കാസര്‍കോട്: ശ്മശാനത്തിണ്റ്റെ പേരില്‍ കാസര്‍കോട് നഗരസഭയുടെ വാന്‍ തട്ടിപ്പ്. നഗരസഭയില്‍ ഭൂരിപക്ഷ സമുദായത്തിനായി രണ്ടുപൊതുശ്മശാനങ്ങളാണ് ഉള്ളത്. പള്ളം, ചെന്നിക്കര തുടങ്ങിയ സ്ഥലങ്ങളിലാണിവ. അന്‍പത് വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് കാസര്‍കോട് നഗരത്തോട് ചേര്‍ന്നുകിടക്കുന്ന പള്ളം ശ്മശാനം. ഇന്ന് ശ്മശാനം ശോചനീയാവസ്ഥയിലാണ്. മൃതദേഹം ദഹിപ്പിക്കുന്നതിനുവേണ്ടി നിര്‍മ്മിച്ച രണ്ടു ചേമ്പറുകളില്‍ ഒന്ന് പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. മൃതദേഹം ദഹിപ്പിക്കണമെങ്കില്‍ കല്ലുകളും മരക്കഷണങ്ങളും വെച്ച് താങ്ങി നിര്‍ത്തേണ്ട അവസ്ഥയാണുള്ളത്. മൃതദേഹം ദഹിപ്പിക്കുന്നതിനിടയില്‍ മറിഞ്ഞുവീണ സംഭവം വരെ ഉണ്ടായിട്ടുണ്ട്. ഇരുമ്പുഷീറ്റുകള്‍ ഉപയോഗിച്ചാണ് മേല്‍ക്കൂര നിര്‍മ്മിച്ചിട്ടുള്ളത്. കാലപ്പഴക്കം കാരണം പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നു. ശക്തമായ കാറ്റില്‍ ഷീറ്റുകളെലാം തകര്‍ന്നു. മഴവെള്ളം മുഴുവനായും മൃതദേഹം ദഹിപ്പിക്കുന്ന ചേമ്പറില്‍ വീഴുകയാണ്. അതിനാല്‍ മഴക്കാലത്ത് മൃതദേഹം ദഹിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ പ്ളാണ്റ്റ് ഫണ്ടില്‍ 14 ലക്ഷം രൂപയാണ് നഗരസഭ ശ്മശാന നവീകരണത്തിന് വകയിരുത്തിയത്. അതുപയോഗിച്ച് ഒരു ചേമ്പറും ഇരിക്കാനുള്ള ഷീറ്റും നിര്‍മ്മിച്ചു. തുച്ഛമായ ചെലവ് മാത്രമാണ് അതിനുചെലവായിട്ടുണ്ടാവുക എന്നുള്ളത് ഏതൊരാള്‍ക്കും പ്രത്യക്ഷത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. ഈ വര്‍ഷത്തെ ബജറ്റിലും 10 ലക്ഷത്തോളം രൂപയുടെ പ്രവൃത്തികള്‍ക്കാണ് രൂപം കൊടുത്തിട്ടുള്ളത്. ബജറ്റില്‍ വകയിരുത്തി മാസങ്ങള്‍ പിന്നിട്ടിട്ടും ടെണ്ടര്‍ നടപടികള്‍ ഇതുവരെ ആയിട്ടില്ല. നിലവിലുള്ള ചുറ്റുമതില്‍ പൊളിച്ച് പുതിയവ നിര്‍മ്മിക്കാനും നിലം ഇണ്റ്റര്‍ലോക്ക് ചെയ്യാനുമാണ് പദ്ധതിയെന്നാണ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ ബജറ്റിലെ പണം പൂര്‍ണ്ണമായും ചിലവഴിച്ചുവെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അറ്റകുറ്റപ്പണിയും നവീകരണവും എന്ന പേരിലാണ് വീണ്ടും ലക്ഷങ്ങള്‍ വകയിരുത്തിയിരിക്കുന്നത്. പണം തട്ടാനുള്ള ഉപാധി മാത്രമാണ് നഗരസഭയ്‌ക്ക് പള്ളം ശ്മശാനം. ഭൂരിപക്ഷ സമുദായത്തിണ്റ്റേത് എന്നുള്ള ഒറ്റ കാരണത്താലാണ് നഗരസഭ ഈ അവഗണന കാണിക്കുന്നത്. ചെന്നിക്കരയിലുള്ള ശ്മശാനത്തിണ്റ്റേയും സ്ഥിതി മറിച്ചല്ല. വിറക് ഉപയോഗിച്ച് ദഹിപ്പിക്കുകയും നേരിട്ട് മറവ് ചെയ്യുന്ന രീതിയാണ് ഇപ്പോള്‍ തുടര്‍ന്നുപോകുന്നത്. ഗ്യാസ് ഉപയോഗിച്ചുള്ള ആധുനിക സംവിധാനങ്ങള്‍ ഒരുക്കുമെന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്. നിര്‍മ്മാണം ഇപ്പോഴും പാതി വഴിയിലാണ്.
















