കൊല്ലം: സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികളേയും വിദ്യാര്‍ഥി പോലീസ് സംവിധാനത്തിന്റെ കീഴില്‍ കൊണ്ടുവരാന്‍ പദ്ധതിയാവിഷ്ക്കരിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് പദ്ധതി മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കൊല്ലം ആശ്രാമത്ത് നടന്ന പരിപാടിയില്‍ സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ രാഷ്‌ട്രപതിമാര്‍ പ്രശംസിച്ച വിദ്യാര്‍ഥി പോലീസ് സംവിധാനം കേരളത്തിന്റെ സംഭാവനയാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ ഈ പദ്ധതി ഏറ്റെടുക്കാന്‍ തയ്യാറാവുന്നത് നമ്മുടെ പ്രവര്‍ത്തനമികവിനുള്ള അംഗീകാരമാണ്. ഗ്രെയിസ് മാര്‍ക്കിന് പുറമേ മറ്റാനുകൂല്യങ്ങളും വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്. വിദ്യാര്‍ഥികളില്‍ അര്‍പ്പണബോധവും സേവനസന്നദ്ധതയും വളര്‍ത്തിയെടുക്കാന്‍ വിദ്യാര്‍ഥി പോലീസ് സംവിധാനം കൊണ്ട് സാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്റ്റുഡന്റ്സ് പോലീസ് കേഡറ്റിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ച മന്ത്രി പ്ലാറ്റൂണ്‍ കാപ്റ്റന്‍മാര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിദ്യാര്‍ഥി പൊലീസ് നടത്തിയ വര്‍ണാഭമായ പരേഡ് ഏറെ ശ്രദ്ധയമായി. ജില്ലാ കളക്ടര്‍ ബി.മോഹനന്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ദേബേഷ് കുമാര്‍ ബെഹ്‌റ, മുന്‍മന്ത്രി സി.വി.പത്മരാജന്‍, മുന്‍ എംഎല്‍എ പ്രതാപവര്‍മ തമ്പാന്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ടൗണ്‍ ഹാളില്‍ നടന്ന പൊതുസമ്മേളനത്തില്‍ നോഡല്‍ ഓഫീസര്‍ പി.വിജയന്‍ കേക്ക് മുറിച്ച് ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് സാംസ്കാരിക പരിപാടികളും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: