ജ്വലിപ്പിക്കുന്നത്‌. അതിനാല്‍ ഇന്ന്‌ രാവിലെ 9.00 ന്‌ ഇന്ധനം ക്രയോജനിക്ക്‌ എന്‍ഞ്ചിനില്‍ നിറക്കപ്പെടും. അവസാനമായി റോക്കറ്റിന്റെ ആരോഗ്യവും, സുരക്ഷയും കാലാവസ്ഥയെ കുറിച്ചും പഠനം നടത്തും.

ജിഎസ്‌എല്‍വി ഡി-അഞ്ചില്‍ പണം നല്‍കി വഹിക്കുന്ന സാമഗ്രിരികള്‍ മൂന്നു ടണ്ണോളം വരും. ഭാവിയില്‍ വാര്‍ത്താ വിനിമയ രംഗത്തും ശാസ്ത്ര രംഗത്തും പുത്തന്‍ ഉണര്‍വേകാന്‍ ഈ വിക്ഷേപണത്തിനു സാധിക്കുമെന്ന്‌ ഐഎസ്‌അര്‍ഒയുടെ ചെയര്‍മാനും സീനിയര്‍ ഗവേഷകനുമായ കെ രാധാകൃഷ്ണന്‍ അറിയിച്ചു. 414 ടണ്‍ ഭാരമാണ്‌ ജിഎസ്‌എല്‍വി ഡി-അഞ്ചിന്‌ ഉള്ളത്‌.

1994 മുതല്‍ 2009 ആഗസ്റ്റിലെ ചന്ദ്രയാന്‍ ഒന്ന്‌ വരെ പിഎസ്‌എല്‍വിയില്‍ തുര്‍ച്ചയായി 23 വിജയകരമായ വിക്ഷേപണങ്ങളാണ്‌ ഇന്ത്യ നടത്തിയത്‌. ഐഎസ്‌അര്‍ഒ വികസിപ്പിച്ചെടുത്ത ജിഎസ്‌എല്‍വി ഡി-അഞ്ചിന്റെ വിക്ഷേപണം വിജയകരമായാല്‍ യുഎസ്‌, ചൈനാ, ജപ്പാന്‍, റഷ്യ, യൂറോപ്യന്‍ സ്പെയ്സ്‌ ഏജന്‍സി തുടങ്ങിയവരെ പിന്നിലാക്കുന്ന പ്രകടനമായിരിക്കും ഇന്ത്യയുടേത്‌.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by